ചെന്നൈ: ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതമായിരുന്നു പ്രതാപ് പോത്തന്റേത്. രണ്ടു വിവാഹങ്ങളും രണ്ട് വിവാഹ മോചനവും. ഇതിനൊപ്പം ആർക്കെതിരേയും പേടിക്കാതെ എന്തും പറയുന്ന വ്യക്തിത്വം. എൺപതുകളിൽ തെന്നിന്ത്യയെ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച പോത്തൻ നടന്നു നീങ്ങിയത് സമ്പന്നതയുടെ നടുവിലൂടെയായിരുന്നു. ആരേയും കൂസാക്കാതെ മുമ്പോട്ട് പോയതു കൊണ്ടു തന്നെ മുഖ്യധാരാ സംവിധായകർ അധികം അവസരം നൽകിയില്ല. പ്രതാപ് പോത്തൻ അഭിനയിച്ചാൽ മാത്രമേ കഥാപാത്രം നന്നാകൂവെന്ന അവസ്ഥ വന്നാൽ മാത്രമേ ആ റോൾ താരത്തെ തേടി എത്തിയിരുന്നുള്ളൂ.

സിനിമയിൽ താരമായി നിൽക്കുമ്പോഴായിരുന്നു ആദ്യ വിവാഹം. അതും തിരക്കുള്ള നടി രാധികയെ. സിനിമാക്കാരെ പോലും അമ്പരപ്പിച്ച പ്രണയം. 1985 ലാണ് രാധികയും പ്രതാപ് പോത്തനും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്. എന്നാൽ ഒരു വർഷത്തെ ആയുസേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. 1986 ൽ വേർപിരിഞ്ഞു. കാരണം പോലും ആർക്കും വ്യക്തമായി അറിയില്ല. എല്ലാം രണ്ടു പേരുടേയും ഉള്ളിൽ തന്നെ ഒതുങ്ങി. രാധിക അവരുടെ വഴിക്കും പോത്തൻ മറ്റൊരു വഴിക്കും യാത്ര തുടർന്നു. അഭിനയത്തിനൊപ്പം ബിസിനസ്സിലേക്കും ശ്രദ്ധ തിരിച്ചു. പരസ്യ ചിത്രങ്ങളിലൂടെ കോടികളുണ്ടാക്കി.

1990 ൽ സീനിയർ കോർപറേറ്റ് പ്രൊഫഷണൽ ആയ അമല സത്യനാഥിനെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. 22 വർഷത്തിനൊടുവിൽ ഈ ബന്ധവും വേർപ്പെടുത്തി. പ്രതാപ് പോത്തനും അമലയ്ക്കും ഒരു മകളുണ്ട്. കേയ. നടനായ പ്രതാപ് പോത്തന്റെ ആദ്യം സംവിധാനം ചെയ്തത് മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയായിരുന്നു. ഇതിന്റെ നിർമ്മാതാവായിരുന്നു രാധിക. ഇതിനിടെയാണ് ഇവർക്കിടയിൽ പ്രണയം ശക്തമായതും വിവാഹതരായതും. ഈ സിനിമയ്ക്ക് ദേശീയ ശ്രദ്ധയും കിട്ടി. അവാർഡുകളും വാരിക്കൂട്ടി. എന്നാൽ താര ദമ്പതികളുടെ ജീവിതം താളപിഴകളുടേതായി. പിന്നീട് അതിവേഗം ഡൈവേഴ്സും.

മലയാളത്തിൽ നീണ്ടകാലം ഇടവേള എടുത്തിരുന്നു പ്രതാപ് പോത്തൻ. ഒരു യാത്രാമൊഴിയിലൂടെ മലയാളത്തിൽ ശിവാജി ഗണേശനെ എത്തിച്ചു. മോഹൻലാലായിരുന്നു നായകൻ. ആ സിനിമ വാണിജ്യപരമായി വിജയമായിരുന്നു. എന്നിട്ടും പിന്നീടൊരു സിനിമ മലയാളത്തിൽ ചെയ്യാനായില്ല. ഇതിനിടെ ജയറാമുമായി പ്രശ്നത്തിലൂമായി. ഫേസ്‌ബുക്കിലൂടെ തന്നെയും മകൻ കാളിദാസിനെയും അപമാനിച്ചന്നാരോപിച്ച് പ്രതാപ് പോത്തനെതിരെ നടൻ ജയറാം താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. 2015ലായിരുന്നു ഇത്. നിയമപരമായി ഈ പ്രശ്നം കൈകാര്യം ചെയ്യാൻ താൽപര്യമില്ലെന്നും പ്രതാപ് പോത്തൻ സിനിമാ രംഗത്തുള്ള ആളാണ് അതുകൊണ്ടാണ് അമ്മയ്ക്ക് പരാതി നൽകുന്നതെന്നും ജയറാം പറഞ്ഞിരുന്നു.

പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തന്നെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചെന്നും ജയറാം പറഞ്ഞു. തന്റെ ആരാധകർക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയതായും ജയറാം പറയുന്നു. എത്രയും പെട്ടെന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമ്മ. ഇതിനായി നെടുമുടി വേണുവിനെ ചുമതലപ്പെടുത്തി. അത് ഫലം കാണുകയും ചെയ്തു. ഫേസ്‌ബുക്കിലൂടെയാണ് ജയറാമിനെതിരെ പ്രതാപ് പോത്തൻ രൂക്ഷവിമർശനം നടത്തിയത്. വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്നായിരുന്നു ജയറാമിനെ പ്രതാപ് വിശേഷിപ്പിച്ചത്. സംസ്‌കാര ശൂന്യനായ ജയറാമിന് പത്മശ്രീ കിട്ടിയെന്നറിഞ്ഞപ്പോൾ ചിരിയാണ് വന്നതെന്നും പ്രതാപ് പോത്തൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

സംഭവം വിവാദമായപ്പോൾ അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് ഈ പോസ്റ്റ് എഴുതാനുണ്ടായ സാഹചര്യവും പ്രതാപ് പോത്തൻ വിശദമാക്കിയിരുന്നു. യാത്രാ മൊഴിക്ക് ശേഷം ഒരു മലയാള സിനിമ പ്രതാപ് പോത്തൻ ആഗ്രഹിച്ചിരുന്നു. ആ സിനിമയിലെ നായകനായി ആദ്യം മനസ്സിൽ കരുതിയത് ജയറാമിന്റെ മകൻ കാളിദാസിനെ ആയിരുന്നു. എന്നാൽ പഴയ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാൻ കാളിദാസിന് താത്പര്യമില്ലെന്ന് പറഞ്ഞ് ജയറാം പ്രതാപ് പോത്തനെ മടക്കിയയച്ചു എന്നാണ് ആരോപണം. വിഷയത്തിൽ പ്രതാപ് പോത്തന് നല്ല വിഷമമുണ്ടായിരുന്നു. ആ വേദനയും ദേഷ്യവും പ്രതാപ് പോത്തൻ ഫേസ്‌ബുക്കിലൂടെ തീർത്തുവെന്നായിരുന്നു ആക്ഷേപം.

ഒരു താര പുത്രൻ ആ കഥാപാത്രം നിഷേധിച്ചപ്പോൾ മറ്റൊരു താരപുത്രൻ അത് ഏറ്റടുത്തു എന്നും വാർത്ത എത്തി. അഞ്ജലി മേനോന്റെ തിരക്കഥയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്നു എന്ന വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ആ സിനിമ യാഥാർത്ഥമായില്ല. ഇതിന് ശേഷം 2019ൽ ദക്ഷിണേന്ത്യൻ സിനിമകളിലെ 80 കളിൽ തിളങ്ങിനിന്ന താരങ്ങൾ നടൻ ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടി. എല്ലാവർഷവും റീയൂണിയൻ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് ഒഫ് 80'സ് എന്നാണ് ഇത്തവണത്തെ പരിപാടിക്ക് ഇവർ നൽകിയ പേര്. ഒത്തുകൂടലിന് തൊട്ടുപിന്നാലെ അതിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ടെന്ന പ്രതികരണവുമായി പ്രതാപ് പോത്തൻ രംഗത്ത് വന്നു.

ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപ് പോത്തൻ തന്നെ ഒത്തുചേരലിൽ വിളിക്കാത്തതിന്റെ സങ്കടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'എൺപതുകളിലെ താരങ്ങളുമായി എനിക്ക് വ്യക്തിപരമായി ബന്ധമില്ല. ചിലപ്പോൾ ഞാനൊരു മോശം നടനും സംവിധായകനുമായതു കൊണ്ടാകാം അവരുടെ ഒത്തിചേരലിന് എന്നെ വിളിക്കാതിരുന്നത്. ദുഃഖമുണ്ട്, എന്തുപറയാൻ എന്റെ സിനിമാ ജീവിതം ഒന്നുമല്ലാതായി. ചിലർ ഇഷ്ടപ്പെടും, ചിലർ വെറുക്കും എന്നിരുന്നാലും ജീവിതം മുന്നോട്ടുപോകും'-്പ്രതാപ് പോത്തൻ അന്ന് കുറിച്ചത് അങ്ങനെയായിരുന്നു.

മോഹൻലാൽ, ജയറാം, ശോഭന, രേവതി, സുഹാസിനിയും മറ്റ് തെന്നിന്ത്യൻ താരങ്ങളായ രാധിക ശരത്കുമാർ, ചിരഞ്ജീവി, നാഗാർജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമൻ, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാൻ തുടങ്ങി നാൽപ്പതോളം താരങ്ങൾ അന്ന് കൂട്ടായ്മക്ക് എത്തിച്ചേർന്നിരുന്നു. ഈ ഒത്തുചേരാലാണ് പ്രതാപ് പോത്തനെ വേദനിപ്പിച്ചത്. കോവിഡുകാലത്തും പ്രതാപ് പോത്തന്റെ പോസ്റ്റ് ചർച്ചകളിൽ എത്തിയിരുന്നു. യോധികയായ തന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ഒരാൾ പരിഭ്രാന്തി പരത്താൻ ശ്രമിച്ചുവെന്ന് നടൻ ആരോപിച്ചിരുന്നു. ആലുവയിൽ താമസിക്കുന്ന തന്റെ സഹോദരിയെ താനാണെന്ന വ്യാജേന ഒരു അജ്ഞാതൻ വിളിച്ച് ഭീതി പരത്താൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിളിച്ച വ്യക്തിയെ വ്യക്തമായി അറിയാമെന്നും ഇനിയും ഇത്തരം കബളിപ്പിക്കൽ തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കുറിച്ചു.

പ്രതാപ് പോത്തന്റെ ആ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

എന്റെ സഹോദരി അവരുടെ എൺപതുകളിലാണ്. ദീർഘനാളുകളായി അവർ ഇറ്റലിയിലായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വൈറസിന്റെ ആക്രമണത്തിനു മുൻപു തന്നെ അവർ ഇറ്റലിയിൽ നിന്നു തിരിച്ചെത്തുകയും ആലുവയിലെ വീട്ടിൽ താമസമാക്കുകയും ചെയ്തിരുന്നു. അവരുടെ ഭർത്താവും മകനും മരിച്ചുപോയതിനാൽ ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കിൽ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാൻ നിരവധി തവണ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല.

ഇന്നലെ, ഒരു വിഡ്ഢി ഞാനാണെന്നു പറഞ്ഞ് എന്റെ സഹോദരിയെ ഫോണിൽ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. ഞാനാണെന്ന് കരുതി ഡ്രൈവർ ഫോൺ എന്റെ സഹോദരിക്കു നൽകി. സഹോദരി ഫോണെടുത്തതും അയാൾ ചുമയ്ക്കാൻ തുടങ്ങി. ചുമ വല്ലാതായി അയാളുടെ അഭിനയം കൂടിപ്പോയപ്പോൾ എന്റെ സഹോദരിക്ക് ഒന്നും മനസ്സിലായില്ല. അയാൾ വീണ്ടും ചുമയക്കുകയും ഇടയ്ക്ക് ഞാൻ പ്രതാപ് ആണെന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാൽ എന്റെ സഹോദരി ഫോൺ കട്ട് ചെയ്ത് എന്റെ നമ്പറിൽ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാൽ എനിക്ക് ഫോൺ കോൾ എടുക്കാൻ കഴിഞ്ഞില്ല. എന്റെ സഹോദരി അസ്വസ്ഥയായതിനാൽ നേരത്തെ വിളിച്ചത് ആരാണെന്ന് നമ്പർ നോക്കി കണ്ടു പിടിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഒടുവിൽ, ഞാൻ തിരിച്ചു വിളിച്ചപ്പോഴാണ് അവർക്ക് ആശ്വാസമായത്. എന്റെ നിർദ്ദേശ പ്രകാരം സഹോദരി നമ്പർ നോക്കി. തിരുവനന്തപുരത്തുള്ള ഒരു നമ്പറിൽ നിന്നാണെന്ന് കോൾ വന്നിരിക്കുന്നത്. ആരാണെന്ന് എനിക്കറിയാം. ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി ഇതുപോലെ ആയിരിക്കില്ല- പ്രതാപ് പോത്തൻ കുറിച്ചു.