ബിജെപിയെയും നരേന്ദ്ര മോദിയെയും കണക്കറ്റ് വിമർശിക്കുന്നതിലും പരിഹസിക്കുന്നതിലും ഒരു മടിയും കാണിക്കാത്ത ഒരാളാണ് നടൻ പ്രകാശ് രാജ് അത് പല തവണ തെളിയിച്ചിട്ടുമുണ്ട്. ഇത്തവണ യെദിയൂരപ്പയുടെ രാജിയെ കളിയാക്കിയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കർണാടക കാവിയണിയാൻ പോകുന്നില്ല, വർണശബളമായി തന്നെ തുടരും.' എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. കളി തുടങ്ങും മുന്നേ അവസാനിച്ചു. '56' ന് 55 മണിക്കൂർ പിടിച്ചുനിൽക്കാനായില്ലെന്നത് മറന്നേയ്ക്കൂ. തമാശയ്ക്കപ്പുറം കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ നേരിടാൻ തയ്യാറാകുക. ഇനിയും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ട്വീറ്റിൽ പ്രകാശ് രാജ് പറയുന്നു.

പ്രകാശ് രാജ് 'ജസ്റ്റ് ആസ്‌കിങ്' എന്ന ക്യാംപെയിന്റെ ഭാഗമായി നേരത്തെയും ബി ജെപിയെയും കേന്ദ്ര സർക്കാരിനെയും മോദിയെയും അഴിമതിയുടെയും മതഭീകരവാദത്തിന്റേയും പേരിൽ രൂക്ഷമായി വിമർശിച്ചിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയും, കോൺഗ്രസ്-ജെഡിഎസ് സഖ്യവും നെട്ടോട്ടമോടുന്നതിനെയും പ്രകാശ് രാജ് പരിഹസിച്ചിരുന്നു. കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ്-ജെഡിഎസ് പാർട്ടികൾ എംഎൽഎമാരെ ഒന്നടങ്കം വിവിധ റിസോർട്ടുകളിലേക്ക് മാറ്റിയ നീക്കത്തെ പരിഹസിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 116 എംഎൽഎമാർ അവരുടെ കൈവശമുണ്ടെന്നതാണു കാരണം. കളി ഇപ്പോൾ തുറന്നിരിക്കുകയാണ്.  എല്ലാവരും രാഷ്ട്രീയത്തിൽ 'റിസോർട്ട്' കളിക്കുകയാണെന്നും പ്രകാശ് രാജ് പരിഹസിച്ചിരുന്നു.

മുപ്പത് ശതമാനം വോട്ട് നേടി മാത്രം അധികാരത്തിൽ വന്ന ചില വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും പ്രകാശ് രാജ് കേരളത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കവെ പരിഹസിച്ചതും വിവാദമായിരുന്നു.