ഷിക്കാഗോ: ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രവീൺ വർഗീസിന്റെ മരണം സംബന്ധിച്ച് അന്വേഷണം ത്വരിതഗതിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രവീൺ വർഗീസ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോയിലെ ഡെയ്‌ലി പ്ലാസയിൽ മെയ് 9ന് ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ സമാധാന റാലി നടത്തുന്നു.

ഗവർണറുടെ ഓഫീസ് പ്രതിനിധി, സ്റ്റേറ്റ് മജോറിറ്റി ലീഡർ ലൂ ലാൻഗ്, മോർട്ടൻഗ്രോവ് മേയർ ഡാൻ ഡി മരിയ, കോൺഗ്രസ് മാൻ ബോബ് ഡോളിന്റെ പ്രതിനിധി, ആൾഡർമാൻ ജിം ബ്രൂക്ക്മാൻ, ആർക്കേച്ചൽസ് ഓഫ് ജസ്റ്റീസ്, പ്രവീൺ ആക്ഷൻ കമ്മിറ്റി കൺവീനർ മറിയാമ്മ പിള്ള എന്നിവർ പ്രസംഗിക്കുന്നതാണ്.

സമാനമായ അനുഭവങ്ങളുള്ള മറ്റു കുടുംബാംഗങ്ങളും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി റാലിയിൽ പങ്കെടുക്കുന്നതും സംസാരിക്കുന്നതുമാണ്. ഫ്‌ളോറിഡയിൽ കാണാതായ റെനി ജോസിനുവേണ്ടിയും പോസ്റ്റർ തയാറാക്കുന്നുണ്ട്. പ്രവീണിനെ സപ്പോർട്ട് ചെയ്യുന്നവർ ചുവന്ന വേഷം ധരിക്കണമെന്നു സംഘാടകർ അറിയിക്കുന്നു.

ഷിക്കാഗോ മാർത്തോമാ പള്ളിയിൽ നിന്നും ശനിയാഴ്ച രാവിലെ 10 മണിക്ക് റാലിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ബസ് സൗകര്യം ഒരുക്കിയിരിക്കുന്നതായും സംഘാടകർ അറിയിച്ചു.