- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്ര കസേരയിൽ ഇരുത്തിയ വിധിയെ തോൽപ്പിച്ചത് സിഎ നേടി; അമേരിക്കൻ കമ്പനിയിലെ 'വർക്ക് ഫ്രം ഹോം' മതിയാക്കി ചെന്നൈയിൽ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മരണം വില്ലനായെത്തി; സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന ജനിതക രോഗത്തെ തോൽപിച്ച മിടുമിടുക്കി; പ്രീതു ജയപ്രകാശ് ഇനി ഓർമ്മയിലെ തിളങ്ങും താരകം

തൃപ്പൂണിത്തുറ: മലയാളിയുടെ അഭിമാനമായിരുന്നു അസാധാരണ രോഗത്തിന്റെ പിടിയിലും ചക്രക്കസേരയിലിരുന്ന് ജീവിത വിജയങ്ങൾ നേടിയ പ്രീതു. ''എല്ലാവർക്കും അവരവരുടേതായ കഴിവുകളുണ്ട്. അത് കണ്ടെത്തി വളർത്തിയെടുത്താൽ എന്തും നേടാനാകും'- പ്രീതു പറയുമായിരുന്നു. സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) എന്ന ജനിതക രോഗത്തെ തോൽപിച്ചു ചാർട്ടേഡ് അക്കൗണ്ടൻസി വിജയിച്ച് അപൂർവ നേട്ടം കൈവരിച്ച പ്രീതു ജയപ്രകാശ്. ആ പ്രീതുവാണ് 28-ാം വയസ്സിൽ മടങ്ങുന്നത്.
ജീവിതത്തിൽ വിജയം മാത്രമായിരുന്നു എരൂർ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിന് സമീപം 'പ്രതീക്ഷ' യിൽ ജയപ്രകാശിന്റെയും രാധാമണിയുടെയും മകൾ 28 കാരിയായ പ്രീതു ആഗ്രഹിച്ചത്. യുവതിയാണെങ്കിലും കൊച്ചു കുട്ടിയെപ്പോലെയായിരുന്നു. ഓർമവെച്ച നാൾ മുതൽ ചക്രക്കസേരയിൽ ഇരുന്ന് നീങ്ങിയ ജീവിതം. വിധിയെ തോൽപിച്ച് മുന്നേറി വിദ്യാഭ്യാസ വിജയങ്ങൾ നേടിയ പ്രീതു ചാർട്ടേഡ് അക്കൗണ്ടന്റായി അമേരിക്കൻ കമ്പനിയിൽ ഉദ്യോഗസ്ഥയുമായി. ഈ കഥ ഏവർക്കും പ്രചോദനവുമായി.
പനിയെ തുടർന്നാണ് ദിവസങ്ങൾക്കു മുമ്പ് പ്രീതുവിനെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കഫക്കെട്ട് വന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മകളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് നീങ്ങിയ അച്ഛൻ റിട്ട. പൊലീസുദ്യോഗസ്ഥൻ ജയപ്രകാശിനും അമ്മ രാധാമണിക്കും വേദനയാണ് ഇത് നൽകുന്നത്. ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം മുഴുവൻ മലയാളിയും വേദനയിലാണ്.
സ്‌പെനൽ മസ്‌കുലർ അട്രോഫി ടൈപ് - 2 (എസ്.എം.എ.) എന്ന അപൂർവ രോഗമായിരുന്നു പ്രീതുവിന്. കുട്ടനാട് മങ്കൊമ്പിലാണ് ജനനം. ആറാം വയസ്സിൽ വീടിനു സമീപമുള്ള സ്‌കൂളിൽ പ്രീതുവിനെ അമ്മ എടുത്തുകൊണ്ടാണ് പോയിരുന്നത്. ബെഞ്ചിൽ ആരെങ്കിലും ഒന്നുതട്ടിയാൽ പ്രീതു മറിഞ്ഞുവീഴുമായിരുന്നു. അതിൽ നിന്നൊക്കെ മുന്നോട്ടുപോയി. പഠനത്തിൽ മിടുക്കിയായിരുന്നു.
ബി.കോം. കഴിഞ്ഞ് സി.എ. ആദ്യ ചാൻസിൽ തന്നെ ഫൗണ്ടേഷൻ പാസായ പ്രീതുവിന് ''ഡി ലോയിറ്റ് ' എന്ന അമേരിക്കൻ കമ്പനിയിൽ ജോലിയും ലഭിച്ചിരുന്നു. ഹൈദരാബാദിലായിരുന്നു പോസ്റ്റിങ്. ഇത്രനാൾ വർക്ക് ഫ്രം ഹോം ആയിരുന്നു. അടുത്ത മാസം ഹൈദരാബാദ് ഓഫീസിലേയ്ക്ക് പോകാനിരിക്കയായിരുന്നു.
അതിനൊക്കെയായി കൂടുതൽ സൗകര്യപ്രദമായ ചക്രക്കസേര ഡൽഹിയിൽ പോയി വാങ്ങി. അപ്പോഴേയ്ക്കും മകൾ... അച്ഛൻ ജയപ്രകാശിന് വേദന മാറുന്നില്ല. എസ്.എം.എ. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള മൈൻഡ് ട്രസ്റ്റിന്റെ വൊളന്റിയറുമായിരുന്നു പ്രീതു. രോഗത്തിന്റെ അവശതകൾ അലട്ടിയിട്ടും ദിവസവും 9 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന പ്രീതു ഒട്ടേറെപ്പേർക്കു പ്രചോദനമായിരുന്നു.
ചക്രക്കസേരയിൽ ഇരുത്തിയ വിധിയെ തോൽപിച്ചാണ് പ്രീതു നേട്ടങ്ങൾ സ്വന്തമാക്കിയത്. ഓർമവച്ച നാൾ മുതൽ പ്രീതു ചക്രക്കസേരയിലാണ്. മറ്റൊരാളുടെ സഹായം ഇല്ലാതെ പലപ്പോഴും ഒന്നനങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. ബികോം പഠനത്തിനു ശേഷമാണ് ചാർട്ടേഡ് അക്കൗണ്ടൻസിയിലേക്കു കടന്നത്. 5 വർഷത്തെ പരിശ്രമത്തിനൊടുവിൽ സിഎ നേടി.
ശാസ്ത്രമേളകളിലും ക്വിസ് മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടി. ഭിന്നശേഷിക്കാരായ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസും എടുത്തിരുന്നു. ജനിച്ചപ്പോൾ സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ ആയിരുന്നു പ്രീതുവും. ആറുമാസം ആയപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കമിഴ്ന്നുവീണിട്ട് ഉയരാൻ നേരത്ത് ബലക്കുറവു പോലെ തോന്നി. പിന്നീട് ബലം കുറഞ്ഞു കുറഞ്ഞുവരികയായിരുന്നു.
ശരീരം തളർന്നു പൊയ്ക്കൊണ്ടേയിരുന്നെങ്കിലും പ്രീതുവിന്റെ ആഗ്രഹത്തിന് ഇടർച്ചയൊന്നുമില്ലായിരുന്നു. ആത്മവിശ്വസത്തോടെ മുന്നോട്ടുനീങ്ങി. ചെയ്യുമ്പോൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സി.എ. തിരഞ്ഞെടുത്തത്. കേരള പൊലീസിൽ എസ്‌ഐ. ആയിരുന്ന പീതുവിന്റെ അച്ഛൻ കെ.ബി. ജയപ്രകാശ് മകളുടെ പഠനാർഥം കൊച്ചിയിലേക്ക് സ്ഥലംമാറ്റം വാങ്ങി. അച്ഛനും അമ്മയും പ്രീതുവിന് ഒപ്പം സഞ്ചരിച്ചു. പഠിക്കാൻ മിടുക്കിയായിരുന്നു പ്രീതു. സി.എയ്ക്ക് പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞതോടെ സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് വരികയായിരുന്നു അച്ഛൻ.
'ഡിഫറന്റ്ലി ഏബിൾഡ് എന്നു പറഞ്ഞാൽ കഴിവില്ലാത്തവർ എന്നല്ല. പ്രത്യേകതരം കഴിവുള്ളവർ എന്നാണ്. ആ കഴിവ് എന്താണോ അത് കണ്ടെത്തി അതുമായി മുന്നോട്ടു പോയാൽ ജീവിതം കൈവരിക്കാൻ പറ്റും'- ഇതായിരുന്നു പ്രീതു പകർന്ന് നൽകിയ പാഠം. ആത്മവിശ്വാസത്തിന്റെ, തളരാത്ത ചിരിയോടെ. അവൾ അവസാനം മരണത്തേയും വരിച്ചു.


