ടി ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ മലയാളം പള്ളിക്കൂടം ടെക്‌നോപാർക്കിൽ ആരംഭിക്കുന്നു. 2017 ഒക്ടോബർ 8 ആം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ വച്ച് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കുട്ടികൾക്ക് സ്‌ളേറ്റും മഷിത്തണ്ടും നൽകി ഉദ്ഘാടനം നിർവ്വഹിക്കും.

തുടർന്ന് പ്രശസ്ത കവി മധുസൂദനൻ നായർ, ആരാധ്യനായ മേയർ വി കെ പ്രശാന്ത്, ഡോ.ഡി .ബാബുപോൾ, ഐ ടി സെക്രട്ടറി ശിവശങ്കർ, ആർട്ടിസ്റ്റ് ഭട്ടതിരി, ടെക്‌നോപാർക്ക് സിഇഒ ഹൃഷികേശ് നായർ എന്നിവർ കുട്ടികളുമായി സംവദിക്കും. മലയാളം പള്ളിക്കൂടത്തിന്റെയും പ്രതിധ്വനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഐ ടി ജീവനക്കാരുടെ മക്കൾക്കായി ടെക്നോപാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന മലയാളം പള്ളിക്കൂടം, എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ 1 മണിവരെയാണ് പതിവായുള്ള ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്.

അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾക്കാണ് പ്രവേശനം. മണലിലും കല്ല് സ്‌ളേറ്റിലുമായി എഴുത്ത്, അക്ഷര സ്ഫുടതയോടെ മലയാളം ഉച്ചരിക്കാൻ സഹായിക്കുന്ന പാട്ടുകൾ, കവിതകൾ, ചൊല്ലുകൾ , നാടകങ്ങൾ , കുട്ടികളെ ചിന്തിപ്പിക്കാൻ സഹായിക്കുന്ന കടംകഥകൾ, പഴം ചൊല്ലുകൾ എന്നിവയാണ് അക്ഷര കളരിയിലെ പാഠ്യ വിഷയങ്ങൾ. ഭാഷണകല, കവിതാലാപനം, കഥാകഥനം, നാടൻ പാട്ട്, നാടകം, വ്യാകരണ പഠനം എന്നിവയ്ക്ക് പുറമെ മാതൃഭാഷയിലൂടെ പാരമ്പര്യ മൂല്യങ്ങളും പൊതു വിജ്ഞാനവും ഭാഷാ പഠനക്കളരിയിലെ പാഠ്യ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രശസ്തരോടൊപ്പം അനുഭവങ്ങൾ പങ്കിടാനും , മാനസിക വ്യായാമത്തിനുതകുന്ന നാടൻ കളികളും, നാട്ടറിവുകളും അനുഭവങ്ങളും നൽകുന്ന പഠന യാത്രകളും മലയാളം പള്ളിക്കൂടം ഐ ടി ജീവനക്കാരുടെ മക്കൾക്കായി ഒരുക്കുന്നുണ്ട്. ശ്രീ മധുസൂദനൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, പ്രഭാവർമ്മ , ഡോ: അച്യുത് ശങ്കർ, കാനായികുഞ്ഞിരാമൻ , ഡി ബാബു പോൾ തുടങ്ങിയവരുടെ മാർഗ നിർദ്ദേശാനുസരണം ആണ് മലയാളം പള്ളിക്കൂടം ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
മീര എം എസ് -9562293685 - (meerams6444@gmail.com)
സതീഷ് കുമാർ - 9961465454 - (tosktvm@gmail.com )

പങ്കെടുക്കാൻ താല്പര്യമുള്ളവർ പേരുകൾ ഒക്ടോബർ 7 നു മുൻപായി രജിസ്റ്റർ ചെയ്യുകയും ഉത്ഘാടന ദിവസം ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് തന്നെ ടെക്നോപാർക്ക് ക്ലബ്ബിൽ എത്തിച്ചേരണം എന്നും അഭ്യർത്ഥിക്കുന്നു.