ന്യൂഡൽഹി: നിയമനിർമ്മാണത്തിലൂടെ മാത്രമേ രാമക്ഷേത്രം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളുവെന്നു വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീൺ തൊഗാഡിയ. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കോടതി വിധി വരുന്നതുവരെ രാജ്യത്തെ 100 കോടി വരുന്ന ഹിന്ദു സമൂഹത്തിന് കാത്തിരിക്കാൻ പറ്റില്ലെന്നും തൊഗാഡിയ പറഞ്ഞു.

ബിജെപി സർക്കാർ ഇതിനായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. കോടതി ഉത്തരവിലൂടെയും പരസ്പര സമ്മതത്തിലൂടെയും അയോധ്യയിൽ ക്ഷേത്ര നിർമ്മാണം സാധ്യമല്ല. അതിനു നിയമനിർമ്മാണം മാത്രമാണു മാർഗം. മോദി സർക്കാരിന്റെ മൂന്നു വർഷത്തെ ഭരണത്തിനിടെ നിയമനിർമ്മാണം സാധ്യമാകുമെന്നാണു കരുതുന്നതെന്നും തൊഗാഡിയ പറഞ്ഞു.

പാർലമെന്റിൽ നിയമം പാസാകുന്നതോടെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കും. നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന ശൈലിയെക്കുറിച്ചുള്ള ചോദ്യത്തിന് എൻഡിഎ സർക്കാരിന്റെ പ്രവർത്തനത്തിൽ വിഎച്ച്പിക്ക് ഒന്നും പറയാനില്ലെന്നും തൊഗാഡിയ പ്രതികരിച്ചു.

ഇതിനുമുമ്പും വിവാദ പരാമർശവുമായി തൊഗാഡിയ രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകണം, മുസ്ലിങ്ങൾ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയാൽ കടുത്ത ശിക്ഷ നൽകണം, ഇത്തരക്കാർക്ക് തൊഴിലും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കണം തുടങ്ങിയ പരാമർശങ്ങൾ വിവാദമായിരുന്നു. 400 വർഷത്തോളമുണ്ടായിരുന്ന മുസ്ലിം ഭരണം ഇന്ത്യയുടെ വളർച്ചയെയും സംസ്‌കാരത്തെയും തകർത്തുവെന്നും തൊഗാഡിയ ആരോപിച്ചു.

മുമ്പ് ഖർവാപ്പസിയുമായി ബന്ധപ്പെട്ട് തൊഗാഡിയക്ക് കർണ്ണാടകയിൽ വിലക്കേർപ്പെടുത്തിയിരുന്നു. 2003ലെ മാറാട് കലാപത്തിന് ശേഷം കോഴിക്കോട് മുതലക്കുളത്ത് വച്ച് മതവിദ്വേഷം വളർത്തുന്ന രീതിയിൽ പൊതുയോഗത്തിൽ പ്രസംഗിച്ചതിന് കോഴിക്കോട് കസബ പൊലീസ് തൊഗാഡിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.