മലയാളത്തിന്റെ പ്രിയ താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും മൂത്ത മകൾ ഇപ്പോഴെ താരമായി മാറുകയാണ്. അച്ഛനെയും അമ്മയെയും പോലെ അഭിനയമല്ല പ്രാർത്ഥനയുടെ മേഖല. സംഗീതത്തിലാണ് പ്രാർത്ഥന കഴിവ് തെളിയിച്ചിരിക്കുന്നത്.എട്ടാം വയസ്സു തൊട്ട് സ്വന്തമായി ഗാനങ്ങൾ എഴുതി ഈണമിട്ട് ആലപിക്കാൻ ആരംഭിച്ച പ്രാർത്ഥന തന്റെ സ്വതസിദ്ധമായ ആലാപന ശൈലി കൊണ്ട് ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിക്കഴിഞ്ഞു. കഴിഞ്ഞ വർഷമാണ് പ്രാർത്ഥന തന്റെ അനിയത്തി നക്ഷത്രയോടൊപ്പം ഗോഡ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിൽ നല്ല തകർപ്പൻ ഒരു പാട്ട് പാടിയത്.ഇരുവരുടെയും സിനിമ സംഗീത ലോകത്തിലേക്കുള്ള ആദ്യ കാൽ വയ്‌പ്പ് ആയിരുന്നു അത്.

ഗോപി സുന്ദറുടെ ഈണത്തിൽ പിറന്ന 'കൊ കൊ കോഴി' എന്ന് തുടങ്ങുന്ന പെപി നമ്പർ ഏറെ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല മികച്ച ചൈൽഡ് സിങ്ങറിനുള്ള റെഡ് എഫ് എം മ്യൂസിക്കൽ അവാർഡും പ്രാർത്ഥനക്ക് നേടിക്കൊടുത്തു. സിനിമയ്ക്ക് പുറമേ പ്രാർത്ഥന സോഷ്യൽ മീഡിയയിലെയും താരമാണ്. ഇതിനകം തന്നെ പ്രാർത്ഥനയുടെ പാട്ട് സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഗിത്താറിൽ ഈണമിട്ട് പ്രാർത്ഥന പാടിയ ഹിന്ദി ഗാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഗിറ്റാർ വായിച്ച് ചന്ന മേരെയാ മേരെയാ എന്ന ഗാനമാലപിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പാട്ടുകൾക്ക് പുറമെ ഡബ്‌സ്മാഷിലും താരമാണ് പ്രാർത്ഥന. മഞ്ജുവാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മോഹൻലാൽ എന്ന ചിത്രത്തിൽ ലാലേട്ടാ എന്ന ഗാനം പാടിയിരിക്കുന്നതും പ്രാർത്ഥനയാണ്. സിനിമയുടെ ടീസർ പുറത്തിറങ്ങിയതു മുതൽ എല്ലാവരും അന്വേഷിച്ചത് ഈ ഗാനം പാടിയ വ്യക്തിയെയായിരുന്നു. പിന്നീട് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് വരനാട് ഫേസ്‌ബുക്കിലൂടെയാണ് ഗാനം പാടിയത് പ്രാർത്ഥനയാണെന്ന വിവരം അറിയിച്ചത്.