വിവിധ ഐ ടി കമ്പനികളിൽ ജോലിചെയ്യുന്ന വനിതകൾക്കായി ടെക്നോപാർക്കിനുസമീപം സർക്കാരിന്റെ ''വർക്കിങ് വുമൺ ഹോസ്റ്റല്'' വരുന്നു. പൗണ്ട്കടവിൽ കാഞ്ഞിരമുട്ടം മുസ്ലിംപള്ളിക്ക് മുന്നിലുള്ള ആറേക്കർ സ്ഥലം ഇതിനായി കണ്ടെത്തി. പത്തു നിലകളുള്ള ഹോസ്റ്റലിൽ 540 മുറികളുണ്ടാകും, 1300 പേർക്ക് താമസിക്കാം. 102 കോടി രൂപ ചെലവിലാണ് ഹോസ്റ്റൽ മന്ദിരം നിർമ്മിക്കുന്നത്. 2020 ഡിസംബറിൽ പണി പൂർത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ടെക്നോപാർക്കിലെ അരലക്ഷത്തോളം വരുന്ന ടെക്കികളിൽ പകുതിയിലേറെയും വനിതാ ജീവനക്കാരാണ്.

ഭവനനിർമ്മാണ വകുപ്പിനാണ് നിർമ്മാണച്ചുമതല. നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ബൈപ്പാസിൽ കുഴിവിള ജങ്ഷനിൽ നിന്നു കഷ്ടിച്ച് അരകിലോമീറ്റർ മാത്രമാണ് ഈ സ്ഥലത്തേക്കുള്ളത്. സ്വകാര്യ ഹോസ്റ്റലുകളാണ് ഇപ്പോൾ ടെക്നോപാർക്കിലെ ജീവനക്കാരുടെ ആശ്രയം. പലരും വലിയ തുകകളാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുമെത്തുന്ന വനിതാ ജീവനക്കാർക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു.