കൊച്ചി: പ്രവാസികൾക്ക് സൗജന്യ നിയമസഹായത്തിനായുള്ള നിലവിലെ സംവിധാനങ്ങൾ പര്യാപ്തമെന്നു കേരള ഹൈക്കോടതി. കോവിടിന്റെ പശ്ചാത്തലത്തിൽ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവർക്കായി വിദേശരാജ്യങ്ങളിൽ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു ലോയേഴ്‌സ് ബീയോണ്ട് ബോർഡർ , പ്രവാസി ലീഗൽ സെൽ എന്നീ സംഘടനകൾ നൽകിയ ഹർജി തീർപ്പാകികൊണ്ട് കേരള ഹൈക്കോടതി പാസാക്കിയ വിധിന്യായത്തിലാണ് പ്രസ്തുത പരാമർശം.

പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി വേണ്ട സംവിധാനങ്ങൾ ഉണ്ടാകുന്നതിനായി കേന്ദ്ര സംസ്ഥാന സര്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ മറുപടി ഫയൽ ചെയ്യുവാൻ കേരള ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. തങ്ങൾ ഫയൽ ചെയ്ത മറുപടിയിൽ സൗജന്യ നിയമ സഹായം നൽകുന്നതിനായി നിലവിലുള്ള സംവിധാങ്ങളെക്കുറിച്ചു വളരെ വിശദമായി കേന്ദ്ര കേരള സർക്കാരുകൾ പ്രതിപാദിച്ചിരുന്നു.

നോർക്കയുടെ നേതൃത്വത്തിൽ നിലവിലുള്ള നിയമസഹായ പദ്ധതിയെപ്പറ്റി കേരള സർക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ മദദ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫേർ ഫണ്ട് തുടങ്ങിയവയെ കുറിച് കേന്ദ്ര സർക്കാരും തങ്ങളുടെ മറുപടി സത്യവാങ്മൂലത്തിൽ വിശദമായി പ്രതിപാദിച്ചിരുന്നു. ഇതിൽ സംതൃപ്തി അറിയിച്ച കോടതി തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സർക്കാരുകൾ സ്വീകരിക്കും എന്ന ഉറപ്പിൽ ഹർജി തീർപ്പു കൽപിക്കുകയായിരുന്നു.

സൗജന്യ നിയമസഹായം ലഭിക്കുന്നതിനയി പ്രവാസികൾക്കു അർഹതയുണ്ട് എന്ന കോടതിയുടെ വിധിന്യായം പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കുമെന്നും ആർക്കെങ്കിലും വേണ്ട നിയമസഹായം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ വേണ്ട തുടർ നടപടികൾ സ്വീകരിക്കാൻ ഈ വിധിന്യായം സഹായിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ചീഫ് ജസ്റ്റിസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.