- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്കു വിജയരഥം പായിക്കാൻ തന്ത്രം മെനഞ്ഞു; ബിഹാറിൽ നിതീഷിനൊപ്പം ബിജെപിയെ എതിർത്തു; ഇനി കോൺഗ്രസിനൊപ്പം: ചാണക്യതന്ത്രങ്ങളുമായി പ്രശാന്ത് കിഷോർ യുപിയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നരേന്ദ്ര മോദിയുടെ കുതിപ്പിന് ഊർജം പകർന്നതിൽ ഒരാൾ യുഎൻ മുൻ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറായിരുന്നു. തുടർന്ന് ബിജെപിയുമായി തെറ്റി ബിഹാറിൽ നിതീഷ് കുമാറിന്റെ പാളയത്തിലെത്തിയ പ്രശാന്ത് ചാണക്യതന്ത്രങ്ങളുമായി അവിടെയും തിളങ്ങി. വൻ ഭൂരിപക്ഷത്തോടെയാണു ബിഹാറിൽ നിതീഷും ലാലുവും അടങ്ങിയ മഹാസഖ്യം
ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നരേന്ദ്ര മോദിയുടെ കുതിപ്പിന് ഊർജം പകർന്നതിൽ ഒരാൾ യുഎൻ മുൻ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറായിരുന്നു. തുടർന്ന് ബിജെപിയുമായി തെറ്റി ബിഹാറിൽ നിതീഷ് കുമാറിന്റെ പാളയത്തിലെത്തിയ പ്രശാന്ത് ചാണക്യതന്ത്രങ്ങളുമായി അവിടെയും തിളങ്ങി. വൻ ഭൂരിപക്ഷത്തോടെയാണു ബിഹാറിൽ നിതീഷും ലാലുവും അടങ്ങിയ മഹാസഖ്യം അധികാരത്തിലേറിയത്.
പ്രശാന്ത് ഇനി പോകുന്നതു കോൺഗ്രസിന്റെ പാളയത്തിലേക്കാണ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി തന്ത്രങ്ങൾ ഒരുക്കുകയാണു പ്രശാന്തിപ്പോൾ.
രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തി. പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പിൽ സഹകരിക്കുമെന്ന വാർത്ത ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. കോൺഗ്രസുമായി സഹകരിക്കാൻ പ്രശാന്ത് കിഷോർ തയ്യാറാണെന്നും തെരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രശാന്ത് കിഷോർ പങ്കെടുത്തിരുന്നു എന്നും ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ നിർമ്മൽ ഖത്രി പറഞ്ഞു.
പഞ്ചാബ് തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രശാന്ത് കിഷോറിനെ കോൺഗ്രസ് സമീപിച്ചിരുന്നതായും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ബിഹാറിൽ ബിജെപിയെ തകർക്കാൻ സഹായിച്ച പ്രശാന്തിനു കാബിനറ്റ് പദവിയുള്ള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനമാണു നിതീഷ് കുമാർ നൽകിയത്.
38 കാരനായ പ്രശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേ 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും മോദിയെ വിജയത്തിലെത്തിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു. മോദി വിജയമാവർത്തിച്ചപ്പോൾ ബുദ്ധി കേന്ദ്രമായ പ്രശാന്ത് കിഷോറിനെ വൻ പ്രതിഫലം നൽകി ബിഹാർ തെരഞ്ഞെടുപ്പിൽ ലാലു-നിതീഷ് സഖ്യം ഒപ്പം ചേർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ടുകൾ പുറത്തുവന്നത്. അമിത് ഷായുമായുള്ള പ്രശ്‌നങ്ങൾ കാരണം ബിജെപി കേന്ദ്രത്തോടു വിടപറഞ്ഞാണു നിതീഷിനൊപ്പം ചേർന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബിഹാറിലെ ബുക്‌സാർ സ്വദേശിയായ പ്രശാന്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം ഉദ്യോഗാർത്ഥികളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. മഹാസഖ്യത്തെ ഹൈടെക്കാക്കിയതും നിതീഷ് കുമാറിന്റെ പ്രചരണത്തിന് രൂപ രേഖ തയ്യാറാക്കിയതും ഐക്യരാഷ്ട്ര സഭയിലെ മുൻ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

നിതീഷ്‌കുമാറിന്റെ അഭ്യർത്ഥന പ്രകാരമാണു പ്രശാന്ത് ബീഹാർ ദൗത്യം ഏറ്റെടുത്തത്. പ്രശാന്ത് കിഷോറും സുഹൃത്തുക്കളും രൂപം നൽകിയ ഐപാക്ക് എന്ന സംഘടന നിതീഷിന്റെ വികസന പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചു. താഴെക്കിടയിലെ അടിയൊഴുക്കുകൾ, ജനസമ്മതിയുള്ള നേതാക്കൾ, ബിജെപി തന്ത്രങ്ങൾ എന്നിവയുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ അടുക്കലേക്ക് കൃത്യമായി എത്തി. സാത്ത് നിശ്ചയ് എന്ന പേരിൽ മഹാസഖ്യം പുറത്തിറക്കിയ ദർശന രേഖയുടെയും പിന്നിൽ ഐപാക്കായിരുന്നു. ഇത് ജെഡിയു നേതാക്കളും തുറന്ന് പറഞ്ഞിരുന്നു. പ്രശാന്തിന്റെ തന്ത്രങ്ങൾ വരുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസും.



