തിരുവനന്തപുരം: മലയാളം സിനിമയിൽ ഇപ്പോൾ താരപുത്രന്മാരുടെ സമയമാണ്. പൃഥ്വിരാജും ദുൽഖർ സൽമാനും നിറഞ്ഞാടുന്ന സിനിമയിലേക്ക് മറ്റൊരു താരപുത്രൻ കൂടി എത്തുകയാണ്. മറ്റാരുമല്ല, മലയാളത്തിലെ താരരാജാവിന്റെ പുത്രൻ പ്രണവ് മോഹൻലാലാണ് നായക വേഷത്തിൽ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഏറെക്കാലമായി മലയാളം സിനിമാലോകം കാത്തിരിക്കുന്നതാണ് ഈ ബിഗ് എൻട്രി. മമ്മൂട്ടിയുടെ പുത്രൻ ദുൽഖർ സൽമാൻ സിനിമയിൽ തന്റെ സ്ഥാനം ഇതിനോടകം തന്നെ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്. ബാലതാരമെന്ന നിലയിൽ തിളങ്ങിയ പ്രണവ് വീണ്ടും നായകനാകുമ്പോൾ താരസിംഹാസനത്തിലേക്കുള്ള ചുവടു വെപ്പാകുമോ എന്ന ചർച്ചകൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഈ ചോദ്യ വീണ്ടും ശക്തമായി ഉയരുകയാണ്.

മലയാളത്തിലെ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫിനൊപ്പമാണ് പ്രണവ് നായകനാകുന്നത്. ചിത്രത്തിന്റെ തുടക്കവും ഇട്ടു കഴിഞ്ഞു. തിരുവനന്തപുരം താജ് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പിതാവ് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ് പ്രണവിന്റെ ആദ്യ ചിത്രത്തിന്റെ പൂജയ്ക്ക് തുടക്കമായത്. ആദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റ മോഷൻ പോസ്റ്ററും ഇതോടൊപ്പം പുറത്തുവിട്ടു. ഏറെ ആകാംക്ഷകൾ നിറഞ്ഞ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. താരപുത്രന്റെ എൻട്രിയോടെ ആവേശത്തിലായിരിക്കുന്നത് മോഹൻലാൽ ആരാധകർ തന്നെയാണ്.

ജിത്തു ജോസഫിന്റെ സംവിധാന സഹായി എന്ന നിലയിൽ പ്രണവ് നേരത്തെ തന്നെ കളം നിറഞ്ഞിരുന്നു. അഭിനയത്തിലേക്കുള്ള ചുവടുവെപ്പിന് മുന്നോടിയായി സിനിമയെ അടുത്തറിയുക എന്നതായിരുന്നു പ്രണവിന്റെ ഉദ്ദേശ്യം. ഇങ്ങനെ സിനിമയെ പഠിച്ച ശേഷം തന്നെയാണ് പ്രണവ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഒടുവിൽ ജീത്തു ജോസഫ് ചിത്രത്തിലൂടെ തന്നെയാണ് പ്രണവും വെള്ളിത്തിരയിലേക്ക് എത്തുന്നത്. നായകനായെത്തുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിക്കുമ്പോൾ അനുഗ്രഹിക്കാൻ അച്ഛൻ മോഹൻലാലുമുണ്ടായിരുന്നു. ഒടിയന്റെ പൂജയും വെളിപാടിന്റെ പുസ്തകത്തിന്റെ ടീസർ പ്രകാശനവും ചടങ്ങിൽ നടന്നു.

മോഹൻലാൽ ചിത്രമായ ഒടിയനും, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ അരങ്ങേറ്റ ചിത്രത്തിന്റെയും ചിത്രീകരണം തിരുവനന്തപുരത്താണ് തുടങ്ങുക. ഒടിയൻ മോഷൻ പോസ്റ്റർ ഇന്നലെ പുറത്തുവന്നിരുന്നു. വി എ ശ്രീകുമാര മേനോൻ സംവിധാനം ചെയ്യുന്ന സിനിമ പ്രധാനമായും ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

2002ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹൻലാൽ അഭിനയ ജീവിതം തുടങ്ങിയത്. 2002ൽ തന്നെ മേജർരവി ചിത്രം പുനർജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്.

സാഗർ ഏലിയാസ് ജാക്കിയിലെ ഒരു ഗാനത്തിൽ മിന്നി മറയുന്ന കുഞ്ഞൻ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്. സിനിമ ലോകത്ത് നിന്നും പൂർണമായി മാറി നിന്ന പ്രണവ് തിരിച്ചെത്തിയത് സഹസംവിധായകനായിട്ടാണ്. ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.