- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസ്; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും
ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കെതിരെ നടത്തിയ ട്വിറ്റർ പരാമർശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ കേസ്. കേസിൽ ചൊവ്വാഴ്ച നടന്ന അവസാന വാദംകേൾക്കലിലും മാപ്പ് പറയാൻ പ്രശാന്ത് ഭൂഷൺ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് വിട്ടയക്കണമെന്നുമാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രശാന്ത് ഭൂഷണിനായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനാണ് ഹാജരായിരുന്നത്.
രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. ജൂൺ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂൺ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നൽകിയത്. 'അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാൻ ഭാവിയിലെ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ ഈ നാശത്തിൽ സുപ്രീം കോടതിക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർക്ക്', പ്രശാന്ത് ഭൂഷൺ ഒരു ട്വീറ്റിൽ പറഞ്ഞതിങ്ങനെ.
ലോക്ക് ഡൗണിനിടെ മാസ്കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ മറ്റൊരു ട്വീറ്റ്. ഇതിൽ ബോബ്ഡെ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന എന്ന് പറഞ്ഞതിൽ ഭൂഷൺ ഖേദം പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ബൈക്ക് ഓടിക്കുകയല്ല, ബൈക്കിൽ ഇരിക്കുകയാണ് ചെയ്തെന്നും ഇത് താൻ ശ്രദ്ധിച്ചില്ലെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തിരുന്നു.
രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമർശനമാണ് പ്രശാന്ത് ഭൂഷണിൽ നിന്നുണ്ടാകുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പല കാര്യങ്ങളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്