ലണ്ടൻ: പ്രവാസി ഭാരതീയ ദിവസിന്റെ മാതൃകയിൽ പ്രവാസി മലയാളികളെ സംഘടിപ്പിച്ച് പ്രവാസി കേരളീയ ദിവസ് നടത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന പ്രവാസി കാര്യ വകുപ്പ് മന്ത്രി   കെ.സി ജോസഫ് വെളിപ്പെടുത്തി. യൂറോപ്പിൽ നോർക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മന്ത്രിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുമ്പോൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലണ്ടനിൽ കഴിഞ്ഞ ആഴ്‌ച്ച നടന്ന പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുത്തതിനു ശേഷമാണ് അദ്ദേഹം പ്രവാസി കേരളീയ ദിവസ് എന്ന ആശയം  പങ്കുവച്ചത്.

നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം യൂറോപ്പിലെ മലയാളികളെ നോർക്കയുമായി ബന്ധിപ്പിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ മലയാളികൾക്ക് വേണ്ടി ആദ്യ പ്രവാസി കേരളീയ ദിവസ് സംഘടിപ്പിക്കണമെന്ന? ഒ.ഐ.സി.സി. യു.കെ  പ്രതിനിധികളുടെ ആവശ്യം അനുഭാവപൂർണ്ണം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ പത്‌നി സാറാ ജോസഫ്, നോർക്ക സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, അഡീ. സെക്രട്ടറി. ആർ.എസ്. കണ്ണൻ എന്നിവരും പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുത്തിരുന്നു. കൂടാതെ ഒ.ഐ.സി.സി യു.കെയുടെ പ്രതിനിധികളായി ദേശീയ ആക്ടിങ് പ്രസിഡന്റ്  ജെയ്‌സൺ ജോർജ്, ഭാരവാഹികളായ എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, തോമസ് പുളിക്കൽ, അനു ജോസഫ്, ഷൈമ അമ്മാൾ എന്നിവർ പങ്കെടുത്തു