- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിനെ മുമ്പിൽ നിർത്തി മോദിയെ നേരിടുക പ്രയാസം; പകരക്കാരനായി ശരത് പവാറെത്തും; പ്രശാന്ത് കിഷോർ ഒരുങ്ങുന്നത് പ്രാദേശിക പാർട്ടികളെ കൂട്ടിച്ചേർത്തുള്ള മോദി വിരുദ്ധ സഖ്യം; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ കാറ്റും കേരളത്തിൽ സിപിഎമ്മിന് അനുകൂലമായേക്കും
മുംബൈ: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത് ദേശീയ രാഷ്ടീയം ചർച്ച ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ മുമ്പിൽ നിർത്തി മോദിയെ നേരിടുക പ്രയാസമെന്ന വിലയിരുത്തലാണ് പ്രശാന്ത് കിഷോറിനുള്ളത്. കുരത്തനായ നേതാവ് ബിജെപിയെ നേരിടാൻ വേണം. അതിന് പകരക്കാരനായി ശരത് പവാറെത്തും എന്ന സൂചനയാണ് പ്രശാന്ത് കിഷോർ നൽകുന്നത്. പ്രശാന്ത് കിഷോർ ഒരുങ്ങുന്നത് പ്രാദേശിക പാർട്ടികളെ കൂട്ടിച്ചേർത്തുള്ള മോദി വിരുദ്ധ സഖ്യത്തിനെന്നാണ് സൂചന. അങ്ങനെ വന്നാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ കാറ്റും കേരളത്തിൽ സിപിഎമ്മിന് അനുകൂലമായേക്കും.
ബംഗാളിൽ മമതാ ബാനർജി വൻ വിജയമാണ് നേടിയത്. ഇതിന് പിന്നിൽ പ്രശാന്ത് കിഷോറായിരുന്നു. നല്ല നേതാക്കളുണ്ടെങ്കിൽ ബിജെപിയെ വീഴ്ത്താം എന്ന സന്ദേശമാണ് ബംഗാൾ നൽകിയത്. അതിന് വേണ്ടിയാണ് പ്രശാന്ത് കിഷോർ തന്ത്രങ്ങൾ മെനയുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയെന്ന് അഭ്യൂഹം. പവാറിനെ മുന്നിൽ നിർത്തി ബിജെപി വിരുദ്ധ ചേരിയിലുള്ള പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തലാണു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബാരാമതി എംപിയും പവാറിന്റെ മകളുമായ സുപ്രിയ സുളെയും ചർച്ചയിൽ പങ്കെടുത്തു.
പവാറിനെ മുന്നിൽ നിർത്തിയാൽ മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കാമെന്നാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ. എല്ലാ ചെറുകക്ഷികളിലും പവാർ സർവ്വ സമ്മതനാണ്. കേരളത്തിൽ അടക്കം ഇടതുമുന്നണിക്കൊപ്പമാണ് പവാറിന്റെ എൻസിപി. അങ്ങനെ സോഷ്യലിസ്റ്റ് ഇടത് കൂട്ടായ്മ എന്ന ആശയം ചർച്ചയാക്കി നേട്ടമുണ്ടാക്കാനാണ് പ്രശാന്തിന്റെ നീക്കം. ഇതുണ്ടായാൽ കേരളത്തിൽ പോലും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. കഴിഞ്ഞ തവണ 20ൽ 19 സീറ്റിലും യുഡിഎഫാണ് ജയിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ച സാഹചര്യത്തിലായിരുന്നു ഈ നേട്ടം. രാഹുൽ പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ വോട്ടുകൾ. എന്നാൽ അതുണ്ടായില്ല.
ഈ സാഹചര്യത്തിൽ കോൺഗ്രസിനെ ദേശീയ തലത്തിൽ പിന്നിലേക്ക് മറ്റ് പ്രതിപക്ഷ കക്ഷികൾ മാറ്റിയാൽ കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും. കൂടുതൽ സീറ്റിൽ സിപിഎമ്മിനെ ജയിപ്പിക്കാൻ പിണറായിക്കും കഴിയും. ഇത് കേരളത്തിൽ കോൺഗ്രസിന്റെ തകർച്ചയ്ക്കും കാരണമാകും. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സഖ്യരൂപീകരണത്തിനുള്ള പ്രശാന്ത് കിഷോറിന്റെ ശ്രമം വിജയിക്കുമോ എന്നതാണ് നിർണ്ണായകം. ചർച്ചകൾ പുരോഗമിക്കുമ്പോൾ കോൺഗ്രസ് പിളരാനും സാധ്യതയുണ്ട്. ഇതും മൂന്നാം മുന്നണിക്ക് കരുത്തു കൂട്ടുന്ന തരത്തിലാകും.
പവാറിന്റെ ദക്ഷിണ മുംബൈയിലുള്ള വസതിയിലായിരുന്നു പവാർ-പ്രശാന്ത് കിഷോർ കൂടിക്കാഴ്ച. 2022ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷപാർട്ടികൾ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കൂടിക്കാഴ്ചയെ കാണുന്നത്. ബിജെപിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തങ്ങളുടെ ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന ശിവസേന നേതാക്കളുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കിഷോർ-പവാർ കൂടിക്കാഴ്ച നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മറാത്താ സംവരണം ഉൾപ്പടെയുള്ള വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ന്യൂഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 'ഞങ്ങൾ രാഷ്ട്രീയമായി ഒന്നിച്ചല്ലായിരിക്കാം. അതിനർഥം ഞങ്ങളുടെ ബന്ധം തകർന്നു എന്നല്ല. ഞാൻ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണാനല്ല്ല പോയത്. മോദിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തുന്നതിൽ പ്രത്യേകിച്ച് തെറ്റൊന്നുമില്ല', താക്കറേ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തും പ്രധാനമന്ത്രിയെ പ്രശംസിച്ചിരുന്നു.
താക്കറേയുടെ കൂടിക്കാഴ്ചയും റാവത്തിന്റെ പ്രശംസയും മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തിലുണ്ടായ വിള്ളലിന്റെ സൂചനകളാണെന്ന മട്ടിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ എൻസിപി അധ്യക്ഷനായ ശരദ് പവാർ ഇക്കാര്യം തള്ളി രംഗത്തെത്തി. മഹാവികാസ് അഘാടി സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് പറഞ്ഞ പവാർ, ശിവസേന വിശ്വസിക്കാവുന്ന ഒരു പാർട്ടിയാണെന്നും അഭിപ്രായപ്പെട്ടു.ഇതിനൊപ്പം ബംഗാളിൽ ബിജെപിയുടെ സീറ്റുനില 100 കടക്കില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കുവേണ്ടി പ്രചാരണ തന്ത്രങ്ങളൊരുക്കിയ പ്രശാന്തിന്റെ പുതിയ നീക്കം ഏവരും ഉറ്റുനോക്കുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കാകാം ഇരുവരും കൂടിക്കാഴ്ച നടത്തുന്നതെന്നാണ് അഭ്യൂഹം. ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പു വിജയങ്ങൾക്കുള്ള നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മമത ബാനർജി, എം.കെ.സ്റ്റാലിൻ എന്നിവരെ സഹായിച്ച ഏതു നേതാവുമായും കൂടിക്കാഴ്ച നടത്താൻ പ്രശാന്ത് തയാറാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേസമയം, ബംഗാളിലെ വൻ വിജയത്തിനു പിന്നാലെ താൻ ഈ മേഖല വിടുകയാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പുതിയ കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ