തിരുവനന്തപുരം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്, കേരള പുനർ നിർമ്മാണത്തിനായി 8.38 ലക്ഷം സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ വച്ച് പ്രതിനിധി ഭാരവാഹികൾ തുക കൈമാറി.

നിരവധി പ്രവർത്തനങ്ങൾ ആണ് പ്രളയത്തിന്റെ സമയത്തു പ്രതിധ്വനി ഏറ്റെടുത്തത്. പ്രളയത്തിന്റെ ഭീകരത ബോധ്യമായപ്പോൾ തന്നെ പ്രതിധ്വനി യുടെ നേതൃത്വത്തിൽ റിലീഫ് കളക്ഷൻ സെന്റർ തുടങ്ങുകയും മൂന്നു കോടിയോളം രൂപയുടെ അവശ്യ സാധനങ്ങൾ, 68 ട്രിപ്പുകളിലായി പ്രളയ ദുരിത മേഖലകളിലേക്ക് കയറ്റി അയച്ചിരുന്നു. പ്രതിധ്വനിയുടെ 'keralaneeds.com' വഴി ഒട്ടനവധി പേർക്ക് സുരക്ഷിത സ്ഥാനത്തു എത്താനും ഭക്ഷ്യ സാധനങ്ങൾ എത്തിക്കാനും കഴിഞ്ഞു. തിരുവനന്തപുരം ജില്ല ഭരണകൂടത്തെയും പ്രതിധ്വനിയുടെ ഐ ടി വോളന്റീർമാർ സഹായിച്ചിരുന്നു.

പത്തനംതിട്ട, പെരിങ്ങരയുള്ള പ്രിൻസ് മാർത്താണ്ഡവർമ്മ ഹയർ സെക്കണ്ടറി സ്‌കൂളിലും കുട്ടനാട് കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ എഞ്ചിനീയറിങ് കോളേജിലും പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഐ ടി വോളന്റീർമാർ രണ്ടു ദിവസം ക്ലീനിങ് പ്രവർത്തനത്തിലും പങ്കെടുത്തു. പ്രളയത്തിൽ എല്ലാം നഷ്ട്ടപെട്ട നൂറിലധികം സ്‌കൂളുകൾക്കാണ് പ്രതിധ്വനി 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം വഴി പഠനോപകരണങ്ങൾ നൽകിയത്. പ്രതിധ്വനിയുടെ അഭ്യർത്ഥന പ്രകാരം ടെക്നോപാർക്കിലും ഇൻഫോപാർക്കിലും ഉള്ള നിരവധി ഐ ടി ജീവനക്കാരാണ് കേരള പുനർ നിർമ്മാണത്തിന് സർക്കാരിന്റെ സാലറി ചലഞ്ചിൽ നേരിട്ട് പങ്കെടുത്തത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ഐ ടി ജീവനക്കാർ പ്രതിധ്വനിയെ ഏൽപ്പിച്ചതിൽ ബാക്കി വന്ന തുകയാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ജോഷി എ കെ, ട്രെഷറർ രാഹുൽ ചന്ദ്രൻ, വുമൺ ഫോറം പ്രസിഡന്റ് പ്രശാന്തി പ്രമോദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സതീഷ് കുമാർ, നിഷിൻ ടി എൻ, രജിത് വി പി, കിരൺ, ശാരി ഗൗരി, സുജാത വിഷ്ണു, അരുൺ ദാസ്, ശ്രീജിത്ത് കെനോത്, വിഷ്ണു രാജേന്ദ്രൻ , നെസിൻ ശ്രീകുമാർ, സന്ധ്യ ജോഷി, ധ്വനി എന്നിവർ സന്നിഹിതരായിരുന്നു.