ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി കഴക്കൂട്ടം സ്റ്റെഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനു വേണ്ടി റാലിയും കൂട്ടായ്മയും സംഘടിപ്പിക്കുന്നു. കഴക്കൂട്ടം റെയിവേ സ്റ്റേഷനിലേക്ക് പ്രതിഷേധ റാലി 2017 ഓഗസ്റ്റ് 18 നു വൈകുന്നേരം 4pmനു ടെക്നോപാർക് മെയിൻ ഗേറ്റിൽ നിന്നും ആരംഭിക്കും. റാലിയെ തുടർന്ന് 5pm നു റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ കൂട്ടായ്മയും ഉണ്ടാകും. എം പി മാർ, എം എൽ എ, മേയർ, മറ്റു ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവർ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കും.

അമ്പതിനായിരത്തിലധികം വരുന്ന ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരിൽ ഭൂരിഭാഗവും ദൂര സ്ഥലങ്ങളിൽ നിന്ന് വന്നു താമസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഏറെ നാളായി കഴക്കൂട്ടം റെയിവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനു സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യവുമായി പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഐ ടി ജീവനക്കാർ രംഗത്തുണ്ടായിരുന്നു. ദിവസവും ട്രെയിനിൽ വീട്ടിൽ പോയി വരുന്നവർക്കും വെള്ളിയാഴ്ചകളിൽ വീട്ടിൽ പോയി തിങ്കളാഴ്ച വരുന്നവർക്കും വൈകുന്നേരം ജോലി സമയത്തിനു ശേഷം തമ്പാനൂർ റെയിവേ സ്റ്റേഷനിലേക്ക് എത്തുക എന്നത് ഏറെ പ്രയാസകരമാണ്, അതിനാൽ കൂടുതൽ പേരും സ്വകാര്യ ബസ് സർവീസുകളെയാണ് ആശ്രയിക്കുന്നത്. ഇത് ഓരോ വ്യക്തികൾക്കും നല്ല രീതിയിൽ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. നാഗർകോവിൽ ഭാഗത്തു നിന്ന് വരുന്ന നൂറു കണക്കിന് ജീവനക്കാർക്ക് രാവിലെ ജയന്തി ജനത ട്രെയിൻ കഴക്കൂട്ടത്ത് നിർത്തിയാൽ വളരെ ഉപകാരപ്രദമാകും, ആലപ്പുഴ വഴിയുള്ള ഒരു ട്രെയിനിനും നിലവിൽ സ്റ്റോപ്പില്ല, വടക്കൻ കേരളത്തിലേക്കും, ചെന്നൈയിലേക്കും, ബാംഗ്‌ളൂരിലേക്കുമുള്ള ട്രെയിനുകൾ ഇവിടെ കഴക്കൂട്ടത്ത് നിർത്തിയാൽ നൂറു കണക്കിന് ഐ ടി ജീവനക്കാർക്ക് പ്രയോജനം ചെയ്യുമെന്നതിൽ സംശയമേയില്ല.

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ഇത്തരത്തിലുള്ള യാത്ര ക്ലേശങ്ങളും അതെങ്ങനെ ഓരോരുത്തരുടെയും വെക്തി ജീവിതത്തെ ബാധിക്കുന്നു എന്നു പൊതു സമൂഹത്തെയും ഭരണാധികാരികളെയും ബോധ്യപെടുത്തുന്നതിനായി ലിബറേറ്റർസ് (LIBERATORS) എന്ന ഹ്രസ്വ ചിത്രം ഒരുക്കിയാണ് നാലു വർഷം മുൻപ് പ്രതിധ്വനി ആദ്യമായി ട്രെയിൻ യാത്രക്കാരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തത്. കൂടുതൽ ട്രെയിനിനു സ്റ്റോപ്പ് അനുവദിപ്പിക്കുന്നതിനായി എണ്ണമറ്റ ക്യാമ്പയിനുകളാണ് പ്രതിധ്വനി നടത്തിയത്.

കേന്ദ്ര റെയിൽവേ മന്ത്രി, ഡോ : ശശി തരൂർ എം പി, ഡോ: സമ്പത് എം പി, എം എൽ എ മാർ, മാറി മാറി വരുന്ന തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ മാർ ( രാജേഷ് അഗർവാൾ , സുനിൽ ബാജ്‌പേയ് , നിലവിൽ പ്രകാശ് ഭൂട്ടാനി ) തുടങ്ങിയവർക്കൊക്കെ റെയിൽവേ സ്റ്റോപ്പുകളുടെ ആവശ്യം ബോധ്യപ്പെടുത്തി നിരവധി അഭ്യർത്ഥനകളാണ് നൽകിയത്. കഴക്കൂട്ടം എം എൽ എയും മന്ത്രിയുമായിരുന്ന ശ്രീ കടകംപള്ളി സുരേന്ദ്രനും നിവേദനം നൽകുകയും അദ്ദേഹം കൂടുതൽ സ്റ്റോപ്പ് ലഭിക്കേണ്ടതിന്റെ ആവശ്യകത പ്രത്യേക ദൂതൻ വഴി റെയിൽവേ മന്ത്രിക്കു നിവേദനം നൽകുകയും ചെയ്തിരുന്നു.

സിഗ്‌നേച്ചർ കാമ്പയിനും സെൽഫി വീഡിയോ ക്യാമ്പയിനും ഹാഷ് ടാഗ് ക്യാമ്പയിനും ഉൾപ്പെടെ തുടർച്ചയായ പ്രവർത്തനങ്ങളാണ് റയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്താൻ വേണ്ടി പ്രതിധ്വനി നടത്തിയത്. ആവശ്യം ന്യായമാണ് എന്ന ബോധ്യം എല്ലാവരും ബോധ്യപ്പെടുന്നുണ്ടെങ്കിലും കൂടുതൽ സ്റ്റോപ്പുകൾ പ്രവർത്തികമാകുന്നതിൽ പൂർണ്ണമായും അവഗണിക്കപ്പെടുന്നു എന്ന് ബോധ്യമായതിനാലാണ് പ്രത്യക്ഷ പ്രതിഷേധറാലിയിലേക്ക് ഞങ്ങൾ എത്തിയത്.

എല്ലാ ഐ ടി ജീവനക്കാരെയും റാലിയിലും പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുക്കാൻ പ്രതിധ്വനി ക്ഷണിക്കുന്നു.