ചെന്നൈ: തെന്നിന്ത്യൻ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം മഹാനടി തീയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. അതേ സമയം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുൽഖറിനേയും കീർത്തി സുരേഷിനേയും പ്രകാശ് രാജ് അഭിനന്ദിച്ചു.

മികച്ചൊരു ബയോപികാണ് മഹാനടി. പണ്ടത്തെ കാലത്തെ സിനിമയെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന അവരോട് തനിക്ക് ബഹുമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

അവരുടെ ചിന്തഗതിയെ കുറിച്ച് മനസിലാക്കാനും, അവർക്കിടയിലുള്ള ബന്ധങ്ങൾ, വ്യക്തിപരമായി അവരുടെ തിരഞ്ഞെടുപ്പ് എന്നിവയെ കുറിച്ച് അറിയാൻ ശ്രമിക്കുക എന്നത് വലിയ കാര്യമാണ്. അതിനാൽ തന്നെ ഈ ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിന് ദുൽഖറിനേയും കീർത്തിയേയും താൻ അഭിനന്ദിക്കുകയാണെന്നു പ്രകാശ് രാജ് പറഞ്ഞു.

ജമിനി ഗണേശന്റെയും സാവിത്രിയുടേയും കഥ പറയുന്ന ചിത്രമാണിത്. ഒരു തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാവ് ചക്രപാണിയുടെ വേഷത്തിൽ പ്രകാശ് രാജും ചിത്രത്തിൽ എത്തുന്നുണ്ട്.

ചിത്രം മാർച്ച് 30ന് റിലീസ് ചെയ്യാനാണിരുന്നത്. എന്നാൽ വി.എഫ്.എക്‌സ് ജോലികൾ പൂർത്തിയാവുനുള്ളതിനാൽ മെയ്‌ ഒന്പതിന് മാത്രമെ ചിത്രം തീയേറ്ററുകളിൽ എത്തൂ എന്നാണ് പുതിയ വിവരം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തെലുങ്ക് നടിയും സംവിധായികയും എഴുത്തുകാരിയും നിർമ്മാതാവുമായിരുന്ന ഭാനുമതിയുടെ വേഷത്തിലാണ് അനുഷ്‌ക എത്തുക.

നടൻ ജെമിനി ഗണേശനായി ദുൽഖർ എത്തുന്‌പോൾ ഭാര്യയായ സാവിത്രിയുടെ വേഷമാണ് കീർത്തിയുടേത്. സാവിത്രിയുമായുള്ള ജമനി ഗണേശന്റെ വിവാഹം മൂന്ന് വർഷത്തോളം രഹസ്യമാക്കി വച്ചിരുന്നു. തമിഴ് സിനിമയിലെ കാതൽ മന്നൻ എന്നാണ് ജമിനി ഗണേശനെ വിശേഷിപ്പിക്കുന്നത്.20 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്.