- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം മുന്നണിയോ നാലാം മുന്നണിയോ ബിജെപിക്ക് വെല്ലുവിളിയാകില്ല; പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടത്; ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ല; പവാറുമായി സംസാരിച്ചത് രാഷ്ട്രീയ കാര്യങ്ങൾ; മൂന്നാം മുന്നണി ആലോചന വഴിയിൽ കളഞ്ഞ് പ്രശാന്ത് കിഷോർ
ന്യൂഡൽഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാൻ കെൽപ്പുള്ള രാഷ്ട്രീയ പ്രസ്ഥാനമോ മുന്നണിയോ നിലവിൽ ഇന്ത്യയിൽ ഇല്ലെന്നതാണ് വാസ്തവം. കോൺഗ്രസ് എന്ന പാൻ ഇന്ത്യൻ പ്രസ്ഥാനമാകട്ടെ തകർച്ചയുടെ നെല്ലിപ്പലക കണ്ടിരിക്കയാണ്. ഈഘട്ടത്തിൽ ശരദ് പവാർ എന്ന കരുത്തനെ മുന്നിൽ നിർത്തി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ചർച്ചകളും അടുത്തകാലത്ത് നടത്തുകയുണ്ടായി. എന്നാൽ, ഈ ചർച്ചകളും അത്രയ്ക്ക് ഫലവത്താകില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്നാം മുന്നണി ആശയത്തിന് ചുക്കാൻ പിടിച്ചിരുന്ന പ്രശാന്ത് കിഷോർ തന്നെ ആ ആശയത്തെ തള്ളിക്കളഞ്ഞു കൊണ്ട് രംഗത്തുവന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രശാന്ത് കിഷോറും എൻസിപി നേതാവുമായ ശരദ് പവാറും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾ വരും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരേയുള്ള പടയൊരുക്കമായാണ് ചിത്രീകരിക്കപ്പെട്ടത്. ഈ കൂടിക്കാഴ്ചകൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാൻ ദേശീയ തലത്തിൽ കോൺഗ്രസ്സിതര പ്രതിപക്ഷ പാർട്ടികളുടെ യോഗം എൻസിപി നേതാവ് ശരദ് പവാർ വിളിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് നാലിന് പവാറിന്റെ വസതിയിൽ ചേരുന്ന യോഗത്തിലേക്ക് സിപിഎമ്മും സിപിഐ.യും ഉൾപ്പെടെ പന്ത്രണ്ടോളം പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം.
പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബിജെപി. മുൻനേതാവ് യശ്വന്ത് സിൻഹയുടെ സംഘടനയായ രാഷ്ട്രമഞ്ചാണ് പ്രതിപക്ഷ പാർട്ടികൾക്ക് ക്ഷണക്കത്ത് അയച്ചത്. ശരദ് പവാറും യശ്വന്ത് സിൻഹയും ഇന്നത്തെ ദേശീയ സാഹചര്യത്തെക്കുറിച്ച് ചർച്ച നയിക്കുന്നതായും ഇതിൽ സാന്നിധ്യം താത്പര്യപ്പെടുന്നതായും ക്ഷണക്കത്തിൽ പറയുന്നു.
എന്നാൽ ബിജെപിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ലെന്നും താൻ അതിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരിക്കുകയാണ്. പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താൻ സംസാരിച്ചതെന്ന് പറഞ്ഞ പ്രശാന്ത് കിഷോർ എന്നാലത് മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും വ്യക്തമാക്കി. പവാറുമായുള്ള കൂടിക്കാഴ്ച ഭാവിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു. ബിജെപിക്കെതിരേ മമത നേടിയ വൻവിജയം പ്രതിപക്ഷ പാർട്ടികൾക്ക് വലിയ സന്ദേശമാണ് നൽകുന്നതെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്