- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട കഴുകുന്ന തൊഴിലാളി മുതൽ ഇന്ത്യൻ പ്രസിഡണ്ട് വരെ ചെയ്യുന്നത് രാഷ്ട്രീയമാണ്; രാഷ്ട്രീയമെന്നാൽ കൊടി പിടിച്ചും, ബസ്സിന് കല്ലെറിഞ്ഞു സമരം ചെയ്തും, കക്ഷത്തിൽ ഡയറി വച്ച് തേരാപ്പാര നടക്കുന്നതു മാത്രമാണ് എന്ന് കരുതരുത്; ട്വന്റി 20 അരാഷ്ട്രീയ വാദികളാണോ? പ്രവീൺ രവി എഴുതുന്നു
കിഴക്കമ്പലത്തെ ട്വന്റി 20 യുടെ വിജയമായി ബന്ധപ്പെട്ട് പല ചർച്ചകളും കാണുകയുണ്ടായി. പ്രധാനമായും ഉയർന്നുവന്ന ആരോപണങ്ങൾ ഇതൊക്കെയാണ്,അവർ അരാഷ്ട്രീയവാദികൾ ആണ്, സാബുവിന്റ് തല, ഫുൾ ഫിഗർ ഇത് മാത്രമേ കാണാനുള്ളൂ, എല്ലാം തീരുമാനിക്കുന്നത് സാബു ആണ്, സാബു ജനാധിപത്യത്തെ കശാപ്പു ചെയ്തു. ഇതൊക്കെയാണ് ആരോപണം.
ഇനി നമുക്ക് ഓരോ ആരോപണവും പരിശോധിക്കാം, ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് വോട്ട് ചെയ്തവരും തിരഞ്ഞെടുക്കപ്പെട്ടവരും എല്ലാവരും രാഷ്ട്രീയം തന്നെയാണ് ചെയ്യുന്നത്. ഇതേ ആരോപണം ഒരിക്കൽ ആം ആദ്മി പാർട്ടിക്കെതിരെയും ഇവിടെയുള്ള രാഷ്ട്രീയപാർട്ടികൾ ഉന്നയിച്ചിരുന്നു. അവരും തെരഞ്ഞെടുപ്പിൽ ഭാഗമായി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വന്നവരാണ്. രാഷ്ട്രീയമെന്നാൽ കൊടി പിടിച്ചും, ബസ്സിന് കല്ലെറിഞ്ഞു സമരം ചെയ്തും, കക്ഷത്തിൽ ഡയറി വച്ച് രാവിലെ തേരാപ്പാര നടക്കുന്നതു മാത്രമാണ് എന്ന് കരുതുന്നവർക്ക് ഇവരൊക്കെ അരാഷ്ട്രീയവാദികൾ ആയി തോന്നാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഓട കഴുകുന്ന തൊഴിലാളി മുതൽ ഇന്ത്യൻ പ്രസിഡണ്ട് വരെ ചെയ്യുന്നത് രാഷ്ട്രീയമാണ്. ജനാധിപത്യ വ്യവസ്ഥയിൽ വിശ്വാസമില്ലാതെ വോട്ട് ചെയ്യാതെ മാറി നിൽക്കുന്നവരെ മാത്രമേ നമുക്ക് അരാഷ്ട്രീയവാദികൾ എന്ന് വിളിക്കാൻ സാധിക്കു. ബാക്കിയെല്ലാവരും രാഷ്ട്രീയ അവകാശം വിനിയോഗിക്കുന്നവരാണ്.
അടുത്ത ആരോപണം സാബുവിന്റ്റെ ഏകാധിപത്യമാണ്, ഓരോ രാഷ്ട്രീയ പാർട്ടിയും ഓരോ വ്യക്തികളാൽ നിയന്ത്രിക്കപ്പെടുന്നതാണ്, രാഷ്ട്രീയ പാർട്ടി എത്രത്തോളം വലുതാകുന്നോ അത്രത്തോളം നിയന്ത്രണങ്ങളും അയഞ്ഞതായിരിക്കും. സിപിഎമ്മിൽ പിണറായി വിജയൻ എത്രമാത്രം അപ്രമാദിത്വം ഉള്ള ആളാണ്, ബിജെപിയിൽ നരേന്ദ്ര മോദി, തൃണമൂൽ കോൺഗ്രസിൽ മമതാബാനർജി, സമാജ് വാദി പാർട്ടിയിൽ മുലായംസിങ്, ബി എസ് പിയിൽ മായാവതി, അങ്ങനെ എടുത്തു നോക്കിയാൽ സ്വന്തം ഫുൾ ഫിഗറൂം രണ്ടില ചിഹ്നവും വച്ച് മാത്രം എല്ലാ നിയമസഭകളിലും മത്സരിച്ച് സീറ്റുകൾ കരസ്ഥമാക്കിയ ജയലളിത ഉൾപ്പെടെ ഇവിടെ രാഷ്ട്രീയം ആണ് പറഞ്ഞത്. അതുകൊണ്ട് ആ കാര്യം പറഞ്ഞ് സാബുവിനെ ഒറ്റപ്പെടുത്തുന്നതിനോട് യോജിക്കാൻ സാധ്യമല്ല.
അഴിമതിവിരുദ്ധ പ്രസ്താവനകളുമായി വന്ന ട്വന്റി20 എത്രമാത്രം വിജയിക്കും എന്നതാണ് അടുത്ത ചോദ്യം. ട്വന്റി 20 വലുതാകുന്തോറും മറ്റുള്ള പാർട്ടികളിൽ നിന്നും വ്യത്യാസം ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു കുറഞ്ഞു വരും. കാരണം ഈ സമൂഹത്തിലെ എല്ലാ മാലിന്യങ്ങളും ഏറിയും കുറഞ്ഞും 20 20 യിലും പ്രതിഫലിക്കാതെ തരമില്ല. സമൂഹത്തിൽ ഏറിയ പങ്ക് ആളുകളും, അന്ധവിശ്വാസികളും, മത ജാതി വർഗ്ഗ ബോധമുള്ള വരും, അഴിമതിയോട് കോംപ്രമൈസ് ചെയ്യുന്നവരും, ശാസ്ത്ര വിരുദ്ധരും ആയിരിക്കുന്നിടത്തോളം കാലം അതിന്റെ പരിച്ഛേദം ആയിരിക്കും 20-20യിലും കാണുക. പാർട്ടി വലുതാകുന്തോറും ഇത്തരം മാലിന്യങ്ങൾ കൂടാനുള്ള സാധ്യത വളരെയധികം ആണ്.
അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തിൽ ഗ്രൗണ്ട് ലെവലിൽ മാറ്റങ്ങൾ വരാതെ, ഏതെങ്കിലും ഒരു പുതിയ അഴിമതിവിരുദ്ധ പാർട്ടി പൊട്ടിമുളച്ചതുകൊണ്ട് കുറച്ചുകാലം ഒരു ഓളം ഒക്കെ ഉണ്ടാകും എന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട.
സമൂഹം ഓർഗാനിക് ആയി ഈ പറഞ്ഞ സാമൂഹ്യ ബോധമുള്ള ശാസ്ത്രബോധമുള്ള മാനവികത ബോധമുള്ള ഒരു സമൂഹമായി പരിണമിക്കുമ്പോൾ ഇവിടെയുള്ള രാഷ്ട്രീയപാർട്ടികളും മാലിന്യത്തിൽ നിന്നും മുക്തമാകും. അല്ലാതെ അഴിമതിവിരുദ്ധ മുദ്രാവാക്യവുമായി ആരെയെങ്കിലും ആകാശത്തിൽ നിന്നും കെട്ടി ഇറക്കിയാൽ നന്നാവുന്ന ഒന്നല്ല ഈ സമൂഹം എന്നത്.
ആം ആദ്മി പാർട്ടിയുടെ വളർച്ച മുരടിച്ചു നിൽക്കുന്നത് ഈയൊരു കാര്യത്തിലാണ്. ആദ്യം ഉണ്ടായ അഴിമതിവിരുദ്ധ മുദ്രാവാക്യങ്ങളിൽ നിന്നും അവർ പല തരത്തിലുള്ള നേർപ്പിക്കലിന് വിധേയമായി. ഡൽഹിക്ക് പുറത്തേക്ക് വളരാൻ ശ്രമിക്കുന്തോറും ആ പാർട്ടിയുടെ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. കാരണം നമ്മൾ ഒരു സമൂഹമെന്ന നിലയിൽ ഇനിയും എത്രയോ പുരോഗമിക്കെണ്ടി ഇരിക്കുന്നു.
നമ്മുടെ രാജ്യത്തെ ഓരോ രാഷ്ട്രീയ പാർട്ടിയും മത ജാതി വർഗ്ഗ ഐഡന്റിറ്റി കൾ കൊണ്ട് പരസ്പരം അത്രത്തോളം വൈരുധ്യം ഉള്ളവരാണ്, ഓരോ രാഷ്ട്രീയ പാർട്ടിയും ഓരോ ട്രൈബൽ യൂണിറ്റുകളാണ്. അതുകൊണ്ടാണ് രാഷ്ട്രീയം സംസാരിക്കുമ്പോൾ ഇത്രയേറെ വെറുപ്പും വിദ്വേഷവും പടരുന്നത്. സാമൂഹ്യ മൂല്യങ്ങളിൽ പുരോഗതി ഉണ്ടാകുമ്പോൾ ഈ വ്യത്യാസം കുറഞ്ഞു കുറഞ്ഞു വരും, ഇതിനുദാഹരണമാണ് യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നയപരമായ വ്യത്യാസങ്ങളുണ്ട് എന്നതൊഴിച്ചാൽ വലിയ വ്യത്യാസങ്ങൾ ഇല്ല. ഇത്രയധികം വൈകാരികത ഉണ്ടാകുന്നില്ല. ഇന്ത്യയ്ക്ക് സമയം ആവശ്യമാണ്, നമ്മൾ ഒരു സമൂഹമെന്ന നിലയിൽ പുരോഗമിക്കണം എന്ന ആഗ്രഹം ഉള്ളവർ സമൂഹത്തിൽ മേൽപ്പറഞ്ഞ സാമൂഹികബോധവും മാനവികതയും ശാസ്ത്രബോധവും വളർത്തുന്നവരെ കുറഞ്ഞപക്ഷം അവരുടെ ആശയങ്ങൾ പറയാൻ എങ്കിലും അനുവദിക്കുക.