- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൊന്നത് കാമുകിക്കൊപ്പം ജീവിക്കാനെന്ന് വെളിപ്പെടുത്തൽ; പ്രമീളയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം പുഴയിൽ തള്ളിയെന്ന് വെളിപ്പെടുത്തിയത് തളിപ്പറമ്പ് സ്വദേശി സെൽജോ; രണ്ട് വർഷമായിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല; കാത്തിരുന്നു മക്കൾ
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പ്രതി വെളിപ്പെടുത്തി രണ്ട് വർഷമായിട്ടും മൃതദേഹം ലഭിക്കാത്തതിനാൽ കേസ് ഇഴഞ്ഞു നീങ്ങുന്നു. കൊല്ലം സ്വദേശിനിയായ പ്രമീളയെ ഭർത്താവ് കണ്ണൂർ സ്വദേശി സെൽജോ കൊലപ്പെടുത്തിയ കേസിലാണ് പ്രമീളയുടെ മൃതദേഹം കണ്ടെത്താനാകാത്തത്. മൃതദേഹം കാസർകോട് ചന്ദ്രഗിരിപ്പുഴയിൽ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയായ ഭർത്താവ് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയപ്പോഴും മൃതദേഹം കണ്ടെത്താൻ സാധിക്കാതെ വരികയയിരുന്നു.
കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന കൊല്ലം സ്വദേശിനി പ്രമീളയെ 2019 സെപ്റ്റംബർ 19നാണ് ഭർത്താവ് കൊലപ്പെടുത്തിയത്. പ്രമീളയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം പുഴയിൽ തള്ളിയെന്നായിരുന്നു കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സെൽജോയുടെ മൊഴി. കാമുകിയ്ക്കൊപ്പം താമസിക്കാൻ വേണ്ടിയായിരുന്നു ഭർത്താവ് പ്രമീളയെ കൊലപ്പെടുത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സെൽജോയ്ക്ക് ഇടുക്കി സ്വദേശിനിയുമായി ഉണ്ടായിരുന്ന അടുപ്പം പ്രമീള ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യയെ ഒഴിവാക്കിയശേഷം കാമുകിയോടൊപ്പം കഴിയാനായിരുന്നു സെൽജോ പദ്ധതിയിട്ടത്. പക്ഷേ കൊലപാതകത്തിന് ശേഷം കാമുകിക്ക് അയച്ച സന്ദേശമൊക്കെ പിന്നീട് കേസിൽ നിർണായകമായി.
സെൽജോയുടെ മൊഴി പ്രകാരം കാസർകോട് ചന്ദ്രഗിരിപ്പുഴയിൽ 2019 ഒക്ടോബർ പത്തിന് മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീടിതുവരെ യാതൊരു അന്വേഷണവും ഇല്ലാതെയായി. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടും ഒന്നു ംസംഭവിച്ചില്ല.
അതേസമയം ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാനാകാതെയുള്ള കാത്തിരിപ്പിലാണ് പ്രമീളയുടെ കുടുംബം. സെൽജോ പ്രമീള ദമ്പതികളുടെ ഒൻപതും ഏഴും വയസുമുള്ള കുട്ടികളിപ്പോൾ പ്രമീളയുടെ സഹോദരിയുടെ സംരക്ഷണയിലാണ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് സഹായമൊന്നും ലഭിച്ചിട്ടുമില്ല. പ്രമീളയുടെ മൃതദേഹം ലഭിക്കാത്തതിനാൽ സർക്കാർ സഹായം ലഭിക്കുന്നതും തടസമായി.
ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ സെൽജോയുടെ പെരുമാറ്റത്തിൽ സംശയം തോന്നി, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അന്ന് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രണയിച്ച് വിവാഹിതരായ സെൽജോയും പ്രമീളയും വിദ്യാനഗറിലെ വാടക വീട്ടിലായിരുന്നു താമസം.
മറുനാടന് മലയാളി ബ്യൂറോ