ബംഗളൂരു:മഹാദായിയിൽ നിന്നുള്ള ജലത്തിന് കന്നടക്കാർക്കും അവകാശമുണ്ടെന്ന് നടൻ പ്രകാശ് രാജ്. മഹാദായി വിഷയം രാഷ്ട്രീയവത്കരിക്കുന്നത് പാർട്ടികൾ അവസാനിപ്പിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.മഹാദായി നദിയിലെ ജലത്തിനായി ഗാവയുമായാണ് കർണാടകത്തിന്റെ തർക്കം.

'' മഹാദായി നദീജല തർക്കം രാഷ്ട്രീയ വത്കരിക്കുന്നത് അവസാനിപ്പിക്കാൻ പാർട്ടികൾ തയാറാകണം. കന്നടക്കാർക്കും കലസാ ബാന്ദുരി വഴി ഒഴുന്ന നദീജലത്തിൽ അവകാശമുണ്ട്. ജനാധിപത്യത്തിൽ ഒരു പാർട്ടി അധികാരത്തിലെത്തിയാൽ, അത് ഒരു രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറം, രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാകണം. കേന്ദ്രത്തിലും അയൽസംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പാർട്ടിയായ തങ്ങൾക്ക്, കർണാടകത്തിലേക്ക് ജലമെത്തിക്കാനാകുമെന്ന് രാഷ്ട്രീയവത്കരിച്ചു പറയുന്നത് വിഢിത്തമാണ്. ഇത് ജനങ്ങളുടെ പ്രതിഷേധമാണ്. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേൽ രാഷ്ട്രീയം കളിക്കരുത്. പ്രക്ഷോഭത്തിൽ ജനങ്ങൾക്കൊപ്പമാണ്''- ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ പ്രകാശ് രാജ് വിശദീകരിക്കുന്നു.

തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും പറയാനുള്ളത് ഇതാണ്, നിങ്ങളുടെ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ മാറ്റിവെച്ച്, വോട്ട് ലഭിക്കാൻ നടത്തുന്ന ശ്രമങ്ങൾ മാറ്റിവെച്ച്, ജനങ്ങളുടെ അവകാശത്തിനു വേണ്ടി എല്ലാവരും ഒരുമിക്കണമെന്നും ഒരുമയോടെ നിന്ന് പോരാടി പ്രശ്‌ന പരിഹാരം കാണാണമെന്നും പ്രകാശ് രാജ് ആവശ്യപ്പെടുന്നു.