കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ ക്വിസ ഫിലിം ഫെസ്റ്റിവെലിന്റെ ( PQFF 2018) ഭാഗമായി, വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയിൽ വിരിഞ്ഞ 'പ്രേമലേഖനം' കഥയെ ആസ്പദമാക്കിയുള്ള നാടകം ഭവാനി അട്രിയത്തിൽ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള നാടകപ്രേമികൾ നെഞ്ചേറ്റിയ നാടകം ആസ്വദിക്കാൻ വിവിധ കമ്പനികളിലെ ഇരുന്നൂറ്റി അൻപതിലധികം ഐ ടി ജീവനക്കാരാണ് ഭവാനി അട്രിയത്തിൽ എത്തിച്ചേർന്നത്.

ഹർഷാരവത്തോടെയാണ് നാടകത്തിലെ സംഭാഷണങ്ങളെ ടെക്കികൾ എതിരേറ്റത്. അവതരണശേഷം നിരവധി ഐ ടി ജീവനക്കാർ നാടകാവതാരണത്തെയും അത് നൽകിയ സന്ദേശത്തെയും അഭിനന്ദിച്ചു സംസാരിച്ചു. മലയാളിയുടെ എക്കാലത്തെയും ഗൃഹാതുരതയുടെ ഭാഗമായ കേശവൻ നായരും സാറാമ്മയുമായി അമൽ രാജും ലക്ഷ്മിയുമാണ് അരങ്ങിൽ എത്തിയത്.

ബഷീർ മണക്കാട് രചന നിർവഹിച്ചിരിക്കുന്ന നാടകം സംവിധാനം ചെയ്തതു സൂര്യകൃഷ്ണമൂർത്തിയാണ്. ഡിസംബർ 15, 16 തീയതികളിൽ ടെക്നോപാർക്കിൽ വച്ചാണ് കേരളത്തിലെ ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത ലഘു ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടി പ്രതിധ്വനി സംഘടിപ്പിക്കുന്ന ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ നടക്കുക. പ്രശസ്ത നിരൂപകൻ എം എഫ് തോമസ് അധ്യക്ഷനും പ്രശസ്ത സംവിധായകൻ ഷെറി, പ്രശസ്ത സിനിമാട്ടോഗ്രഫർ ഫൗസിയ ഫാത്തിമ എന്നിവർ ജൂറി അംഗങ്ങളുമാണ്. നവ കേരള നിർമ്മിതി വിഷയമായി പ്രത്യേക മൈക്രോ വിഭാഗം മേളയുടെ ഭാഗമായി ഉണ്ട്.

പ്രതിധ്വനിയുടെ ക്വിസ ഫിലിം ഫെസ്റ്റിവെലിന്റെ ഭാഗമായി ഇന്ന് (13 ഡിസംബർ) ജയരാജിന്റെ ദേശീയ അവാർഡ് നേടിയ സിനിമ 'ഭയാനകം' വും വെള്ളിയാഴ്ച (14 ഡിസംബർ) ഇന്ദ്രൻസിനു മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത അഭിലാഷിന്റെ 'ആളൊരുക്കം' വും ട്രാവൻകൂർ ഹാളിൽ വൈകുന്നേരം 6pm നു പ്രദർശിപ്പിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ റിജി നായരുടെ 'ഒറ്റമുറി വെളിച്ചം' പ്രദർശനം , ലൈറ്റ് മ്യൂസിക് ഗാനമേള എന്നിവ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നിരുന്നു.