- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഗുരുവിൽ നിന്നും നേരിട്ട് ദീക്ഷ സ്വീകരിച്ചു; ജീവിതം മുഴുവൻ മുറുകെ പിടിച്ചത് ഗുരുവിന്റെ ദർശനങ്ങൾ; ശിവഗിരി ബ്രഹ്‌മ വിദ്യാലയം സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി;കേരളത്തിലെ തലമുതിർന്ന സന്യാസി ശ്രേഷഠൻ വിടവാങ്ങുമ്പോൾ

തിരുവനന്തപുരം: പിറവന്തൂർ കളത്താരടി തറവാട്ടിലെ കുമാരൻ എന്ന യുവാവിനെ കുട്ടിക്കാലം തൊട്ടേ ഏറ്റവും കൂടുതൽ സ്വാധിനിച്ച വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുവിന്റെത്. വളരുന്നതിനനുസരിച്ച് ഈ ആഭിമുഖ്യം കുടുകയും ചെയ്തു. അങ്ങിനെയാണ് സന്യാസ ജീവിതം എന്ന ലക്ഷ്യവുമായി ഗുരവിന്റെ പാത പിന്തുടരണമെന്ന് ഉദ്ദേശത്തോടെ തന്റെ ഇരുപത്തി മൂന്നാം വയസ്സിൽ ശിവഗിരിയിലെത്തുന്നത്.ഇവിടെ വച്ച് കുമാരൻ എന്ന പേര് മാറ്റി പ്രകാശാനന്ദായായി.
അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് ആധ്യാത്മിക പഠനം തുടങ്ങിയത്. വേദപഠനം പൂർത്തിയാക്കിയ ശേഷം 35 മത്തെ വയസ്സിൽ ശ്രീനാരായണ ഗുരുവിൽ നിന്ന് തന്നെ നേരിട്ട് ദീക്ഷ സ്വീകരിച്ചു.തുടർന്നുള്ള ജീവിതം ഗുരുദേവൻ കാട്ടിക്കൊടുത്ത വഴിയിലുടെ തന്നെയായിരുന്നു.ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. 1995-97 കാലഘട്ടത്തിലും 2006 മുതൽ 2016വരെയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറൽ സെക്രട്ടറിയായി.
വർക്കല ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ചയാളായിരുന്നു അദ്ദേഹം. പ്രകാശാനന്ദ പ്രസിഡന്റായി ഇരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്‌മ വിദ്യാലയം സ്ഥാപിച്ചത്.കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്ഠന്മാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ.
പ്രകാശാനന്ദയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ അനുശോചനം അറിയിച്ച് പ്രമുഖർ. ശ്രീനാരായണ പൈതൃകത്തിന്റെ വർത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്റെ സങ്കൽപ്പത്തെ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വർക്കല ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗം ഈ സമൂഹത്തിലെ ആത്മീയരംഗത്തു വലിയ വിടവാണ് ഉണ്ടാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുരുവിന്റെ ദർശനങ്ങളുടെ അടിയുറച്ച വിശ്വാസിയും പ്രചാരകനുമായിരുന്നു അദ്ദേഹം. മതങ്ങൾക്ക് പുറത്തേക്കു ആത്മീയതയെ പ്രതിഷ്ഠിക്കുന്നതിനും ഈ സമൂഹത്തിലെ പല അനാചാരങ്ങൾക്കുമെതിരെ ഉറച്ച ശബ്ദവും ആയിരുന്നു അദ്ദേഹം. ജീവിത ശൈലി കൊണ്ടും ഒരു മാതൃകയായിരുന്നു സ്വാമി പ്രകാശാനന്ദ. ആത്മീയതയിൽ അടിയുറച്ചു നിന്ന് ശ്രീനാരായണീയ പ്രസ്ഥാനത്തിന് കരുത്തു പകർന്ന അദ്ദേഹത്തിന്റെ സമാധി വലിയ ഒരു ശൂന്യതയാണ് ഉണ്ടാക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിലും പരപ്പിലും അറിവുണ്ടായിരുന്ന ജ്ഞാനിയുടെ വിടവാങ്ങൽ ഭാരതത്തിന് തീരാനഷ്ടമാണ്. ശിവഗിരിയെ ഗുരുധർമ്മത്തിൽനിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയ മഹാവ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ.ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന അദ്ദേഹം എന്നും സാമൂഹിക പ്രതിബദ്ധത മുറുകെ പിടിച്ച ആത്മീയാചാര്യൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ശ്രീനാരായണ പാദങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സ്വാമിയുടെ ദേഹവിയോഗത്തിൽ ശിവഗിരി ആശ്രമത്തിന്റെയും മുഴുവൻ ശ്രീനാരായണീയരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
ദീർഘകാലം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആത്മീയ നേതാവിനെയാണ് സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തും. രണ്ട് വർഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളേത്തുടർന്ന് വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ. ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തും


