ന്യൂഡൽഹി: രാജ്യത്തെ മികച്ച വിവരാവകാശ പ്രവർത്തകരെ അനുമോദിക്കുന്നതിനായി അവാർഡ് രൂപവത്കരിക്കുമെന്നു പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ഡൽഹിയിലെ ലോഥി റോഡിലുള്ള ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞയാഴ്ച നിര്യാതനായ വിവരാവകാശ പ്രവർത്തകനും പ്രവാസി ലീഗൽ സെല്ലിന്റെ വൈസ് പ്രസിഡന്റുമായ കൊണ്ടത്ത് പത്മനാഭന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഈ വർഷം തന്നെ പ്രസ്തുത അവാർഡിനു രൂപം നൽകും.

ഡൽഹി മൈനോറിറ്റി കമ്മീഷൻ അംഗം അഡ്വ. ഏബ്രാഹം പാറ്റാനി, സതേൺ സ്റ്റാർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.ആർ. നായർ, സുപ്രീംകോടതി അഭിഭാഷകൻ വിൽസ് മാത്യൂസ്, പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ബിൻസ് സെബാസ്റ്റ്യൻ, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ, പ്രവാസി ലീഗൽ സെൽ ഭരണസമിതി അംഗം തോമസ് ലൂയിസ് എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്