കൊച്ചി: മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ മുംബൈ മലയാളി പ്രണവ് ശശിധരൻ ജേതാവായി. മെഗാ ഫിനാലെയിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചാണ് ഇതിനോടകം തന്നെ മലയാളികളുടെ പ്രിയപ്പെട്ട നർത്തകനായ പ്രണവ് അഭിമാന പൂർവ്വമായ നേട്ടം കൈവരിച്ചത്. ഫിദ അഷറഫിനാണു രണ്ടാം സ്ഥാനം. സനിയ അയ്യപ്പൻ മൂന്നാം സ്ഥാനം നേടി. അർജുൻ കൃഷ്ണൻ, എൻ.പി. സുഹൈദ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

തന്റെ പെർഫോമൻസുകളെല്ലാം സ്വയം സംവിധാനം ചെയ്ത് പലപ്പോഴും ഈ കലാകാരൻ വിധികർത്താക്കളെ പോലും വിസ്മയിപ്പിച്ചിരുന്നു. ഓരോ റൗണ്ടിലും തന്റേതായ എന്തെങ്കിലും കൊണ്ടായിരിക്കും പ്രണവ് വേദിയിലെത്തുക. നൃത്തത്തിലേയും അവതരണത്തിലേയും വേറിട്ട ചിന്താഗതികൾ പ്രണവിനെ മറ്റു മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തനാക്കി. താൻ അവതരിപ്പിക്കുന്ന ഓരോന്നിലും ഒരു പ്രണവ് ടച്ച് കൊണ്ടു വരാൻ ഈ കലാകാരൻ ശ്രമിച്ചിരുന്നു. ഗുരുക്കന്മാരില്ലാതെ നൃത്തം കണ്ടു പഠിച്ചും സ്വയം ചിട്ടപ്പെടുത്തിയും വേദി കീഴടക്കിയ പ്രകടനമായിരുന്നു പ്രണവിന്റേത്.

നൃത്തച്ചുവടുളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണവ് പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. കേരളത്തിൽ പത്തനംതിട്ടയാണ് സ്വദേശം. തനിച്ചൊരു മുറിയെടുത്തുകൊച്ചിയിലായിരുന്നു റിയാലിറ്റി ഷോ നടന്നിരുന്ന ഒമ്പത് മാസവും പ്രണവിന്റെ താമസം സ്വയം തരിച്ചരിയാനുള്ള അവസരമായിരുന്നു ഈ കലാകാരന് ഡിഫോർ ഡാൻസിന്റെ വേദി.

4 ഡാൻസിൽ വരുന്നതിനു മുമ്പും താൻ ഡാൻസ് പ്രോഗ്രം ചെയ്തിട്ടുണ്ട്. അന്നൊക്കെ സഹായിക്കാൻ കൂടെ നിൽക്കാൻ ആൾക്കാരുണ്ടായിരുന്നു. പക്ഷെ ഇതിൽ കൊറിയോഗ്രാഫി മുതൽ സ്റ്റേജിലെ അവസാന നിമിഷം വരെ നമ്മൾ എല്ലാം തന്നത്താൻ ചെയ്യണം.നമുക്ക് എന്തൊക്കെ സാധിക്കും എന്തൊക്കെ സാധിക്കില്ല എന്ന് തിരിച്ചറിയാനുള്ള വേദിയായിരുന്നു ഡീ 4 ഡാൻസ്. പരിമിതികളെ മനസ്സിലാക്കി മുന്നേറാനുള്ള അവസരമായിരുന്നു ഇതെന്ന് പ്രണവ് വ്യക്തമാക്കി.

മുംബൈയിൽ മാസ്‌കമ്മ്യൂണിക്കേഷൻ കോഴ്‌സിന്റെ രണ്ടാം വർഷ വിദ്യാർത്ഥിയായ പ്രണവ് ഒരു മാസ്മീഡിയ വിദ്യാർത്ഥിയെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും വലിയ അവസരമായാണ് റിയാലിറ്റി ഷോയെ കാണുന്നത.ഒരു ഇന്റൺഷിപ്പ് കാലം കൂടിയായിരുന്നു തനിക്കിതെന്നും . ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതൊക്കെ വലിയൊരു പാഠമാണെന്നും പ്രണവ് കൂട്ടിച്ചേർത്തു. പഠനത്തോടൊപ്പം ഡാൻസും മുന്നോട്ടു കൊണ്ടുപോകാനാണ് ഈ കലാകാരന് ആഗ്രഹം.

മുംബൈ വസായ് റോഡ് പത്മാവതി ഗ്രേഷിൽ താമസിക്കുന്ന ആലപ്പുഴ ചെട്ടികുളങ്ങര സതീഷ് ഭവനിൽ രമയുടെയും പരേതനായ പി. കെ. ശശിധരന്റെയും മകനാണ്. 50 ലക്ഷം രൂപയാണു പ്രണവിന് സമ്മാനമായി ലഭിച്ചത്. മെഗാ ഫൈനലിനൊടുവിൽ നടൻ ദിലീപ് ആണു വിജയികളെ പ്രഖ്യാപിച്ചത്.

നടി പ്രിയാമണി, നൃത്ത സംവിധായകരായ പ്രസന്നമാസ്റ്റർ, നീരവ് ബവ്‌ലെച എന്നിവരായിരുന്നു വിധികർത്താക്കൾ. ഫിനാലെയിൽ വിധികർത്താക്കളുടെ നൃത്തപ്രകടനങ്ങളും അരങ്ങേറി. സിനിമാ താരങ്ങൾ കൂടിയായ ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും ശ്രീജിത്ത് വിജയുമായിരുന്നു അവതാരകർ.

രണ്ടാം സ്ഥാനം നേടിയ ഫിദ ബേപ്പൂർ ചെരിയമ്മൽ ഹൗസിൽ ചെരുപ്പ് കമ്പനി ഉദ്യോഗസ്ഥനായ മുഹമ്മദ് അഷ്‌റഫിന്റെയും ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടറായ സൈറ ബാനുവിന്റെയും മകളാണ്. കൊച്ചി വെണ്ണല ശ്രീശൈവത്തിൽ എൻജിനീയർ എസ്. അയ്യപ്പന്റെയും സന്ധ്യയുടെയും മകളാണ് മൂന്നാം സ്ഥാനം നേടിയ സനിയ. നാഗ്പൂരിൽ താമസിക്കുന്ന ഒറ്റപ്പാലം ശ്രീനിലയത്തിൽ ഹരി നായരുടെയും ശാന്തിയുടെയും മകനാണ് നാലാം സ്ഥാനം നേടിയ അർജുൻ കൃഷ്ണൻ. അഞ്ചാം സ്ഥാനം നേടിയ എൻ.പി. സുഹൈദ് തൃശൂർ എളവള്ളി ചേന്നങ്കര ഹൗസിൽ സി.ജെ. സജീവിന്റെയും ഷഹർബാനുവിന്റെയും മകനാണ്.