തിരുവനന്തപുരം: മുഖ്യധാരാ ചലച്ചിത്രങ്ങൾ മാത്രം തിയേറ്ററുകളെ ആകർഷിക്കുമ്പോൾ സമാന്തര ചലച്ചിത്ര സംരംഭങ്ങൾ പ്രദർശനവേദി കിട്ടാതെ, ജനങ്ങളിലേക്ക് എത്താതിരുന്ന കാലത്തിന് ഒരു മാറ്റം അടുത്ത കാലത്തായി കണ്ടു വരുന്നുണ്ട്. ചലച്ചിത്ര കൂട്ടായ്മകളുടെ സമാന്തരമായ ചലച്ചിത്രപ്രദർശനരീതികൾ സഞ്ചരിക്കുന്ന സിനിമാവണ്ടിയായും ഒക്കെ ഇന്ന് നമ്മളിൽ ചിലർക്കെങ്കിലും പരിചിതമാണ്.

ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനിയുടെ ചലച്ചിത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്രപ്രേമികളുടെ ഏറെ പ്രശംസ ലഭിച്ച 'ശവം', 'കരി' എന്നീ ചലച്ചിത്രങ്ങൾ ചിത്രങ്ങളുടെ സംവിധായകരുടെ സാന്നിധ്യത്തിൽ ടെക്നോപാർക്കിൽ പ്രദർശിപ്പിക്കുന്നു.

ടെക്നോപാർക്ക് ജീവനക്കാർക്കായി കാമ്പസിൽ വിദഗ്ദ്ധർക്കുള്ള സിനിമാ വർക്ക് ഷോപ് വിജയകരമായി നടത്തിയാണ് പ്രതിധ്വനി ചലച്ചിത്ര ക്ലബ് ആരംഭിച്ചത്. കൂട്ടായ്മയുടെ രൂപീകരണത്തിന് മുൻപ് പ്രതിധ്വനി തന്നെ പാർക്കിൽ സമാന്തര ചലച്ചിത്ര പ്രദര്ശനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ദേശീയ അവാർഡ് നേടിയ സുവീരന്റെ 'ബ്യാരി' യും, സുവർണ ചകോരം നേടിയ ജയരാജിന്റെ 'ഒറ്റാൽ' തുടങ്ങിയ ചിത്രങ്ങൾ കാമ്പസിൽ എത്തിയത് അങ്ങനെയാണ്.

ഡോൺ പാലാത്തറ എന്ന സംവിധായകന്റെ കന്നി സംരംഭമായ 'ശവം', ഒരൊറ്റ ലൊക്കേഷനിൽ നാടകീയത അശേഷം ഒഴിവാക്കി ഒരു മൃതസംസ്‌ക്കാരമെന്ന സർവസാധാരണമായ സംഭവത്തിലൂടെ കാഴ്‌ച്ചക്കാരുമായ് സംവദിക്കാൻ ശ്രമിക്കുന്നതു വഴി തികച്ചും വ്യത്യസ്ഥമായ ഒരു സിനിമാ അനുഭവം ആയിരിക്കും മുന്നോട്ട് വയ്ക്കുന്നത്. നരണിപ്പുഴ ഷാനവാസ് ഒരുക്കിയ 'കരി'യാവട്ടെ , മലയാളിയുടെ മനസ്സിലും ജീവിതത്തിലും നിറഞ്ഞു നിൽക്കുന്ന വരേണ്യതയെയും അടിമത്തത്തെയും ശക്തമായി അടയാളപ്പെടുത്തുന്ന സൃഷ്ടിയാണ്.

ടെക്നോപാർക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ 27 വൈകുന്നേരം 6 മണിക്ക് 'ശവം' എന്ന ചിത്രവും ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം 6 മണിക്ക്
'കരി' എന്ന ചിത്രവും പ്രദർശിപ്പിക്കും. സിനിമ പ്രദർശനത്തിന് ശേഷം ഈ സിനിമകൾ അണിയിച്ചൊരുക്കിയ സംവിധായകരുമായി സംവദിക്കാനും അവസരമുണ്ടായിരിക്കുന്നതാണ്.

ടെക്നോപാർക്കിലെ എല്ലാ സിനിമാപ്രേമികളെയും ഈ നവസിനിമാ തരംഗത്തിന്റെ ഭാഗമാകുവാൻ പ്രതിധ്വനി ക്ഷണിക്കുന്നതായി അറിയിച്ചു. ഹാളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.