തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ  നിർദ്ധന കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതിക്ക്  രൂപം കൊടുത്തിരിന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ടെക്‌നോപാർക്കിനുള്ളിലെ പാർക്ക് സെന്ററിൽ പി. വിജയൻ ഐപിഎസ് നിർവഹിച്ചു.

തിരഞ്ഞെടുക്കപ്പെട്ട 51 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കുകയും സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡുവായ 6000 രൂപയുടെ ചെക്ക് (ആദ്യ 6 മാസത്തെക്കുള്ളത്) ഏറ്റുവാങ്ങുകയും ചെയ്തു. ആകെ സ്‌കോളർഷിപ്പ് തുകയായ 24,000 രൂപയിൽ ബാക്കിയുള്ള തുക 3 മാസത്തിലൊരിക്കൽ അതാത് വിദ്യാർത്ഥികളുടെ  ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും.

ആകെയുള്ള 117 യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും 25 പേർക്ക് സഹായം നൽകുവാനാണുദ്ദേശിച്ചിരിന്നതെങ്കിലും 51 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നല്കുവാനുള്ള സ്‌പോൺസർമാരെ കണ്ടെത്താൻ പ്രതിധ്വനിക്കു കഴിഞ്ഞിരിന്നു. തിരഞ്ഞെടുക്കപ്പെട്ട 51 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സ്‌പോൺസർമാരും ചടങ്ങിൽ സന്നിഹിതരായിരിന്നു. വളരെ നല്ല പ്രതികരണമാണ് പ്രതിധ്വനിക്ക് ഇതിനായി ലഭിച്ചത്. ഇനിയും സഹായം നല്കാൻ സന്നദ്ധരായി പലരും മുന്നോട്ടു വരുന്നുണ്ടെന്നും. അതിനാൽ, ഇനിയും കൂടുതൽ കുട്ടികളിലേക്ക് ഈ പദ്ധതിയുടെ ഗുണമെത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിധ്വനി ഭാരവാഹികൾ അറിയിച്ചു.
തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പി, വിജയൻ IPS വലിയ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും അത് സഫലീകരിക്കാൻ കഠിന പ്രയത്‌നം ചെയ്യുവാനും കൂട്ടികളെ  പ്രചോദിപ്പിച്ചു. ഒരു പൗരൻ  എന്ന നിലയിൽ  നമുക്ക് ഓരോരുത്തര്ക്കും സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി.

ടെക്‌നോപാർക്ക് CEO ഗിരീഷ് ബാബുവും യോഗത്തിൽ സന്നിഹിതനായിരിന്നു. കഴിഞ്ഞ കുറെ നാളുകളായി ടെക്‌നോപാർക്കിനുള്ളിൽ പ്രതിധ്വനിയുൾപ്പെടെയുള്ള സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനപരമായ പ്രവർത്തനങ്ങളിൽ തനിക്കുള്ള അതിയായ സന്തോഷം അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞു.  ഈ പദ്ധതിയുടെ മഹത്തായ ദർശനത്തിലും അതിനു ലഭിച്ച ആവേശകരമായ പ്രതികരണത്തിലും പ്രചോദനം ഉൾക്കൊണ്ട് ഈ പദ്ധതിക്ക് ടെക്‌നോപാർക്കിന്റെ വക സംഭാവന ആയി 5 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഈ തുക മൂലം ഇപ്പോൾ സഹായം നല്കിയ 51 കുട്ടികൾക്ക്  പുറമേ ഇനിയും അർഹരായ 21 കുട്ടികൾക്ക് കൂടി സഹായം നല്കുവാനാകും എന്നത് ഒരു വലിയ കാര്യമായി ഞങ്ങൾ കരുതുന്നു. പ്രതിധ്വനിയുടെ എല്ലാ  ഭാവി പ്രവർത്തനങ്ങളിലും പാർക്ക്  സെന്ററിന്റെ അകമഴിഞ്ഞ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു,

പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. വിനീഷ് ടി സ്വാഗതവും ഷഫീന നന്ദിയും  പറഞ്ഞു. വിനീത് ചന്ദ്രൻ ഓരോ കുട്ടികളെയും വേദിയിലേക്ക്  വിളിക്കുകയും  പി വിജയൻ, ഗിരീഷ് ബാബു  എന്നിവരും , കുട്ടികളെ സ്‌പോൺസർ ചെയ്ത പാർവതി എൻ പിള്ള , പ്രഭ എൻ പിള്ള, ടി ജി തങ്കച്ചൻ, അനസ്, മഹേഷ്, ഷാഗിൻ എന്നിവരും കൂടി ചേർന്ന് കുട്ടികൾക്ക് ചെക്ക് വിതരണം ചെയ്തു.  പ്രതിധ്വനി പ്രസിഡന്റ്  ബിജുമോൻ, പി വിജയന് ഉപഹാരം നല്കി.  പി വിജയന്റെ ജീവിതത്തെ പറ്റിയുള്ള ഒരു മുഖവുര  റനീഷ് എ ആർ അവതരിപ്പിച്ചു.