കുവൈറ്റ് സിറ്റി: ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ കേന്ദ്ര പ്രവാസി ( NRI) കമ്മീഷൻ വേണമെന്നുള്ള ഹർജി ഏപ്രിൽ 22 നു ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചു പരിഗണിക്കുമെന്നു ജസ്റ്റിസ് പ്രതിഭ എസ്. സിങ് അറിയിച്ചു. ഹർജിക്കാരനായ പ്രവാസി ലീഗൽ സെൽ ഒമാൻ കൺട്രി ഹെഡ് അനിസൂർ റഹ്മാന്റെ ഹർജിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം ഹൈക്കോടതിയിൽ പ്രവാസികൾ കാലാകാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചൂഷണങ്ങളും, ഇന്ത്യയുടെ ഓരോ വളർച്ചയുടെയും തളർച്ചയുടെയും ഘട്ടത്തിൽ പ്രവാസികളുടെ സംഭാവനകളും വിശദമാക്കിയിരുന്നു.

ഹർജിയുടെ പൊതു താല്പര്യം മുൻ നിർത്തി ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുന്നതു ഉചിതമാണെന്ന് ജസ്റ്റിസ് പ്രതിഭ സിങ് ഉത്തരവിൽ പ്രസ്ഥാവിച്ചു. ഗോവ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ പ്രവാസി കമ്മീഷൻ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിദേശ എംബസികളും കോൺസുലെറ്റുകളും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആകയാൽ കേന്ദ്ര ജുഡീഷ്യൽ അധികാരത്തോട് കൂടിയ ഒരു പ്രവാസി ( NRI) കമ്മീഷൻ പ്രവാസികൾക്ക് അവരുടെ മരുഭൂമിയിലെ ചുട്ടുപൊള്ളിക്കുന്ന ജീവിത പ്രതിസന്ധികൾക്ക് ഒട്ടേറെ പരിഹാരം ആകുമെന്നു ഹർജിയിൽ ചൂണ്ടികാണിക്കുന്നു. പ്രവാസികൾകായി ദേശീയ പ്രവാസി ( NRI) കമ്മീഷൻ സ്ഥാപിക്കുവാനായി കഴിഞ്ഞ വർഷം ജൂണിൽ ബഹു:പ്രധാനമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയിരുന്നു.

ഇന്ത്യയിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒരു കൊല്ലമായി നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഈ കമ്മീഷന്റെ പ്രസക്തി ഏറെയാണ്. അഡ്വ.ബ്ലസ്സൻ മാത്യു, അഡ്വ. അഞ്ചു എന്നിവർ കോടതിയിൽ ഹാജരായി. ദീർഘനാളുകളായിട്ടുള്ള പ്രവാസികളുടെ ദേശീയ പ്രവാസി ( NRI)കമ്മീഷൻ വേണമെന്ന ന്യായമായ ആവശ്യം ഹൈക്കോടതി ഇടപെടലിലുടെ വേഗത്തിൽ നടപ്പിലാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.