ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വൃക്കകളുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡൽഹിയിലെ ആർമി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം ഇപ്പോഴും. അബോധാവസ്ഥയിൽ തുടരുകയാണെങ്കിലും രക്തസമ്മർദം, പൾസ് എന്നിവ സാധാരണ നിലയിലാണ്. ഓഗസ്റ്റ് 10ന് ‌ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡും സ്ഥിരീകരിച്ചിരുന്നു. പിന്നീട് ശ്വാസകോശത്തിൽ അണുബാധയും വൃക്കകൾക്കു തകരാറുമുണ്ടായി.

അതേസമയം, കോവിഡ് ചികിത്സയിലുള്ള ഗായകൻ എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. വെന്റിലേറ്റർ സഹായം നീക്കിയിട്ടില്ല. എക്മോ ചികിത്സയും തുടരുന്നു.ശരീരം അനക്കാതെ നൽകുന്ന പാസീവ് ഫിസിയോ തെറപ്പിയും ആരംഭിച്ചു. എസ്‌പിബി ബോധം വീണ്ടെടുത്തതായും ചികിത്സയോടു നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചു