കൊച്ചി: ദിലീപിനെ ജാമ്യം പോലും നൽകാതെ ഇത്രയും നാൾ ജയിലിലിട്ടതെന്തിനെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. എന്തൊക്കെയോ ദുരൂഹതകൾ ആ കേസിന് പിന്നിലുണ്ടെന്നാണ് തോന്നുന്നത്. ചെറിയ റോളുകളിൽ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലർക്കും അസൂയ ഉണ്ടാകുമെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതാപ് പോത്തൻ ചോദിച്ചു.-

തന്നെ കാണാൻ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാൻ ദേഷ്യത്തിൽ ഒരു മറുപടി നൽകിയെന്ന് കരുതുക, അടുത്ത നിമിഷം അവർ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാൽ താനും അകത്താകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകളുമായി ബന്ധപ്പെട്ട കേസിൽ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും.

സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോയെന്ന ചോദ്യത്തിന് രാധികയിൽ നിന്നും വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് താനെന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി. പക്ഷേ അതിനെ കുറിച്ചു തന്നെ ആലോചിച്ച് വിഷമിക്കാത്തതിനാൽ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോൾ നിരാശയുമില്ലെന്നും പ്രതാപ് പോത്തൻ പറഞ്ഞു.