തിരുവനന്തപുരം: കേരളാ നിയമസഭയിൽ ഇന്നലെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ പ്രതിപക്ഷ ബഹളത്തെ ന്യായീകരിച്ചും അല്ലാതെയും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഇപ്പോഴും തുടരുകയായിരുന്നു. ബാർകോഴ കേസിലെ ഒന്നാം പ്രതിയായ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. നിയമസഭയിലെ വിഷയങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ചാനലുകൾക്കിടയിലും പക്ഷപാതുമുണ്ടായിരുന്നു. റിപ്പോർട്ടർ ചാനൽ ഭരണപക്ഷത്തെ എതിർത്ത് രംഗത്തെത്തിയപ്പോൾ മനോരമ ചാനൽ പ്രതിപക്ഷത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു. പ്രതിപക്ഷം ചെയ്തത് മഹാ അപരാധം എന്ന വിധത്തിലായിരുന്നു മനോരമ ചാനലിന്റെ അവതരണം.

ഇന്നലെ നടന്ന ചർച്ചകളിലെല്ലാം മാണിയെ സംരക്ഷിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും മനോരമ തങ്ങളുടെ വലതുപക്ഷ നിലപാട് വ്യക്തമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിപക്ഷ നടപടിയെ ന്യായീകരിച്ചാണ് മനോരമ ചാനലിന്റ കോ - ഓർഡിനേറ്റിങ് എഡിറ്റർ പ്രമോദ് രാമൻ രംഗത്തെത്തിയത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായപ്രകടനം രേഖപ്പെടുത്തിയത്. കേരള നിയമസഭയ്ക്ക് മുഴുവൻ നാണക്കേട് ആയി പ്രതിപക്ഷ നടപടിയെന്ന വിമർശനം ഉയരുന്നതിനിടെയാണ് പ്രമോദ് രാമന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധ നേടിയത്.

സഭയിൽ നടന്നത് നാണക്കേട് അല്ലെന്ന നിലപാടാണ് പ്രമോദ് രാമന്. കക്കുന്നവന്റെ മുഖത്ത് മൂന്നും കൂട്ടിയൊന്നു പൊട്ടിക്കാൻ ജനത്തിന്റെ കൈ തരിക്കുന്നത് ജനാധിപത്യത്തിന് ജീവനാഡി ഉള്ളതുകൊണ്ടാണ്. അതിൽ എന്തിനാണ് നാണിക്കുന്നത് എന്നാണ് പ്രമോദ് രാമന്റെ ചോദ്യം. ഇതേക്കുറിച്ച് പ്രമോദ് രാമൻ ഫേസ്‌ബുക്കിൽ രേഖപ്പെടുത്തിയത് ഇങ്ങനെ:

നാണക്കേട് ആണത്രേ! മന്ത്രിമാർ അണ പൈ കണക്കിൽ കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ അതിനെക്കാൾ വലിയ നാണക്കേടൊന്നും നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം ഗർജിച്ചപ്പോൾ അല്ലെങ്കിൽ suicide squad പോലെ പൊട്ടിത്തെറിച്ചപ്പോൾ എന്റെ ജനാധിപത്യ സങ്കല്പത്തിന് ഉണ്ടായില്ല. കക്കുന്നവന്റെ മുഖത്ത് മൂന്നും കൂട്ടിയൊന്നു പൊട്ടിക്കാൻ ജനത്തിന്റെ കൈ തരിക്കുന്നത് ജനാധിപത്യത്തിന് ജീവനാഡി ഉള്ളതുകൊണ്ടാണ്. അതിൽ ലജ്ജ തോന്നേണ്ടത് ആർക്കാണ്?

അതേസമയം ഇടതുവിരുദ്ധ നിലപാട് സ്വീകരിക്കുന്ന മനോരമ ചാനലിന്റെ കോ- ഓർഡിനേറ്റർ തസ്തികയിലുള്ള വ്യക്തിയുടെ അഭിപ്രായപ്രകടനം ഫേസ്‌ബുക്കിൽ ചൂടേറിയ ചർച്ചക്കും ഇടയാക്കി. ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മനോരമയുടെ നിലപാടിനെ ചിലർ ചോദ്യം ചെയ്തു. പ്രമോദ് രാമന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെയും എതിർത്തുകൊണ്ടുള്ള നിരവധി കമന്റുകളും ഫേസ്‌ബുക്കിലുണ്ട്. പ്രതിപക്ഷ അനുകൂല നിലപാടുള്ളവർ അവതാരകന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുമ്പോഴും ഫേസ്‌ബുക്കിലെ അഭിപ്രായ ഇടം തന്റെ വ്യക്തിപരമായ നിലപാടാണെന്നും ജോലിയുമായി കൂട്ടിക്കുഴക്കേണ്ടെന്ന പക്ഷക്കാരനുമാണ് പ്രമോദ് രാമൻ.