ന്യൂഡൽഹി : തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതിൽ മിടുക്കനാണ് പ്രശാന്ത് കിഷോർ. നമോ കാമ്പ്യനിലൂടെ മോദിയെ പ്രധാനന്ത്രിയാക്കിയതും നിതീഷ് കുമാറിന് ബീഹാറിലെ മുഖ്യമന്ത്രി പദം ഉറപ്പിച്ചു നൽകിയതും പ്രശാന്ത് കിഷോറിന്റെ മികവാണ്. ഇത് മനസ്സിലാക്കി പ്രശാന്തിനെ കോൺഗ്രസും പിആർ ഗുരുവാക്കി. എന്നാൽ പറയുന്നതൊന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോൾ പ്രശാന്ത് കിഷോർ കോൺഗ്രസുമായി അകന്നു. ഇത് മാദ്ധ്യമങ്ങൾ ആഘോഷമാക്കി. ഇതോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. പ്രശാന്ത് കിഷോർ അങ്ങനെ വീണ്ടും കോൺഗ്രസ് ക്യാമ്പിലെത്തി.

കോൺഗ്രസിന്റെ ഭാഗധേയം മാറ്റിയെഴുതുകയെന്ന ദുഷ്‌കരദൗത്യം ഏറ്റെടുത്തിട്ടുള്ള പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയെ ജനസമക്ഷത്തിൽ പുതുക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത വർഷം യുപി, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കിഷോറിന്റെ പ്രാഗത്ഭ്യം പരീക്ഷിക്കപ്പെടും. രാഹുൽ ഗാന്ധിക്ക് പുതിയൊരു മുഖം നൽകാനാണ് ശ്രമം. രാഹുൽ ഗാന്ധിയെ നേതൃത്വത്തിൽ വിജയകരമായി അവരോധിക്കുകയെന്നതാണ് പ്രധാന അജണ്ട. ഇതിനൊപ്പം പഞ്ചാബ്, യുപി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ജയിക്കുകയും വേണം.

യുപിയിലും പഞ്ചാബിലും വിജയിച്ചാൽ അടുത്ത പൊതു തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ കോൺഗ്രസിനൊപ്പം പ്രതീക്ഷിക്കാം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൻ വിജയത്തിനു ചുക്കാൻ പിടിച്ചാണു പ്രശാന്ത് കിഷോർ ശ്രദ്ധയാകർഷിച്ചത്. ബീഹാറിൽ നിതീഷിനായും മാന്ത്രികത ആവർത്തിച്ചു. പഞ്ചാബിൽ ദൗത്യം അത്ര ദുഷ്‌കരമല്ലെന്നാണ് പ്രശാന്തിന്റെ വിലയിരുത്തൽ. ക്യാപ്റ്റൻ അമരീന്ദർ സിങ്ങെന്ന മുന്നണിപ്പോരാളിയുടെ ജനകീയതയും ഗുണകരമാകും.

എന്നാൽ, യുപിയിൽ കാര്യങ്ങൾ സങ്കീർണം. പതിറ്റാണ്ടുകളായി ഭരണത്തിനു പുറത്തു നിൽക്കുന്ന കോൺഗ്രസിന് ഇവിടെ അടിത്തറയില്ല. യുപിയിൽ മുന്നിൽ നിർത്താൻ ഒരു 'മുഖം' വേണമെന്നു കിഷോർ അഭിപ്രായപ്പെട്ടതും പ്രിയങ്ക ഗാന്ധിയെ ആ സ്ഥാനത്തേക്കു നിർദേശിച്ചതും ഈ പശ്ചാത്തലത്തിലാണ്. ഇത് നടക്കുമെന്നാണ് സൂചന. അതിരു വിട്ട നിലപാടായാണു പാർട്ടിയിൽ പലരും ഇതിനെ കണ്ടത്. പ്രശാന്ത് കിഷോർ കോൺഗ്രസുമായുള്ള ബന്ധം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചു.

കോൺഗ്രസ് ഏൽപിച്ച ദൗത്യം ആദരവോടെ ഏറ്റെടുക്കുന്നുവെന്നും കഴിവനുസരിച്ച് അതു നിറവേറ്റുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കിയിട്ടുമുണ്ട്.