തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്തരിച്ച പ്രാൺ കുറുപ്പ്(49) അമേരിക്കയിലെ സിലിക്കൺ വാലിയിലെ പ്രമുഖ സംരംഭകനും എഴുത്തുകാരനും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സുഹൃത്തായ പ്രാൺ കുറുപ്പ് ആംആദ്മിയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. കെജ്രിവാളിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിലും പ്രാൺ കുറുപ്പ് എന്നും ഒപ്പം നിന്നു.

സിലിക്കൺ വാലിയിൽ വൈറ്റലറ്റിക് ടെക്‌നോളജീസ് എന്ന ഇലേണിങ് സ്ഥാപനം നടത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഐ.ഐ.ടി.യിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹപാഠിയായിരുന്നു. 'അരവിന്ദ് കെജ്രിവാൾ ആൻഡ് ദ ആം ആദ്മി പാർട്ടിആൻ ഇൻസൈഡ് ലുക്ക്' എന്ന പ്രാണിന്റെ പുസ്തകം അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. 'ലോജിക് സിന്തസിസ് യൂസിങ് സിനപ്‌സിസ്' അടക്കം രണ്ടു സാങ്കേതിക പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആം ആദ്മി പാർട്ടി തുടങ്ങാൻ കെജ്രിവാൾ ആദ്യം മനസ്സിൽ കണ്ടത് പ്രാൺ കുറുപ്പിനെയാണ്. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാൺ കുറുപ്പുമായി നടത്തി. എന്നാൽ രാഷ്ട്രീയത്തോട് താൽപ്പര്യമില്ലാത്ത സുഹൃത്ത് ധാർമിക പിന്തുണയുമായി കെജ്രിവാളിന് ഒപ്പം നിന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ 'സ്റ്റാർട്ട് അപ്' എന്നായിരുന്നു ആംആദ്മിയെ പ്രാൺ വിശേഷിപ്പിച്ചത്. പുസ്തകമായ 'അരവിന്ദ് കെജ്രിവാൾ ആൻഡ് ദി ആം ആദ്മി പാർട്ടി: ആൻ ഇൻസൈഡ് ലുക്ക്' എന്ന പുസ്തകത്തിലാണ് പ്രാൺ ഈ പരാമർശം നടത്തിയത്. ഖൊരഖ്പൂർ ഐഐടിയിലാണ് കെജ്രിവാളും പ്രാൺകുറുപ്പും സഹപാഠികളായത്. തനിക്ക് വളരെ അടുത്തറിയാവുന്ന കെജ്രിവാളിനെ കുറിച്ചും ആം ആദ്മി പാർട്ടിയുടെ നിലനിൽപ്പിനെ കുറിച്ചുമെല്ലാം പ്രാൺ വിശദമായി തന്നെ പുസ്തകത്തിൽ പറഞ്ഞിരുന്നു.

പ്രമുഖ വ്യവസായി പരേതനായ കെ.പി.പി.നമ്പ്യാരുടെ അനന്തരവനാണ് പ്രാൺ കുറുപ്പ്. കണ്ണൂർ കോടിയേരി പരേതനായ കൊളപ്രത്ത് മാധവക്കുറുപ്പിന്റെയും കല്യാശ്ശേരി കുന്നത്തു പുതിയവീട്ടിൽ സരോജനിയുടെയും മകനാണ്. ഖരഖ്പുർ ഐ.ഐ.ടി.യിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് അമേരിക്കയിലെ മയാമി യൂണിവേഴ്‌സിറ്റിയിൽനിന്ന് റോബോട്ടിക്‌സിൽ എം.എസ്. ബിരുദവും നേടി. സിലിക്കൺ വാലി ഇന്ത്യൻ പ്രൊഫഷണൽ അസോസിയേഷൻ (എസ്.ഐ.പി.എ.) മുൻ പ്രസിഡന്റായിരുന്നു. കാലിഫോർണിയയിലെ സാന്റാ ക്ലാരാ ക്രിക്കറ്റ് ക്ലബ്ബിന്റെ താരവുമായിരുന്നു.

അമേരിക്കയിൽ ആർകിടെക്ടായ ഡോ. ലാച്മി ഖെംലാനിയാണ് ഭാര്യ. മക്കൾ: സരിഷ, സഹിൽ. സഹോദരങ്ങൾ: ഡോ. പുഷ്പാ കുറുപ്പ്, പ്രേംചന്ദ് കുറുപ്പ്. മെയ് മുതൽ അമ്മയ്ക്കും സഹോദരി ഡോ. പുഷ്പ കുറുപ്പിനുമൊപ്പം പ്രാൺ തിരുവനന്തപുരത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് ചാലക്കുഴി റോഡിലുള്ള നമ്പർ 23 സുനന്ദയിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ 1.30 വരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.

ശവസംസ്‌കാരം ഉച്ചയ്ക്കു രണ്ടുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. പ്രാൺ കുറുപ്പിന്റെ നിര്യാണത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന സമിതി അനുശോചിച്ചു.