ന്യൂഡൽഹി: രാഷ്ട്രപതിഭവനിൽ നിന്ന് പടിയിറങ്ങുന്ന അവസാന നാളിലാണ് പ്രണബ് മുഖർജിക്ക് ആ കത്ത് കിട്ടിയത്.അത് മറ്റാരുടേതുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. ഹൃദയം തൊടുന്ന ആ കത്താണ് ട്വിറ്ററിലൂടെ പ്രണബ് ദാ പങ്കുവച്ചത്.കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പ്രധാനമന്ത്രി പ്രണബിന് അയച്ച കത്തിൽ നിന്ന്....

'പ്രണബ് ദാ,

വ്യത്യസ്തമായ രണ്ട് രാഷ്ട്രീയ പാർട്ടികളിലൂടെയാണ് നമ്മുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. തീർത്തും വ്യത്യസ്തമായിരുന്നു നമ്മുടെ രാഷ്ട്രീയവിശ്വാസങ്ങൾ. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഭരണപരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാൽ അങ്ങേയ്ക്ക് പതിറ്റാണ്ടുകളായി ദേശീയരാഷ്ട്രീയത്തിൽ ഇടപെട്ട അനുഭവസമ്പത്തുണ്ടായിരുന്നു. പക്ഷേ അങ്ങയുടെ വിവേചനബുദ്ധിയുടേയും പ്രതിഭയുടേയും വെളിച്ചം കൊണ്ട് നമ്മുക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിച്ചു.

മൂന്നു വർഷം മുൻപ് പ്രധാനമന്ത്രിയായി ഡൽഹിയിലേക്ക് വരുമ്പോൾ ഞാൻ ഡൽഹിയിൽ തീർത്തും അപരിചിതനായിരുന്നു. എനിക്ക് മുന്നിലുണ്ടായിരുന്നതോ ഭാരിച്ച ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും. നിർണായകമായ ഈ ഘട്ടത്തിൽ അങ്ങെനിക്ക് പിതൃതുല്യനായ ഒരു മാർഗ്ഗദർശിയായിരുന്നു.... രക്ഷകർത്താവായിരുന്നു.

അറിവിന്റെ കലവറയാണ് അങ്ങെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ് . അങ്ങയുടെ ബുദ്ധിസാമർഥ്യം എന്നെയും എന്റെ സർക്കാരിനെയും എന്നും തുണച്ചിരുന്നു. എന്നോടെന്നും സ്നേഹവും കരുതലും കാണിച്ചിട്ടുണ്ട് താങ്കൾ. ദീർഘമായ യാത്രകൾക്കും, പ്രചരണപരിപാടികൾക്കും ശേഷം ഞാൻ തിരിച്ചെത്തുമ്പോൾ എന്റെ സുഖവിവരം അന്വേഷിച്ചു കൊണ്ടുള്ള താങ്കളുടെ ഫോൺ വിളികൾ, ''നിങ്ങൾ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടല്ലോ അല്ല.....'' എന്ന വാക്കുകൾ അതെല്ലാം എന്റെ ഹൃദയം നിറച്ച ഓർമ്മകളാണ്.

രാഷ്ട്രപതി ഭവനിൽ അങ്ങ് നടപ്പാക്കിയ പദ്ധതികളും പരിഷ്‌കാരങ്ങളും അഭിനന്ദാനർഹമാണ്. രാഷ്ട്രീയമെന്നത് നിസ്വാർഥമായ സാമൂഹ്യസേവനമാണെന്ന് കരുതുന്ന തലമുറയിൽപ്പെട്ടയാളാണ് താങ്കൾ. വിനയാന്വിതനും, അസാധാരണ നേതൃപാടവമുള്ള ഈ നേതാവിനെ ഓർത്ത് ഇന്ത്യ എന്നും അഭിമാനിക്കും. അങ്ങയുടെ ജീവിതം ഞങ്ങൾക്ക് വഴികാട്ടും. എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകണമെന്ന അങ്ങയുടെ കാഴ്‌ച്ചപ്പാടിൽ നിന്നു കൊണ്ട് ഞങ്ങൾ മുന്നോട്ട് പോകും.

ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന അങ്ങേയ്ക്ക് ഞാൻ എല്ലാ ആശംസകളും നേരുകയാണ്. താങ്കൾ നൽകിയ പിന്തുണയ്ക്കും പ്രൊത്സാഹനത്തിനും ഒരുപാട് നന്ദി, രാഷ്ട്രപതി ഭവനിലെ വിടവാങ്ങൽ പ്രസംഗത്തിൽ എന്നെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകൾക്കും കൃതജ്ഞത അറിയിക്കട്ടേ.

താങ്കൾക്കൊപ്പം ഒരു പ്രധാനമന്ത്രിയായി പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി ഞാൻ കാണുന്നു.... ജയ് ഹിന്ദ്.