ജിദ്ദ: കേരളത്തിൽ ഡിസംബർ 14 നു നടക്കാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ നിരവധി പ്രവാസികൾ മത്സരിക്കുന്നതിനാൽ ജിദ്ദയിലെ പ്രവാസികൾക്ക് അഭിമാനിക്കാൻ വകയേറെ. ജിദ്ദയിലെ പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിരുന്ന ഇവർ ഇനി നാട്ടുകാർക്കും സേവനം ചെയ്യാൻ മുന്നിൽ ഉണ്ടാകും.

തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രവാസികൾ ജിദ്ദയിലെ കെഎംസിസി സജീവ പ്രവർത്തകരും നേതാക്കളുമാണ്. ഇവരിൽ പ്രമുഖൻ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയാണ്. തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന മുഹമ്മദ് കുട്ടി 'കെ. പി' എന്ന പേരിൽ സൗദിയിലെ മുഴുവൻ കെഎംസിസി പ്രവർത്തകർക്കും സുപരിചിതനാണ്. സൗദിയിൽ കെഎംസിസി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കെ. പി മുഹമ്മദ് കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ നല്ല സ്വാധീനം ഉണ്ട്. മുൻ ഒഡേപക് ചെയർമാൻ ആയിരുന്ന കെ. പി തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ ആവും എന്നാണ് സൂചന.

മൊറയൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജലീൽ ഒഴുകൂർ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാനാണ്. ജിദ്ദയിലെ പ്രവാസികൾക്കിടയിൽ സുപരിചിതനായ ജലീൽ ഒഴുകൂർ സേവനരംഗത്ത് സജീവ സാന്നിധ്യമാണ്. പ്രവാസികൾ മരണപ്പെടുമ്പോൾ മരണാന്തര കർമ്മങ്ങൾക്കും മറ്റും പലരും ആദ്യം ഓർക്കുന്ന പേര് ജലീലിന്റെതാണ്.നാട്ടിലെ പാർട്ടി പ്രവർത്തകരുടെ നിർബന്ധം കൊണ്ടാണ് ജലീൽ ഒഴുകൂർ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ചീക്കോട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അസീസ് വാവൂർ, പുൽപ്പറ്റ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ. പി മുഹമ്മദ് തുടങ്ങിയവരും ജിദ്ദയിലെ കെഎംസിസി പ്രവർത്തകരാണ്.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രായീൻ കുട്ടി നീറാട് ജിദ്ദയിലെ മുൻ പ്രവാസിയും കെഎംസിസി നേതാവും ആയിരുന്നു. ഗ്രന്ഥകാരനും പ്രഭാഷകനുമായ രായീൻ കുട്ടി നീറാട് ഏകദേശം രണ്ടു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമായത്. നാട്ടിൽ സ്ഥിരതാമസമാക്കിയെങ്കിലും ജിദ്ദയിലെ പ്രവാസികളുമായി നല്ല ബന്ധം നിലനിർത്തുന്നയാളാണ് രായീൻ കുട്ടി നീറാട്.

വേങ്ങര ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കുറുക്കൻ മുഹമ്മദ്, താനൂർ നഗരസഭയിലേക്കു മത്സരിക്കുന്ന ഇ. അബ്ദുസ്സലാം തുടങ്ങിയവരും ജിദ്ദയിലെ മുൻ പ്രവാസികളും കെഎംസിസി നേതാക്കളുമായിരുന്നു.

ഭൂരിഭാഗം പ്രവാസികൾക്കും തെരെഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ പോവാനോ വോട്ട് ചെയ്യാനോ സാധിക്കാറില്ല. എന്നാൽ ഇത്തവണ തങ്ങളുടെ പ്രതിനിധികളായി കെഎംസിസി നേതാക്കൾ സ്ഥാനാര്ഥികളായതിൽ സന്തോഷിക്കുകയാണ് ജിദ്ദയിലെ പ്രവാസി സമൂഹം.