വാഷിങ്ടൺ: മാതൃസ്‌നേഹത്തേക്കാൾ വലിയൊരു സ്‌നഹം ഭൂമിയിലില്ലെന്നാണ് വിശ്വാസം. പലപ്പോഴും രണ്ടാമത്തെ കുഞ്ഞിനുവേണ്ടി മനസും ശരീരവും ഒരുങ്ങി നിൽക്കുമ്പോൾ തങ്ങളുടെ മൂത്ത കുഞ്ഞിനെ ചിലപ്പോഴെങ്കിലും അമ്മമാർ മാറ്റിനിർത്താറുണ്ട്.

മനഃപൂർവ്വ മല്ലെങ്കിലും ഗർഭസ്ഥശിശുവിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അവർ കുഞ്ഞുങ്ങളെ മാറ്റി നിർത്താൻ നിർബന്ധിതരാകുന്നത്. കുട്ടികളിൽ വിഷമവും നിരാശയും ഒക്കെ പടർത്തുന്നതിനും കാരണമാകുന്നു.

എന്നാൽ എല്ലാ അമ്മമാരും ഇങ്ങനെയാണെന്നും പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒരമ്മയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുതിയ അതിഥിയെ വരവേൽക്കുന്നതിന് മുൻപ് തന്റെ മൂത്ത മകളെ നെഞ്ചോട് ചേർത്തുറക്കുന്ന ഒരമ്മയുടെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. ഫോട്ടോഗ്രാഫർ ലോറ പോളെസ്‌കു പകർത്തിയ ചിത്രം അമ്മമാരുടെ ഉത്തരവാദിത്വത്തിനെക്കുറിച്ച് നിരവധികാര്യങ്ങൾ വിളിച്ചോതുന്നു.

അമേരിക്കൻ സ്വദേശിനിയായ നിക്കി കോൾക്വിറ്റാണ് ചിത്രത്തിലുള്ളത്. ആശുപത്രിക്കിടക്കയിൽ നിന്നുമാണ് നിക്കിയുടേയും മകളുടേയും ചിത്രം ലോറ പകർത്തിയത്.

അമ്മയ്ക്ക് മകളോടുള്ള സ്നേഹം ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ലോറ തന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫി പേജിലാണ് ചിത്രം പങ്കുവച്ചത്. നിരവധി പേർ ഇത് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു. അമ്മമാർ ഗർഭാവസ്ഥയിലുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ചിലരുടെ കണ്ണുകളെ ഈ ചിത്രം ഈറനണിയിച്ചു.