ന്യൂഡൽഹി: എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം എന്നാണ് സർക്കാരിന്റെ മുദ്രാവാക്യമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി വ്യക്തമാക്കി. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ പരിഗണന. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. പാർലമെന്റ് നടപടികൾ തടസപ്പെടുത്തരുതെന്നും നയപ്രസംഗത്തിന്റെ അവസാന ഭാഗത്ത് രാഷ്ട്രപതി ആവശ്യപ്പെട്ടു.

പാവങ്ങളുടേയും കർഷകരുടേയും ക്ഷേമത്തിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതി വൻവിജയമായി. ദളിതർക്ക് എതിരെയുള്ള അക്രമം തടയുന്നതിനുള്ള നിയമം ശക്തിപ്പെടുത്തിയെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ദരിദ്രർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. യുവജനങ്ങളുടെയും കർഷകരുടെയും അഭിവയോധികിക്കും സർക്കാർ പ്രഥമ പരിഗണന നൽകും. യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. 2022 ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. പാവപ്പെട്ടവർക്കാർ സർക്കാർ രണ്ടു കോടി വീടുകൾ നിർമ്മിക്കുമെന്നും 4,25,000 വീടുകൾക്ക് അനുമതി നൽകിയതായും രാഷ്ട്രപതി പറഞ്ഞു.

മേക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ, മുദ്ര പദ്ധതികൾ വഴി യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും. രാജ്യത്തിന്റെ ശുചിത്വം വളരെ പ്രധാനമാണ്. വിദ്യാഭ്യാസത്തിനൊപ്പം രാജ്യത്തിന്റെ ശുചിത്വവും വളരെ പ്രധാനമാണ്. ജൻധൻ യോജന പദ്ധതി വളരെ വിജയമായി. അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ ഊന്നൽ നൽകുമെന്നും 7,200 കിലോമീറ്റർ ഹൈവേ ഇതിന്റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇതിനായി ചർച്ചകൾ തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നും രാഷ്ട്രപതി വിശദീകരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ

  • 2022നകം എല്ലാവർക്കും വീട്
  • പാവപ്പെട്ടവർക്ക് 2 കോടി വീടുകൾ
  • 4,25,000 വീടുകൾക്ക് അനുമതി നൽകിക്കഴിഞ്ഞു.
  • ജൻധൻ യോജന വൻവിജയം
  • ദാരിദ്ര്യരേഖക്ക് താഴെയുള്ള 30 ലക്ഷം കുടുംബങ്ങൾക്ക് പാചകവാതക സബസിഡി അനുവദിച്ചു
  • 2 ലക്ഷം പേരാണ് പാചകവാതക സബ്‌സിഡി വേണ്ടെന്ന് വച്ചത്.
  • വികസനവും ദാരിദ്യനിർമ്മാർജനവും സർക്കാരിന്റെ ലക്ഷ്യം
  • രാജ്യപുരോഗതിക്ക് കർഷകരുടെ ഉന്നമനം പ്രധാനം
  • സാമൂഹ്യ സുരക്ഷ പ്രധാന പരിഗണന
  • 32000 കോടി ജൻധൻ യോജനയിലൂടെ നടപ്പാക്കി
  • 4 ലക്ഷം വീട് യാഥാർത്ഥ്യമാക്കി
  • ശുചിത്വവും ആരോഗ്യവുമുള്ള ഇന്ത്യ പടുത്തുയർക്കുകയാണ് ലക്ഷ്യം.
  • വിദ്യാസമ്പന്നമായ രാജ്യം ലക്ഷ്യം
  • ഭക്ഷ്യ സുരക്ഷക്ക് സർക്കാർ പ്രാമുഖ്യം നൽകുന്നു.
  • രണ്ടാം ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കും
  • അഴിമതി ഇല്ലാതാക്കുന്നതിനുള്ള സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചു.
  • സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിശ്വാസം.
  • കഴിഞ്ഞ വർഷം 342 ക്യാമ്പുകളാണ് നടത്തിയത്.
  • അംഗപരിമിതികളുള്ള 1.7 ലക്ഷം ആളുകൾക്കിടയിൽ സുര്ക്ഷാഉപകരണങ്ങൾ വിതരണം ചെയ്തു.
  • 1957ലെ മൈൻസ് ആൻഡ് മിനറൽസ് ഡവലപ്പ്‌മെന്റ് റൈഗുലേഷൻസ് ആക്ടിൽ ഭേദഗതി വരുത്തി
  • സോളാർ ഊർജം ജനങ്ങളിലേക്കെത്തിച്ചു.
  • സുഗമ്യ ഭാരത് അഭിയാൻ ആരംഭിച്ചു.
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കി. ഇതുവഴി 76 ലക്ഷം ആളുകൾക്ക് പരിശീലനം നൽകി
  • നയി മൻസിൽ സ്‌കീം വഴി 20,000 മദ്രസ കുട്ടികൾക്ക് സ്‌കിൽ ട്രെയിനിങ് നൽകി
  • വരാണസിയും ജയ്പൂരും യുനസ്‌കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്കിൽ ഭാഗഭാക്കാകുന്ന ആദ്യ രണ്ട് ഇന്ത്യൻ നഗരങ്ങളായി
  • ബഹിരാകാശരംഗത്ത് കൂടുതൽ ഉയർച്ച ഇന്ത്യ ഈ വർഷം കൈവരിക്കുമെന്ന് പ്രതീക്ഷ
  • കള്ളപ്പണത്തിനെതിരെ സർക്കാർ കൈക്കൊണ്ട നടപടികൾ ഫലപ്രാപ്തിയിലെത്തുന്നു
  • 7200 കിലോമീറ്റർ ഹൈവേയുടെ പണി പൂർത്തിയാക്കി
  • സായുധസേനക്ക് ലോകത്തിലെ തന്നെ ഏറ്റവും ആധുനിക യുദ്ധോപകരണങ്ങൾ ഉറപ്പാക്കും.