ഴക്കൂട്ടത്തിനടുത്ത് കേരള സർക്കാർ ടെക്കികൾക്കായുള്ള വനിതാ ഹോസ്റ്റൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചില സ്ഥാപിത താത്പര്യങ്ങളാകും ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് നിസംശയം പറയാൻ കഴിയും. ഹോസ്റ്റലിന്റെ പണി ഉടൻ ആരംഭിക്കാൻ ഇരിക്കെയാണ് ഇത്തരം പ്രചാരണങ്ങൾ ആരംഭിച്ചിട്ടുള്ളത്. ടെക്കികൾക്കായുള്ള സർക്കാർ വനിതാ ഹോസ്റ്റല് എന്ന നമ്മുടെ ചിരകാല സ്വപ്നം അട്ടിമറിക്കാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടു ടെക്നോപാർക്കിലെ ഐ ടി വനിതാ ജീവനക്കാരുടെ കൂട്ടയ്മയായ പ്രതിധ്വനി വനിതാ ഫോറം മന്ത്രിയും എം എൽ എ യുമായ കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി.

പൗണ്ട്കടവിൽ കാഞ്ഞിരമുട്ടം മുസ്ലിംപള്ളിക്ക് മുന്നിലുള്ള സർക്കാരിന്റെ ആറേക്കർ സ്ഥലത്തിൽ 2.19 ഏക്കർ സ്ഥലം ആണ് ഹോസ്റ്റെലിനായി കണ്ടെത്തിയത്. 102 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന 2.75 ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഹോസ്റ്റൽ മന്ദിരത്തിൽ 10 നിലകളിലായി 540 മുറികളാണുണ്ടാകുക, ആയിരത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടാകും. ഹൗസിങ് ബോർഡിനാണ് നിർമ്മാണ ചുമതല, 2020 ഡിസംബറിൽ ഹോസ്റ്റലിന്റെ പണി പൂർത്തിയാക്കാൻ ആണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. ബൈപ്പാസിൽ കുഴിവിള ജങ്ഷനിൽ നിന്നു കഷ്ടിച്ച് അരകിലോമീറ്റർ മാത്രമാണ് ഈ സ്ഥലത്തേക്കുള്ളത്. ടെക്നോപാർക്കിലെ മൂന്നു ഫയ്സുകളിൽ ജോലി ചെയ്യുന്ന വനിതകൾക്കും 5 മിനുട്ട് കൊണ്ട് ഈ നിർദിഷ്ട്ട ഹോസ്റ്റൽ സ്ഥലത്തു എത്താൻ കഴിയും.

ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ
പ്രതിധ്വനി, 2016 ഓഗസ്റ്റിൽ മുഖ്യമന്ത്രിക്കും മന്ത്രിയും കഴക്കൂട്ടം എം എൽ എ യുമായ ശ്രീ കടകംപള്ളി സുരേന്ദ്രനും നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് കഴക്കൂട്ടത്ത് ഒരു വനിതാ ഹോസ്റ്റൽ ആരംഭിക്കണം എന്നതായിരുന്നു. അൻപതിനായിരത്തിലധികം പേർ ജോലി ചെയ്യുന്ന ടെക്‌നോപാര്ക്കിലെ നിലവിലുള്ള ഐ ടി ജീവനക്കാരില് പകുതിയിലേറെയും വനിതകളാണ്. നിലവില് സ്വകാര്യ ഹോസ്റ്റലുകളിലും വാടക വീടുകളിലും പേയിങ് ഗസ്റ്റ് സൗകര്യത്തിലും അമിത വാടക നൽകിയാണ് ടെക്കി വനിതകള് താമസിച്ചു വരുന്നത്. നാലു പേർ ഷെയർ ചെയ്യുന്ന ഒരു റൂമിനു ഇരുപതിനായിരം രൂപ വരെ ഈടാക്കുന്ന വനിതാ ഹോസ്റ്റലുകളുണ്ട് കഴക്കൂട്ടത്ത്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിധ്വനി, വനിതാ ഐ ടി ജീവനക്കാർക്കായി സർക്കാർ തലത്തില് ഒരു വനിതാ ഹോസ്റ്റല് ആരംഭിക്കണം എന്ന ആവശ്യം ഉന്നയിക്കാന് തുടങ്ങിയത്. ആവശ്യം മനസ്സിലാക്കിയ ഐ ടി മിനിസ്റ്റർ കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഹോസ്റ്റല് നിർമ്മാണത്തിനാവശ്യമായ നടപടികൾക്കു നിർദ്ദേശം നൽകി.

ഹൗസിങ് ബോർഡിന് നിര്മ്മാണ ചുമതലയും കിഫ്ബി വഴി ആവശ്യമായ സർക്കാർ ഫണ്ട് കൈമാറുകയും ചെയ്തു കഴിഞ്ഞു. മന്ദിരത്തിന്റെ ഡിസൈൻ ആർക്കിടെക്ച്ചർ പൂർത്തിയാക്കി, നിലവിൽ പാരിസ്ഥിതിക പഠനം അവസാന ഘട്ടത്തിലാണ്. മന്ത്രിയും എം എൽ എ യുമായ ശ്രീ കടകംപള്ളി സുരേന്ദ്രന്റെ നിരന്തര ഇടപെടലുകളിലൂടെയാണ് ഇത്ര പെട്ടെന്ന് തന്നെ പണി ആരംഭിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിയത്.

ടെക്കികളുടെ ഏറ്റവും പ്രധാന ആവശ്യങ്ങളിലൊന്നായ സര്ക്കാര് വനിതാ ഹോസ്റ്റല് പദ്ധതി ഇപ്രകാരം ഊര്ജ്ജിതമായി പുരോഗമിക്കവെയാണ് നിലവിലില്ലാത്തൊരു റെയിൽവേ പുനരധിവാസത്തിന്റെ കഥയുമായി ചിലർ ഇറങ്ങി തിരിച്ചിരിക്കുന്നത്. റയിൽവെയുടെ പാത ഇരട്ടിപ്പിക്കല് പദ്ധതി മുൻ ഉദ്ദേശിച്ചിരിന്നയിടത്തിന് എതിര് ദിശയില് നടപ്പിലാകുകയും കുടിയൊഴിപ്പിക്കല് തന്നെ അപ്രകാരം നിരര്ത്ഥകമാകുകയും ചെയ്ത സാഹചര്യത്തിലും ഇല്ലാത്ത പുനരധിവാസത്തിന്റെ പേരും പറഞ്ഞ് ഈ പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണ് ചില സ്ഥാപിത താത്പ്പര്യക്കാർ.

ആകെയുള്ള ആറര ഏക്കര് സ്ഥലത്തില് കേവലം 2.19 ഏക്കര് മാത്രമാണ് ഹോസ്റ്റല് പണിയുവാനുപയോഗിക്കുന്നത് എന്നും ബാക്കിയുള്ള സ്ഥലം ഇനിയും മറ്റ് വികസന പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണെന്നും ഉള്ള യാഥാര്ത്ഥ്യത്തെ മറച്ചു വെച്ചു കൊണ്ടാണ് ഹോസ്റ്റല് പദ്ധതിക്ക് തുരങ്കം വെക്കുവാന് തുനിയുന്നത് എന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടമെന്ന ഐ ടി നഗരത്തിന്റെയും ടെക്‌നോപാര്ക്കിന്റെയും അനുബന്ധ വികസനത്തെ പുറകോട്ടടിക്കുവാന് മാത്രമാണ് ഇത്തരം നടപടികള് സഹായിക്കൂ എന്നും റിയല് എസ്റ്റേറ്റ് മാഫിയയെയും അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ഹോസ്റ്റല് ലോബിയെയും സഹായിക്കുവാനായി ചില സ്ഥാപിത താത്പര്യക്കാര് നടത്തുന്ന കുത്സിത ശ്രമങ്ങളായി മാത്രമേ ഇതിനെ പൊതുജനത്തിനും ഐ ടി ജീവനക്കാർക്കും കാണാനാകൂ.

പ്രതിധ്വനി വനിതാ ഫോറത്തിന് വേണ്ടി ,

സുദിപ്ത എസ്
സെക്രട്ടറി , പ്രതിധ്വനി വനിതാ ഫോറം
Mob : 8447344760

പ്രശാന്തി പ്രമോദ്
പ്രസിഡന്റ് , പ്രതിധ്വനി വനിതാ ഫോറം
Mob - 7012691936

മാഗി വൈ വി
വൈസ് പ്രസിഡന്റ് , പ്രതിധ്വനി
Mob - 9846500087