കൊച്ചി: ആമസോൺ പ്രൈമിൽ 'മരക്കാർ' ചിത്രം കണ്ട് നായകൻ മോഹൻലാലിനും സംവിധായകൻ പ്രിയദർശനും പ്രശംസകളുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തൻ.

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ 'മരക്കാർ' കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തിൽ...എന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പ്രിയൻ സിനിമ ഞാൻ അവസാനമായി കണ്ടത് 'തേന്മാവിൻ കൊമ്പത്താണ്'...കൊള്ളാം.. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലിൽ ആണ്. ഇത്തരത്തിൽ ആദ്യ സംഭവമാണ്. പ്രിയൻ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റർടെയ്ന്മെന്റുമാണ് എന്ന ധാരണയിലാണ്.

എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാൽ ഞാൻ മൂന്ന് മണിക്കൂറുള്ള സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം .. മികച്ച പ്രൊഡക്ഷൻ ഡിസൈൻ .. സംഗീതം .. ശബ്ദം .. കൂടാതെ എല്ലാവരിലും മികച്ച അഭിനയം .. എല്ലാവരും മിടുക്കരായിരുന്നു .. മോഹൻലാൽ എന്ന സമർഥനായ ഒരു നടനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാൻ കഴിയുക, വരും ദശകങ്ങളിൽ അദ്ദേഹം 'കുഞ്ഞാലി'യുടെ മുഖമായിരിക്കുമെന്നും പ്രതാപ് പോത്തൻ എഴുതുന്നു.

തുടക്കത്തിൽ, പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു ... പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ. പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പിൽ .. രണ്ടുപേരും എന്നെ സ്പർശിച്ചു.

എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പൻ ആശാരി) 'സാമൂതിരി'യായി അഭിനയിക്കുന്നു.. അദ്ദേഹം പൂർണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. പ്രിയൻ ഒരു ചൈനീസ് പയ്യനെയും കീർത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചോളൂ, ആ പെൺകുട്ടി വലിയ സംഭവമാകും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകൾ നിങ്ങൾ ക്ഷമിക്കണം, ഇതിനകം തന്നെ അവൾ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുൻവിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാമെന്നും പ്രതാപ് പോത്തൻ എഴുതുന്നു.

'മരക്കാർ: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രം അടുത്തിടെ ഒടിടിയിലും പ്രദർശനത്തിന് എത്തിയിരുന്നു. തിയറ്ററുകളിൽ മികച്ച ആരവമുണ്ടാക്കിയതിന് ശേഷമാണ് 'മരക്കാർ' ഒടിടിയിലേക്ക് എത്തിയത്. തിയറ്ററിൽ തന്നെ 'മരക്കാർ' ചിത്രം ഇപോഴും പ്രദർശനം തുടരുന്നുമുണ്ട്.