ബോസ്റ്റൺ: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റൺ സെന്റ് ബേസിൽ പള്ളിയിലെ ഈവർഷത്തെ കന്നി 20 പെരുന്നാൾ 2017 സെപ്റ്റംബർ 29,30 (വെള്ളി, ശനി) ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായും ഭക്തിനിർഭരമായും നടത്തപ്പെടുന്നു. കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കൽ മുത്തപ്പന്റെ ഓർമ്മ അമേരിക്കയിൽ കൊണ്ടാടുന്ന ഈ പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

29-ന് വെള്ളിയാഴ്ച വൈകിട്ട് 6.30-ന് കൊടിയേറ്റ്, തുടർന്നു സന്ധ്യാപ്രാർത്ഥന, പ്രസംഗം തുടങ്ങിയവയും 30-നു രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥന, 10 മണിക്ക് വിശുദ്ധ കുർബാന, തുടർന്നു പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

ഒരു വർഷം തുടർച്ചയായി വിശുദ്ധ കുർബാനയിൽ പേരുകൾ ഓർമ്മിക്കത്തക്കവണ്ണം ഓഹരികൾ എടുത്ത് പെരുന്നാളിൽ ഭാഗഭാക്കാകാൻ എല്ലാ വിശ്വാസികളേയും ഓർമ്മിപ്പിക്കുന്നതായി വികാരി അനു വർഗീസ് അറിയിച്ചു. അമ്പത് ഡോളറാണ് പെരുന്നാൾ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ പെരുന്നാൾ ചടങ്ങുകളിലും ഇടവക മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസ് തിരുമേനിയുടേയും ബഹുമാനപ്പെട്ട വൈദീകരുടേയും സന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ദേവാലയ സ്ഥാപനത്തിൽ എട്ടുവർഷം പൂർത്തിയാക്കിയ ഈവർഷത്തെ പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാവരേയും ഒരിക്കൽക്കൂടി ദൈവനാമത്തിൽ ക്ഷണിക്കുന്നു.

ന്യൂഇംഗ്ലണ്ട് ഏരിയയിലെ യാക്കോബായ വിശ്വാസികളുടെ ഏക ദേവാലയമായ ബോസ്റ്റൺ സെന്റ് ബേസിൽ പള്ളിയുടെ കാവൽ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ വിജയകരമാക്കാൻ പ്രസിഡന്റ് ഫാ. അനു വർഗീസ്, വൈസ് പ്രസിഡന്റ് ഡീക്കൻ റോയി വർഗീസ്, സെക്രട്ടറി റെജിൻ ഐസക്ക്, ട്രഷറർ പ്രമോദ് ഫ്രാൻസീസ് എന്നിവരോടൊപ്പം കൺവീനർമാരായ എൽദോ സിറിയക്, ഫിലിപ്പ് വർഗീസ് തുടങ്ങിയവർ പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫാ. അനു വർഗീസ് (857 352 7253), ഡീക്കൻ റോയി വർഗീസ് (508 617 6450)