തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഉടൻ വിതരണം ചെയ്യണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. പത്തുലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്കും രണ്ടരലക്ഷം രൂപ ഗുരുതരമായ പരിക്കേറ്റവർക്കും നിസ്സാര പരിക്കുകളുള്ളവർക്ക് 50,000 രൂപയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷംരൂപ കേരള സർക്കാറും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ദുരന്തം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയോ ധനസഹായം വിതരണം ചെയ്യുകയോ ഉണ്ടായിട്ടില്ല. പരിക്കേറ്റവർക്ക് ചികിത്സ ഇനത്തിൽ എയർ ഇന്ത്യാ നൽകിയ പ്രാഥമിക സഹായമല്ലാതെ മറ്റെന്നും ലഭ്യമായിട്ടില്ല. ചികിത്സക്കായി പല കുടുംബങ്ങളും ഇപ്പോഴും പ്രയാസപ്പെടുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും ഇൻഷൂറൻസ് ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.