'എന്നെ ഭ്രാന്തനെന്ന് വിളിച്ചോളൂ. പക്ഷേ 2016-ൽ ഹിലാരി ക്ലിന്റൺ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ലോകം ഒരു ഗറില്ലയുടെ മരണത്തെ ആഘോഷിക്കും. പ്രിൻസ് മരിക്കും. മുഹമ്മദ് അലി മരിക്കും. ഡൊണാൾഡ് ട്രംപും മരിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് അമേരിക്ക സാക്ഷിയാകും...ഞാൻ ആരെയും പേടിപ്പിക്കാൻ പറയുന്നതല്ല. എങ്കിലും എന്റെ പേര് ഓർത്തുവച്ചോളൂ...'

2015 ഡിസംബർ 27-ന് പാബ്ലോ റേയസ് നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റാണിത്. അവിശ്വസനീയമെന്നല്ലാതെ എന്തുപറയാൻ? ഹിലാരി ക്ലിന്റൺ ഇതാ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിൽക്കുന്നു. മുഹമ്മദ് അലിയും പ്രിൻസും മരിച്ചു. നിശാക്ലബ്ബിൽ നടന്ന വെടിവെപ്പിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു...പാബ്ലോ റേയസ് എങ്ങനെ ഇതൊക്കെ പ്രവചിച്ചു?

പാബ്ലോ റേയസ് ഇതൊക്കെ പ്രവചിച്ചുവെന്ന് ലോകത്തിന് ഇതേവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന് തെളിവാണ് ആ പോസ്റ്റിന് കിട്ടിയ ഷെയറുകൾ. രണ്ടുലക്ഷത്തിലേറെ പേരാണ് വൈറൽ ആയിക്കഴിഞ്ഞ ആ പോസ്റ്റ് ഷെയർ ചെയ്തത്. എന്നാൽ മറ്റൊരാൾ ഷെയർ ചെയ്യുന്നതിന് മുമ്പ് പറയട്ടെ...ഈ പോസ്റ്റ് വ്യാജമാണ്.

ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് ഓപ്ഷൻ എഡിറ്റ് ചെയ്ത് പാബ്ലോ റേയസ് നടത്തിയ വിക്രീയകളാണ് ലോകത്തെ മുഴുവൻ വിഡ്ഢികളാക്കിയത്. ഇതൊന്നും അറിയാതെയാണ് വലിയൊരു വിഭാഗം ഇപ്പോഴും ആ സ്റ്റാറ്റസ് ഷെയർ ചെയ്ത് വിസ്മയം കൊള്ളുന്നത്.