- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു വർഷം മുമ്പ് ഖത്തറിൽ നഷ്ടമായ ആറു പവൻ സ്വർണം കാർത്തികിന് തിരികെ ലഭിച്ചു; അത്ഭുത കഥകളെ വെല്ലുന്ന അനുഭവകഥ ഇങ്ങനെ
കൊടുങ്ങല്ലൂർ: അഞ്ചു വർഷം മുമ്പ് മറ്റൊരു രാജ്യത്ത് നഷ്ടമായ സ്വർണം പിന്നീട് തിരികെ ലഭിക്കുക. സിനിമകളിൽ കാണുന്നത് പോലെയായിരുന്നു തമിഴ്നാട് സ്വദേശി കാർത്തിക് കൃഷ്ണന് തനിക്ക് അഞ്ചു വർഷം മുമ്പ് നഷ്ടമായെന്ന് കരുതിയ ആറു പവന്റെ സ്വർണാഭരണങ്ങൾ തിരികെ ലഭിച്ചത്. ഖത്തറിൽ വെച്ച് നഷ്ടമായ അഞ്ചു പവൻ തൂക്കമുള്ള മാലയും ഒരു പവന്റെ മോതിരവും കേരളത്തിൽ കാർത്തിക് കൃഷ്ണന്റെ സുഹൃത്ത് മിഥുൻ പൊലീസിന്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശിയായ മാമ്പി ബസാർ പുതിയവീട്ടിൽ ഷെഫീർ ബാബുവാണ് നഷ്ടമായ ജൂവലറി ബോക്സ് കണ്ടെത്തി കാർത്തികിന് തിരികെ നൽകിയത്.ഷെഫീറിന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സ്വർണം നഷ്ടപ്പെട്ടത്. ഏറെ തിരഞ്ഞെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം മാർച്ചിൽ അന്ന് കാർത്തിക് യാത്ര ചെയ്ത കാർ വിൽക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടയിലാണ് ഡിക്കിയിലെ സ്റ്റെപ്പിനി ടയറിനടിയിൽ നിന്ന് സ്വർണപ്പെട്ടി ഷെഫീറിന് ലഭിച്ചത്.
തുടർന്ന് കാർത്തികിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഒടുവിൽ ഷെഫീർ മാലയുടെയും മോതിരത്തിന്റെയും ചിത്രം ഉൾപ്പടെയുള്ള കുറിപ്പ് ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തി. മാസങ്ങൾക്ക് ശേഷം ബഹറിനിലുള്ള കാർത്തിക് വിവരം അറിയുകയായിരുന്നു. ചൊവ്വാഴ്ച മതിലകം പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ സാന്നിദ്ധ്യത്തിൽ കാർത്തികിന്റെ സുഹൃത്തും മലയാളിയുമായ മിഥുന് ഷെഫീർ ആഭരണങ്ങൾ കൈമാറി.
മറുനാടന് ഡെസ്ക്