ആലപ്പുഴ: കായംകുളം എംഎ‍ൽഎ: ആയതുമുതൽ പ്രതിഭാ ഹരിയുടെ യാത്ര വിവാദത്തിലായിരുന്നു. മുമ്പൊരിക്കലും ഒരു സിപിഎം എംഎൽഎയും നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾ അവർ നേരിട്ടു. അതിനെല്ലാം ഉറച്ച മനസോടെ മറുപടി നൽകി തിരിച്ചടിച്ച് വീണ്ടും പൊതു പ്രവർത്തകയായി നിറഞ്ഞു. ഇപ്പോൾ വിവാഹ മോചന വാർത്തയാണ് പ്രതിഭാ ഹരിയെ ചർച്ചകളിൽ എത്തിക്കുന്നത്. ഈ വിഷയവും ഇത്തവണ സിപിഎം ആലപ്പുഴ സമ്മേളനത്തിൽ വിഷയമാക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം.

ഞാൻ ചുരിദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് പ്രശ്നം; യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു; പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? സൂരിനമ്പൂതിരി പ്രയോഗത്തിന് തുടർച്ചയെന്നോണം ശക്തമായി പ്രതികരിച്ച് വീണ്ടും പ്രതിഭാഹരി വാർത്തകളിലെത്തിയത് ഇങ്ങനെയായിരുന്നു. ഇതൊന്നും സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന് പിടിച്ചിരുന്നില്ല. ഇതിനിടെയാണ്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ ഭർത്താവ് കെ.ആർ. ഹരിയിൽനിന്നു വിവാഹമോചനം തേടി പ്രതിഭ നൽകിയ ഹർജിയിൽ ഇന്നലെ നടന്ന കൗൺസിലിങ് തീരുമാനമാകാതെ പിരിഞ്ഞു.

പത്തു വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുകയാണെന്നും ഏക മകനെ ഭർത്താവ് അന്വേഷിക്കുന്നില്ലെന്നും പ്രതിഭയുടെ ഹർജിയിൽ പറയുന്നു. ഹരി ഹർജിയെ എതിർത്തു. അടുത്ത മാസം വീണ്ടും കൗൺസിലിങ് നടത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കും. ഫേസ്‌ബുക്ക് പേജിൽ പ്രതിഭ പേരു മാറ്റിക്കഴിഞ്ഞു. അഡ്വ. യു. പ്രതിഭ എംഎ‍ൽഎ. എന്നാണ് ഫെയ്സ് ബുക്കിൽ ഇപ്പോഴുള്ളത്. എംഎൽഎയുടെ വിവാഹമോചന ഹർജി പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് വരുത്താനാണ് ചിലരുടെ ശ്രമം. എന്നാൽ വ്യക്തിജീവിതവും രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കാതെ എംഎൽഎ മുന്നോട്ട് പോകും.

നേരത്തേ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതിഭ കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. സിപിഎം. പ്രവർത്തകനായിരുന്ന ഹരിയും ഇതേ നാട്ടുകാരനാണ്. പ്രതിഭ നേരത്തേ തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പ്രതിഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഹരിപ്പാട് സ്ഥാനാർത്ഥിയും. പിന്നെ കരുത്ത് തെളിയിച്ച് നിയമസഭയിലും. ഇതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്. മന്ത്രി ജി സുധാകരനുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസം എംഎൽഎയ്ക്ക് വെല്ലുവിളിയായെത്തി. പരസ്യമായി തന്നെ പാർട്ടിയിലെ എതിരാളികൾക്ക് പ്രതിഭ മറുപടി നൽകിയിരുന്നു. ഇതിൽ വേദനിച്ചവർക്ക് കുടുംബ കോടതിയിലെ കേസും പുതിയൊരു ആയുധമായി മാറും.

വിശുദ്ധ പാപങ്ങളുടെ ഇന്ത്യയെന്ന പുസ്തകത്തെ അവലംബിച്ചു തെങ്ങമത്ത് യുവരശ്മി വായനശാല നടത്തിയ ചർച്ചയിൽ ്പ്രതിഭ നടത്തിയ പ്രസംഗം സിപിഎമ്മിലെ നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു. വനിതകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ല, അവർ എന്തു വേഷം ധരിക്കുന്നു എന്നാണ് ചർച്ചയാകുന്നത് എന്ന് അവർ പറഞ്ഞിരുന്നു. താൻ ചുരീദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് വാർത്തയായത്. യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു. പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? കേരളത്തിനു പുറത്ത് ദലിതുകൾ നേരിടുന്ന അവസ്ഥ ദയനീയമാണ്. കേരളത്തിലെ ദലിത് സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും അവിടുത്തെ കാര്യങ്ങളിലാണ് അതീവശ്രദ്ധ പുലർത്തേണ്ടതെന്നും പ്രതിഭാ ഹരി കുട്ടിചേർത്തു. ഇതുകൊള്ളേണ്ടിടത്തുകൊള്ളുകയും ചെയ്തു.

ലെഗ്ഗിൻസ് ധരിച്ച് പൊതുവേദികളിലെത്തുന്നുവെന്നും പുരുഷ സുഹൃത്തുമായി ചുറ്റിത്തിരിയുന്നുവെന്നും ഇതെല്ലാം പാർട്ടിക്ക് തലവേദനയാകുന്നുവെന്നും ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പ്രതിഭാഹരിയും പാർട്ടിയിലെ ഉന്നതരും തമ്മിലുള്ള പടലപ്പിണക്കം ചർച്ചയായത്. ഇത്തരത്തിൽ കരുതിക്കൂട്ടി വാർത്തകൾ നൽകുകയായിരുന്നു എന്ന അഭിപ്രായവും ഉയർന്നു. ഇതോടെ പ്രതിഭാഹരി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചർച്ചയായി. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തൻ തലമുറ ശുംഭന്മാർ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും;പ്രചരിപ്പിക്കും. ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചർച്ചയാകുന്നതിന്റെ പൊരുൾ ഇത്ര മാത്രമെന്ന് ഓർക്കുക വല്ലപ്പോഴും..തന്റേടമുള്ള പെണ്ണിന്റെ കൈ മുതൽ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്.

ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങൾ നീന്തി തളർന്ന വ രാ ണ് എന്റെ സ്നേഹിതർ.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാർ......സൂരി നമ്പൂതിരിയുടെ കണ്ണുകൾ സ് ത്രീ യുടെ വസ്ത്രത്തിൽ ഉടക്കി നിൽക്കും. അയയിൽ കഴുകി വിരിക്കാൻ പോലും അവർ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?....ധീരൻ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു... അനുനിമിഷം മരിക്കേണ്ടവർ നമ്മൾ അല്ല .. കണ്ണുനീരിന് രക്തത്തിന്റെ നിറം.... രക്തത്തിന്റെ രുചി.... ഓർക്കുക വല്ലപ്പോഴും എ്ന്നാണ് അതി രൂക്ഷമായിതന്നെ പ്രതിഭ തനിക്കെതിരെ പാർട്ടിയിലെ ഉന്നതൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ പ്രതികരിച്ചത്. ഇതോടെ പാർട്ടിക്കു പുറത്തും സംഭവം വലിയ ചർച്ചയായി. മന്ത്രി ജി സുധാകരനും എംഎൽഎയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇതിന് പിന്നാലെ മറനീക്കി പുറത്തുവരികയും ചെയ്തു.

സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ പ്രതിഭയ്ക്കു വിലക്കേർപ്പെടുത്തിയതും വലിയ വാർത്തയായി. പണക്കൊതിയില്ലാത്ത തന്നെ പണം വാങ്ങണമെന്ന് ഉപേദേശിക്കാൻ പലരും ശ്രമിച്ചെന്നും ഇതിനായി ആർക്കും പ്രശ്നമില്ലാത്ത ചിലതു കണ്ടില്ലെന്നു നടിച്ചാൽ മതിയെന്നുമാണ് അന്നു പ്രതിഭ പറഞ്ഞത്. ഇപ്പോഴത്തെ റൂട്ട് ഒന്നു മാറ്റി പിടിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും ഉപദേശം ലഭിച്ചു. ഇത്തരത്തിൽ പാർട്ടിയിൽ ആലപ്പുഴയിലെ ഈ പോര് വലിയ വിഷയമായി മാറുന്നതിനിടെ അനുരഞ്ജനത്തിന് പാർട്ടി നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ യോഗത്തിൽ എംഎൽഎയുടെ നിലപാടിനൊപ്പം തോമസ് ഐസക് നിന്നതും ശ്രദ്ധേയമായിരുന്നു. ഇതിനിടെ നേതാക്കളുടെ ആഡംബരുവും പ്രസംഗത്തിലൂടെ ചർച്ചയാക്കി. ഇതെല്ലാം സിപിഎമ്മിലെ ഒരു വിഭാഗത്തെ പ്രതിഭയുടെ ശത്രുക്കളാക്കി.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകവൃത്തി നടത്തി. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത പ്രതിഭ പിതാവിന്റെ നിർബന്ധത്തിനാണു മത്സരിച്ചത്. 2005ൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു. വനിതാ സംവരണമായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വർഷം ജില്ലയിൽ നിറഞ്ഞു നിന്ന പ്രവർത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിച്ചത്. അങ്ങനെയാണ് അവർ എംഎൽഎ ആകുന്നതും.