ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാപ്രേമികൾ. ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു മരണ കാരണം വ്യക്തമല്ല. അതിനിടെ ആത്മഹത്യാ സംശയവും സജീവമാണ്. പോസ്റ്റ് മോർട്ടം ചെയ്താൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. പതിനഞ്ച് മണിക്കൂർ മുൻപ് വരെ സമൂഹമാധ്യമങ്ങളിൽ സജീവമായി കുറിപ്പുകൾ പങ്കുവച്ചിരുന്നു പ്രതാപ് പോത്തൻ. ജിം മോറിസൺ, ജോർജ് കാർലിൻ തുടങ്ങിയവരുടെ വാചകങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അതിൽ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.

അയത്‌നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകൻ എന്ന നിലയിലും നിർമ്മാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു. പക്ഷേ ആർക്കും മുമ്പിലും തുറക്കാത്തതായിരുന്നു വ്യക്തി ജീവിതം. രണ്ട് കല്യാണം.. രണ്ടും വിവാഹ മോചനത്തിലുമെത്തി. ആരോഗ്യവും മോശമായിരുന്നില്ല. അതുകൊണ്ടാണ് അപ്രതീക്ഷിത വിയോഗത്തിൽ സംശയങ്ങൾ ഉയരുന്നത്. മരണത്തെ കുറിച്ചുള്ള എഴുത്ത് ആ സംശയം സജീവമാക്കുന്നു.

'കുറേശ്ശെ ഉമിനീർ ദീർഘകാലഘട്ടത്തിൽ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്.' 'ചിലയാളുകൾ നല്ലവണ്ണം കരുതൽ കാണിക്കും. അതിനെയാണ് സ്നേഹം എന്ന് പറയുന്നത്. ' 'ജീവിതം എന്ന് പറയുന്നത് ബില്ലുകൾ അടക്കുക എന്നതാണ്. ' 'ഞാൻ വിചാരിക്കുന്നത് കലയിൽ പ്രത്യേകിച്ച് സിനിമയിൽ, ആളുകൾ അവർ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ്.' 2020 ൽ പങ്കുവച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് പ്രതാപ് പോത്തൻ കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചിരുന്നു. കശുവണ്ടി കറിയും മുട്ടയും കൊളസ്ട്രോൾ കൂട്ടില്ലേ എന്നൊരാൾ അദ്ദേഹത്തോട് ചോദിച്ചു. എഴുപത് വയസ്സിൽ ആര് ഇതൊക്കെ ശ്രദ്ധിക്കാനാണെന്ന് പ്രതാപ് പോത്തൻ മറുപടി പറഞ്ഞു.

തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാർന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയായിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായി. തന്റെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് മരണം ചർച്ചയാക്കുന്ന യാഥാർത്ഥ്യം. സിനിമയിലും പരസ്യ ലോകത്തും സജീവമായ പ്രതാപ് പോത്തൻ.

അദ്ദേഹത്തിന്റെ അവസാന ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ :

'എനിക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയിൽ എല്ലാവരും നിലനിൽപിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്' - ജിം മോറിസൺ

പതിനാറ് മണിക്കൂർ മുൻപ് രണ്ട് ഫേസ്‌ബുക്ക് പോസ്റ്റാണ് ഇട്ടത്.

'ഗുണനം എന്നത് ഒരു കളിയുടെ പേരാണ്. എല്ലാ തലമുറകളും ആ കളി കളിക്കുന്നു'.

'ജീവിതം എന്നത് ബില്ലുകൾ അടയ്ക്കാനാണ്'

പതിനെട്ട് മണിക്കൂറുകൾ മുൻപ് പോസ്റ്റ് ചെയ്തത് :

'ഒരു പ്രശ്നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ ലക്ഷണങ്ങൾക്ക് ചികിത്സ നൽകിയാൽ പിന്നെ നിങ്ങൾക്ക് ഫാർമസിയെ ആശ്രയിക്കേണ്ടി വരും'.

ഇന്നലെ രാത്രി 9.38 ന് പോസ്റ്റ് ചെയ്തത്

'ദീർഘകാലം ചെറിയ അളവിൽ ഉമിനീർ വിഴുങ്ങുന്നതാണ് മരണത്തിന് കാരണം'- ജോർജ് കാർലിൻ

ഇന്നലെ രാത്രി 9.36 ന് പോസ്റ്റ് ചെയ്തത്

'ചിലയാളുകൾ കുറച്ച് കൂടുതൽ കരുതൽ കാണിക്കും. അതാണ് പ്രണയം എന്ന് തോന്നുന്നു'- എഎ.മിൽനെ- വിന്നി ദ പൂ

ഈ പോസ്റ്റുകളുടെ താഴെ നിരവധി ആരാധകരാണ് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമ്മാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്ന വ്യക്തിയായിരുന്നു പ്രതാപ് പോത്തൻ. ഇന്ന് രാവിലെയാണ് ചെന്നൈയിലെ ഫ്ളാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.