- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജിയും തൃണമൂൽ കോൺഗ്രസിലേക്ക്?; കോൺഗ്രസ് വിടുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് അഭിജിത്ത്; ഇപ്പോൾ ഒരു പാർട്ടിയിലും ചേരാൻ പോകുന്നില്ലെന്ന് പ്രതികരണം
കൊൽക്കത്ത: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം അഭിജിത്ത് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ വാർത്തകൾ നിഷേധിച്ച് അഭിജിത്ത് മുഖർജി രംഗത്തെത്തി.
'ഞാൻ തൃണമൂൽ ഭവനിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ഇപ്പോൾ. ജംഗിപൂർ മണ്ഡലത്തിലാണ്. എന്നെ ഇപ്പോൾ ഇവിടെ നിന്ന് ആരെങ്കിലും ടെലിപോർട്ട് ചെയ്താൽ അല്ലാതെ ഞാൻ ഇപ്പോൾ ഒരു പാർട്ടിയിലും ചേരാൻ പോകുന്നില്ല,' എന്നാണ് അഭിജിത്ത് മുഖർജി പറഞ്ഞത്.
എന്നാൽ അഭിജിത്ത് തൃണമൂലിൽ ചേർന്നേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അഭിജിത്ത് മുഖർജി പാർട്ടി വിടുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള വാർത്തകൾ എല്ലാം തെറ്റാണെന്നായിരുന്നു അന്ന് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അഭിജിത്ത് മുഖർജി പറഞ്ഞത്.
'ഞാൻ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്,' എന്നാണ് ജൂണിൽ അദ്ദേഹം പി.ടി.ഐ.യോട് പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊൽക്കത്തയിൽ വെച്ച് തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ സന്ദർശിക്കുകയും ചെയ്തിരുന്നു.
ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ അഭിജിത്ത് മുഖർജി, സച്ചിൻ പൈലറ്റ് തുടങ്ങിയവർ കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ താൻ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് സച്ചിൻ പൈലറ്റ് പറഞ്ഞത്.
ജിതിൻ പ്രസാദയുമായി അടുത്ത ബന്ധമുള്ള നേതാവാണ് അഭിജിത്ത് മുഖർജി. ജംഗിപൂർ മണ്ഡലത്തിൽ നിന്നും രണ്ട് തവണ ലോക്സഭാംഗമായി അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്