- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം: പ്രവാസി ലീഗൽ സെൽ
കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസി ലീഗൽ സെൽ , കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ, സിവിൽ വ്യോമയാന വകുപ്പു മന്ത്രി ശ്രീ ഹർദീപ് സിങ്ങ് പുരി, വിദേശകാര്യ സെക്രട്ടറി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.കോവിഡ് 19 പശ്ചാത്തലത്തിൽ കുവൈറ്റിൽ നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യയിൽ നിന്ന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ , കുവൈറ്റിലേക്ക് ഇപ്പോൾ വരുന്ന പ്രവാസികൾവിലക്കില്ലാത്ത യു എ ഇ യിലെ ദുബായിൽ നിന്നോ, മറ്റ് രാജ്യങ്ങളിലെ നഗരങ്ങളിൽ നിന്നോ ആണ് കുവൈറ്റിലേക്ക് വരുന്നത് . ആവശ്യമായ എല്ലാ ആരോഗ്യ പരിശോധനകളും അനുബന്ധ പ്രോട്ടോക്കോളുകളും പാലിച്ചതിന് ശേഷം താമസത്തിനായും, മറ്റു അനുബന്ധ നടപടി ക്രമങ്ങൾക്കുമായും ഉള്ള വലിയ ചെലവ് , വിവിധ നഗരങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള ഉയർന്നയാത്രാ നിരക്ക് , തങ്ങുന്ന രാജ്യങ്ങളിലെസന്ദർശക വിസയുടെ സാധുതയുള്ള കാലയളവിനുള്ളിൽ കുവൈറ്റിലേക്ക് സാധാരണ നിരക്കിലുള്ള വിമാന ടിക്കറ്റിന്റെ ലഭ്യതക്കുറവ് എന്നിവ കാരണം ദുബായിലും മറ്റ് നഗരങ്ങളിലും തങ്ങുന്ന ഇന്ത്യൻ പ്രവാസികളിൽ വലിയൊരു വിഭാഗം ദുബായിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും കുവൈറ്റിലേക്ക് തിരികെ എത്താൻ സാധിക്കാതെ ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്ന സാഹചര്യമാണുള്ളത്. തങ്ങളുടെ താമസ തൊഴിൽ വിസ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിൽ നിന്ന് ഇപ്പോൾ കുവൈറ്റിലേക്ക് മടങ്ങാൻ കഴിയാത്തതുമായ നിരവധി പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന സ്ഥാപനകളിൽ നിന്ന് സേവന ആനുകൂല്യങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല എന്ന പ്രശ്‌നവും നിവേദനത്തിലുണ്ട്.
കുവൈറ്റ് നേരിട്ട് യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിൽ ആവശ്യമായ ആരോഗ്യ പരിശോധനകളും അനുബന്ധ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് തുടർന്ന് കുവൈറ്റിലേക്ക് മടങ്ങാനായുള്ള ക്രമീകരണങ്ങളും , ന്യായമായ നിരക്കിൽ ഏർപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. സ്റ്റോപ്പ് ഡെസ്റ്റിനേഷനുകളിൽ നിന്ന് (യു എ ഇ പോലുള്ള) കുവൈത്തിലേക്കുള്ള ഇന്ത്യൻ പ്രവാസികൾക്ക് വിമാന നിരക്ക് കുറയ്ക്കുന്നതിന് ബന്ധപ്പെട്ടവരുമായി മന്ത്രാലയം ചർച്ചകളിൽ ഏർപ്പെടേണ്ടതുണ്ട്. ഇന്ത്യയിലുള്ളതും തൊഴിൽ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമായ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളിൽ പ്രത്യേകമായി തന്നെ ഇടപെടാൻ കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകുക, ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവരും കുവൈത്തിലെ വിവിധ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തവരുമായ പ്രവാസികളുടെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി ലഭിക്കാനും , വായ്പ തിരിച്ചടവ് വൈകിയാൽ ഉണ്ടാകുന്ന നിയമപരമായ നടപടികളെടുക്കുന്നതിൽ സാവകാശം അനുവദിക്കാൻ കുവൈറ്റിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകാനായി കുവൈറ്റ് സർക്കാരിനോട് അഭ്യർത്ഥിക്കുവാനും വിദേശകാര്യ മന്ത്രാലയത്തോട് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളുടെ വാഹനങ്ങളും മറ്റും മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നടപടി ക്രമങ്ങൾക്കു കുവൈറ്റ് സർക്കാരിൽ നിന്ന് ഇളവ് ലഭിക്കുകയാണെങ്കിൽ മാത്രമേ മറ്റൊരാൾക്ക് കൈമാറാൻ കഴിയൂ. ഈ വിഷയത്തിലും കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ ആവശ്യമാണ്. കൂടാതെ, കുവൈത്തിൽ കോവിഡ് -19 മൂലം ജീവൻ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് അവരുടെ തൊഴിൽ ആനുകൂല്യങ്ങൾ എത്രയും വേഗം ലഭിക്കുന്നതിനും ,വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഗൗരവമായ ഇടപെടൽ ആവശ്യമാണ്.ആയതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ കേന്ദ്ര വിദേശ കാര്യ , സിവിൽ വ്യോമയാന മന്ത്രാലയങ്ങളിൽ നിന്നുള്ള വേഗത്തിലുള്ള ഇടപെടൽ വേണമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ: ജോസ് അബ്രഹാം കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവർ സംയുക്തമായി സമർപ്പിച്ചിട്ടുള്ള നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്