മീ ടൂ ആരോപണങ്ങൾ സിനിമാ ലോകത്തെയടക്കമുള്ള മേഖലകളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മീ ടൂ വുമായി ബന്ധപ്പെട്ട പരാമർശം നടത്തിയ നടി പ്രീതി സിന്റ വെട്ടിലായിരിക്കുകയാണ്.എന്തെങ്കിലും മീ ടൂ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രീതി നൽകിയ മറുപടി വിവാദമായത്. സംഭവം ചർച്ചയായതോടെ തന്റെ അഭിമുഖം വളച്ചൊടിച്ചുവെന്നാണ് നടി ആരോപിക്കുന്നത്.

വലിയൊരു ഇടവേളയ്ക്കു ശേഷം ബോളിവുഡിൽ തിരിച്ചെത്തിയ പ്രീതി,
ബോളിവുഡ് ഹംഗാമയ്ക്ക് താൻ നൽകിയ അഭിമുഖത്തിലാണ് മീ ടുവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മീ ടൂ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല, പക്ഷെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു, കാരണം കുറഞ്ഞപക്ഷം പറയാൻ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ എന്നായിരുന്നു പ്രീതിയുടെ മറുപടി. കൂടാതെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവർ തിരിച്ചും പെരുമാറുക എന്നും പ്രീതി പറഞ്ഞു.

ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടൂവാണ് പ്രീതി സിന്റ ചിരിച്ചു കൊണ്ട് പറഞ്ഞു. ഈ തമാശയാണ് ഏവരേയും ചൊടിപ്പിച്ചത്. ഇതിനെ തുടർന്ന് പ്രീതിക്കെതിരേ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതോട വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. ബോളിവുഡ് ഹംഗാമയ്ക്ക് താൻ നൽകിയ അഭിമുഖത്തിൽ ആണ് മീ ടൂ ക്യാംപെയിനിനെ കുറിച്ചു പറഞ്ഞ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചെന്ന ആരോപണവുമായി നടിയെത്തിയത്.

ട്വിറ്ററിലൂടെയാണ് പ്രീതി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ നിസ്സാരയും ഇൻസെൻസിറ്റിവുമായി കാണിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നും പ്രീതി പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്തു വളച്ചൊടിച്ച് കൊടുത്തതിൽ വളരെ ദുഃഖമുണ്ടെന്നും, അഭിമുഖത്തിനായി എത്തുമ്പോൾ മാധ്യമപ്രവർത്തകനിൽ നിന്നും താൻ കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ പ്രീതി, അന്നേദിവസം താൻ 25 അഭിമുഖങ്ങൾ നൽകിയിരുന്നുവെന്നും എന്നാൽ ബോളിവുഡ് ഹംഗാമ മാത്രമാണ് തന്റെ അഭിമുഖം എഡിറ്റ് ചെയ്ത് നൽകിയതെന്നും, അതിൽ നിരാശയുണ്ടെന്നും ട്വിറ്ററിൽ പറഞ്ഞു.

എന്നാൽ ഈ മറുപടി ആരെയും തൃപ്തിപ്പെടുത്തിയിട്ടില്ല. പ്രീതിയോട് പറഞ്ഞ കാര്യങ്ങൾ തെളിയിക്കാനാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. പ്രീതിയുടെ ആരോപണത്തിൽ ഇതുവരെ ബോളിവുഡ് ഹംഗാമ പ്രതികരിച്ചിട്ടില്ല.തനുശ്രീ ദത്ത നാനാപടേക്കറിനെതിരെ നടത്തിയ പരാമർശങ്ങളോടെയാണ് ബോളിവുഡിൽ മീ ടൂവിനു തുടക്കമായത്. പിന്നീട് സാജിദ് ഖാൻ, വികാസ് ബഹൽ, സുഭാഷ് ഖായി തുടങ്ങിയവർക്കെതിരെ ആരോപണങ്ങളുമായി നിരവധിപ്പേർ രംഗത്തെത്തി.