കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഷൂട്ടിങ് തുടങ്ങി. മോഡലും നടനുമായ ടോണി ലൂക്ക് ആദിയിൽ വില്ലനാകുന്നുവെന്നാണ് സൂചന. ജീത്തു ജോസഫ് ഏറ്റവുമൊടുവിൽ സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ശക്തനായ വില്ലനായി ടോണി എത്തിയിരുന്നു. ആൻഡ്രൂസ് വിൽഫ്രഡ് മാർക്കോസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഈ സാഹചര്യത്തിലാണ് ടോണിയാണ് വില്ലനെന്ന അഭ്യൂഹം ശക്തമാകുന്നത്.

എന്നാൽ തന്റെ വേഷം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിടാൻ അനുവാദമില്ലെന്ന് ടോണി പറയുന്നു. ടോണിയുടെ മാത്രമല്ല, പ്രണവിന്റെ ഉൾപ്പടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും വേഷം സസ്പെൻസാണ്. ഏറ്റവുമൊടുവിൽ നിവിൻ പോളി നായകനായി എത്തിയ സഖാവ് എന്ന ചിത്രത്തിൽ എസ്റ്റേറ്റ് മാനേജരായും ടോണി എത്തി.

ടോണിക്ക് പുറമെ അതിഥി രവി, അനുശ്രീ, ലെന, സിജു വിൽസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കേരളത്തിലെയും ബെംഗലൂരുവിലെയും ഹൈദരാബാദിലെയും വിവിധ ഇടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുവരികയാണ്.