ലണ്ടൻ: കടുത്ത വേനൽ എത്തിയപ്പോൾ അല്പം തണലും തണുപ്പും തേടി എത്തുന്ന മാരക വിഷമുള്ള പാമ്പുകളാണ് ഇപ്പോൾ ഓസ്ട്രേലിയൻ മലയാളികളുടെ വീടുകളിലെ പ്രധാന അതിഥി . ഓരോ ആഴ്ചയും ഓരോ പേരിട്ടെത്തുന്ന ചുഴലിക്കാറ്റും പേമാരിയും യുകെ മലയാളികൾക്കും കൂട്ടിനുണ്ട് . രാജ്യം ഒരിക്കലും കാണാത്ത വിധം തണുപ്പും മഞ്ഞുവീഴ്ചയും എത്തിയപ്പോൾ ഏഴു പേരുടെ കൂട്ടമരണം കാണേണ്ടി വന്ന വിറങ്ങിലിപ്പാണ് കനേഡിയൻ മലയാളികൾ പങ്കിടുന്ന വേദന . ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗത്തും കൊടിയ തരത്തിൽ ദുരിതങ്ങളും ദുരന്തങ്ങളും നേരിടുന്ന വാർത്തകളാണ് വിവിധ പ്രവാസി സമൂഹങ്ങൾ പങ്കിടുന്നത് .

കേരളത്തിനൊപ്പം ലോകത്തിന്റെ പലഭാഗത്തും അരങ്ങേറിയ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കെയാണ് പ്രകൃതി കോപം മൂലമുള്ള മറ്റു ദുരിതങ്ങളും അടിക്കടി എത്തുന്നത് . വേനൽ കടുപ്പം കാട്ടിയപ്പോൾ പാമ്പു ഭയം മൂലം ഓസ്ട്രേലിയൻ മലയാളികൾ ഉൾപ്പെടെയുള്ള ഓസിസ് ജനത കിടക്കയിൽ പോകാൻ പോലും മടിക്കുകയാണ് . നേരെ തിരിച്ചാണ് ബ്രിട്ടനിലും കാനഡയിലും മലയാളികൾ അടക്കമുള്ള ജനത അനുഭവിക്കുന്ന ദുരിതങ്ങൾ . ബ്രിട്ടനിൽ മഴയും കൊടുംകാറ്റും അടിക്കടി എത്തുമ്പോൾ കാനഡയിൽ പതിവില്ലാത്ത വിധം മഞ്ഞു മൂടിയാണ് ദുരിതം കൂടിയത് .

കൂട്ടിനു പാമ്പുകൾ മാത്രം , കിടക്കയിലും കിച്ചനിലും എല്ലാം പാമ്പിന്റെ കൂടാരങ്ങൾ

വേനൽക്കാലം കടുക്കുമ്പോൾ കാട്ടുതീ അടക്കമുള്ള പ്രയാസങ്ങളാണ് ഓസ്ട്രേലിയൻ ജനതയെ തേടി എത്തുന്നതെങ്കിൽ ഇത്തവണ പതിവ് വിട്ടു ഉഗ്ര വിഷമുള്ള പാമ്പുകൾ കൂടി എത്തിയിട്ടുണ്ട്.

പല വീടുകളിലും പാമ്പു കയറാത്ത സ്ഥലങ്ങൾ ഇല്ലെന്നതാണ് വസ്തുത . ടോയ്‌ലറ്റ് ഇൻലെറ്റ് വാൽവുകളിൽ കൂടിയും പാമ്പുകൾ കയറി വരുന്നത് സാധാരണമായ രാജ്യത്തു ഇത്തവണ കൊടും വിഷമുള്ള പാമ്പുകൾ എത്തിയപ്പോൾ വിശദംശനമേറ്റു ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി . ഇതോടെ സർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് . ദുരിതം കൂടിയപ്പോൾ സ്‌കൂൾ അവധി എത്താൻ കാത്തു നിന്ന അനേകം പേർ കേരളത്തിന്റെ ശാന്തത തേടി എത്തിക്കൊണ്ടിരിക്കുകയാണ് . ചൂടുകാലം മാറും വരെ അവധിക്കാലം ഉണ്ടായെങ്കിൽ എന്ന ആഗ്രഹവുമാണ് പലരും കേരളത്തിലേക്ക് പറക്കുന്നത് .

വീടുകളുടെ സാധ്യമായ ഇടങ്ങളെല്ലാം അടച്ചു വയ്ക്കാൻ നിർദ്ദേശം ഉണ്ടെങ്കിലും ഏതു പഴുതിലൂടെയാണ് പാമ്പുകൾ കടന്നു എത്തുന്നത് എന്ന് പിടിയില്ലാതെ വട്ടം തിരിയുകയാണ് ഓസിസ് ജനത . ചൂട് കൂടിയപ്പോൾ ആശ്വാസം തേടിയും ഭക്ഷണം തേടിയുമാണ് പാമ്പുകൾ എത്തുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു . എന്നാൽ ഇതൊന്നും ജനത്തിന്റെ ഭയം മാറ്റാൻ കാരണമാകുന്നില്ല . പൊതുവെ പാമ്പുകളെ കണ്ടാണ് ഓസിസ് ജീവിതം മുന്നേറുന്നതെങ്കിലും ഇത്തവണ വിഷപാമ്പുകളുടെ ആധിക്യമാണ് ഏവരെയും ഭയപ്പെടുത്തുന്നത് .

പൊതുവെ പാമ്പിനെ ഭയത്തോടെ സമീപിക്കുന്ന മലയാളികൾ ഇതോടെ കൂടുതൽ വിഷമത്തിലുമായി . പാമ്പുകൾ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന സമയം കൂടി ആയതും ഇവ സുരക്ഷിത താവളം തേടി വീടുകളിൽ എത്താൻ കാരണമായിരിക്കുകയാണ് .

ഓരോ ആഴ്ചയും ഓരോ കൊടുംകാറ്റ് , കൂടെ തോരാ മഴ , ബ്രിട്ടന് വിറയ്ക്കുന്നു

ഓരോ ആഴ്ചയും ഓരോ പേരിട്ടെത്തുന്ന കൊടുംകാറ്റും തൊട്ടു പിന്നാലെ വരുന്ന പേമാരിയുമാണ് ഇപ്പോൾ ബ്രിട്ടനെ വലയ്ക്കുന്നത് . ശീതക്കാറ്റിന് ശമനം ഉണ്ടെങ്കിലും രാത്രി താപനില ഫ്രീസിങ് ആയിക്കൊണ്ടിരിക്കുന്നതിനാൽ തണുപ്പിന്റെ അസ്വസ്ഥതകൾ നേരിടുമ്പോൾ തന്നെയാണ് കാറ്റുയർത്തുന്ന ഭീക്ഷണിയും .

ഏറ്റവും ഒടുവിൽ എത്തിയ കാറ്റു ഡൈദ്രി കടന്നു പോയ ഉടൻ വരാൻ കാത്തുനിൽക്കുകയാണ് എറ്റിനെ കാറ്റ് . ഏറ്റിനെയായിരിക്കും മഞ്ഞിനെ കോരിയെടുത്തു കൊണ്ടുവരികയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു . ശരാശരി 80 മൈൽ വേഗത്തിലുള്ള കാറ്റാണ് ബ്രിട്ടനെ തേടി എത്തുന്നത് . ഇനിയുള്ള 48 മണിക്കൂറുകൾ കൂടി നിർണായകം ആണെന്ന് മുന്നറിയിപ്പുണ്ട് . വടക്കൻ നഗരങ്ങളിൽ കൂടിയാകും കാറ്റ് പ്രധാനമായും കടന്നു പോകുക . വെള്ളിയാഴ്ച രാത്രിയാണ് കാറ്റിന്റെ ഭീകര രൂപം പ്രതീക്ഷിക്കുന്നത് .

ഇക്കഴിഞ്ഞ സെപ്റ്റംബറിലും ഒക്ടോബറിലുമായി അലി , ബ്രോനാഗ് , കാലം എന്നീ കാറ്റുകൾ കണ്ട ശേഷമാണ് ബ്രിട്ടനെ തേടി ഡൈദ്രീ എത്തുന്നത് . ഓരോ കാറ്റിലും വ്യാപകമായ നാശങ്ങളാണ് ബ്രിട്ടൻ നേരിടുന്നത് . ഈ ആഴ്ച മൊത്തമുള്ള മഴയും ഈ കാറ്റിന്റെ സംഭാവന ആയി കണക്കാക്കാം . കൂടുതൽ രൂക്ഷതയോടെയാണ് വരും ദിവസങ്ങളിൽ എറ്റിനെ കാറ്റിനെ പ്രതീക്ഷിക്കുന്നത് . പോർച്ചുഗലിൽ നിന്നാണ് ഇതു എത്തുന്നത് . വെയിൽസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനും കാറ്റ് വഴി ഒരുക്കും എന്ന് മുന്നറിയിപ്പുണ്ട് .

നേരത്തേയെത്തിയ മഞ്ഞുമൂലം കൂട്ട മരണം , കാനഡ തണുപ്പിൽ മുങ്ങി

വളരെ നേരത്തെ എത്തിയ മഞ്ഞുവീഴചയുടെ ദുരിതമാണ് കാനഡ ഇപ്പോൾ നേരിടുന്നത് . മഞ്ഞിൽ വാഹനങ്ങൾ തെന്നി ഡിസംബർ പിറന്നപ്പോൾ തന്നെ ഏഴുപേരുടെ മരണം കണ്ടതോടെ വേഗത നിയന്ത്രണത്തിന് കടുത്ത ജാഗ്രത നൽകുകയാണ് പൊലീസ് . നവംബർ 29 മുതൽ തുടങ്ങിയ അപകട പരമ്പരകൾ ശമനമില്ലാതെ മുന്നേറുകയാണ് . ഒട്ടേറെ ആളുകൾക്കാണ് പരുക്കേൽക്കുന്നത് . പലയിടത്തും പത്തു മുതൽ പതിനഞ്ചു സെന്റീമീറ്റർ കനത്തിൽ മഞ്ഞുവീഴുമ്പോൾ ഗതാഗതം തടസപ്പെടുകയാണ് . അതിവേഗം എത്തുന്ന മഞ്ഞുവീഴചയാണ് ഇത്തവണ ദുരിതം കൂട്ടാൻ കാരണമായത് .

മഞ്ഞിനെ നേരിടാൻ നടത്തിയ ഒരുക്കങ്ങൾ എല്ലാം വെറുതെയാകും വിധമാണ് മഞ്ഞുവീഴ്ചയുടെ രൂക്ഷത . അത്യാവശ്യ യാത്ര ചെയ്യുന്നവർ പോകുന്ന സ്ഥലം കൂടി ഉറ്റവരെ അറിയിക്കണമെന്നും എതാൻ ആവശ്യമായ സമയവും കണക്കാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു . യാത്രക്കിടയിൽ അപകടം സംഭവിക്കാൻ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.